നിരക്ക് കുറഞ്ഞ വിമാനത്തിൽ വീണ്ടും യാത്ര ചെയ്യാം; പ്രവാസികൾക്ക് ആശ്വാസം
കേരളത്തിൽനിന്നുള്ള തിരക്കേറിയ അന്താരാഷ്ട്രസർവീസുകളിൽ ഒന്നായ കൊളംബോ വിമാനം കൊച്ചിയിൽ നിന്ന് പ്രതിദിന സർവീസ് തുടങ്ങി. ഒന്നരവർഷത്തിനുശേഷമാണ് ശ്രീലങ്കൻ എയർലൈൻസ് ആഴ്ചയിൽ ഏഴ് സർവീസ് കൊച്ചിയിൽനിന്ന് തുടങ്ങുന്നത്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ചെലവുകുറഞ്ഞ യാത്ര നടത്താൻ സൗകര്യമൊരുക്കുന്ന കൊളംബോ സർവീസ് ദിവസവുമുള്ളത് പ്രവാസി മലയാളികൾക്ക് ആശ്വാസമാകും.
ശ്രീലങ്കൻ എയർലൈൻസിന്റെ യുഎൽ 165/166 വിമാനം തിങ്കൾ മുതൽ ശനിവരെ ദിവസവും രാവിലെ 9.45ന് കൊളംബോയിൽ നിന്ന് കൊച്ചിയിലെത്തി 10.45നും, ഞായർ രാവിലെ 8.45ന് എത്തി 9.45 നും മടങ്ങും.
ഇതിനിടയിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം തുടർച്ചയായി മൂന്നാം മാസവും ദേശീയാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം നിലനിർത്തി. ജൂലൈയിൽ 85,395 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലുണ്ടായിരുന്നത്. ആഗസ്തിൽ 1,57,289 പേരും സെപ്തംബറിൽ 1,94,900 പേരും സിയാൽ കൊച്ചി വിമാനത്താവളത്തിലൂടെ കടന്ന് പോയി. ഒക്ടോബറിൽ മറ്റ് അന്താരാഷ്ട്ര സർവീസുകളും കൊച്ചിയിൽനിന്ന് ആരംഭിക്കും.
സെപ്തംബറിൽ രാജ്യാന്തര വിമാനയാത്രക്കാരുടെയും സർവീസുകളുടെയും എണ്ണത്തിൽ വലിയ പുരോഗതി ഉണ്ടായതായി സിയാൽ എം.ഡി. എസ്.സുഹാസ് പറഞ്ഞു. നവംബറോടെ കൊവിഡിന് മുൻപുള്ള സമയത്തെ 70 ശതമാനമെങ്കിലും രാജ്യാന്തര സർവീസുകൾ കൊച്ചിയിൽ നിന്ന് തുടങ്ങാൻ കഴിയും. ചെയർമാന്റേയും ബോർഡിന്റേയും നിർദേശാനുസരണം, കൂടുതൽ രാജ്യാന്തര സർവീസുകൾ കൊച്ചിയിൽ നിന്ന് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായും സുഹാസ് പറഞ്ഞു.