Begin typing your search above and press return to search.
ഇന്ത്യന്‍ വിനോദ സഞ്ചാരികളെ മാടിവിളിച്ച് ശ്രീലങ്ക; വീസ ഫ്രീ!
കൊവിഡും രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതയും മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഊര്‍ജം പകരാനായി ഇന്ത്യയടക്കം ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ വീസ നല്‍കാന്‍ ശ്രീലങ്ക. ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയില്‍ മുഖ്യപങ്ക് വഹിക്കുന്നത് ടൂറിസം മേഖലയാണ്.
ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്‍ഡോനേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 2024 മാര്‍ച്ച് 31വരെ സൗജന്യ വീസ പദ്ധതി പരീക്ഷണാര്‍ത്ഥം നടപ്പാക്കാനാണ് ശ്രീലങ്കയുടെ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. അതായത്, ഫീസൊന്നും നല്‍കാതെ ഈ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ശ്രീലങ്കന്‍ വീസ സ്വന്തമാക്കാം.
ഇന്ത്യയാണ് മുഖ്യ ലക്ഷ്യം
ശ്രീലങ്കയിലേക്ക് ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികളെത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. കണക്കുകൾ പ്രകാരം ഈ വര്‍ഷം സെപ്റ്റംബറിൽ 30,000 ഇന്ത്യക്കാരാണ് ശ്രീലങ്കയിലെത്തിയത്. മൊത്തം വിദേശ സഞ്ചാരികളുടെ 26 ശതമാനമാണിത്. 8,000 പേരുമായി ചൈനയാണ് രണ്ടാമത്.
ബോംബില്‍ തകര്‍ന്ന ടൂറിസം
2019ലെ ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 270 പേര്‍ കൊല്ലപ്പെട്ടതോടെയാണ് ശ്രീലങ്കന്‍ ടൂറിസത്തിന്റെ തലവര മോശമായത്. തൊട്ടടുത്തവര്‍ഷം കൊവിഡും ആഞ്ഞടിച്ചതോടെ ദ്വീപ് രാഷ്ട്രത്തിന്റെ ടൂറിസം മേഖല അപ്പാടെ തകര്‍ന്നു. പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായത് കനത്ത തിരിച്ചടിയായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലമര്‍ന്ന ശ്രീലങ്കയെ തുടര്‍ന്ന് ഇന്ത്യയാണ് സാമ്പത്തിക സഹായം നല്‍കി കരകയറാന്‍ പിന്തുണച്ചത്.
വലിയ പ്രതീക്ഷ
സൗജന്യ വീസ, നിര്‍ദ്ദിഷ്ട ഇ-ടിക്കറ്റിംഗ് സംവിധാനം എന്നിവ ശ്രീലങ്കയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്‌റി പറഞ്ഞു. ശ്രീലങ്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അതിവേഗം ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ടിക്കറ്റിംഗ്.
ശ്രീലങ്കയുടെ ജി.ഡി.പിയില്‍ 5 ശതമാനം പങ്കാണ് ടൂറിസം മേഖലയ്ക്കുള്ളത്. 2019ല്‍ 25 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ശ്രീലങ്കയിലെത്തിയിരുന്നു. പിന്നീട് കുത്തനെ കുറഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം 50 ലക്ഷം സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗജന്യ വീസ അടക്കമുള്ള വാഗ്ദാനങ്ങള്‍ ശ്രീലങ്ക മുന്നോട്ടുവയ്ക്കുന്നത്.
Next Story
Videos