

സോഹോ കോര്‍പ്പറേഷനെ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റുമോ? ഈ ചോദ്യത്തിന് സ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധര്‍ വെമ്പു തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറെ കാലമായി സോഹോയുടെ ഐ.പി.ഒയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ കൂടി ശ്രീധര്‍ വെമ്പു ഇതിന് വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ്. സോഹോ കോര്‍പ്പറേഷനെ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റേണ്ട സമയം കഴിഞ്ഞെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
സമൂഹ്യമാധ്യമമായ എക്‌സിലെ പുതിയ പോസ്റ്റിലാണ് ഇപ്പോള്‍ ശ്രീധര്‍ വെമ്പു ഇതേ കുറിച്ച് തുറന്നു പറയുന്നത്. പബ്ലിക് കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദമില്ലാതെയാണ് മെസേജിംഗ് ആപ്പായ 'അറട്ടൈ' പോലുള്ള സുപ്രധാന പദ്ധതികള്‍ നടപ്പാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
''സോഹോയെ പബ്ലിക് കമ്പനിയാക്കി മാറ്റാന്‍ പലയിടത്തു നിന്നും സമ്മര്‍ദ്ദമുണ്ട് എന്നാല്‍ സത്യം എന്തെന്നാല്‍, സോഹോ ഒരു ലിസ്റ്റഡ് കമ്പനിയായിരുന്നുവെങ്കില്‍, മൂന്ന് മാസത്തിലൊരിക്കല്‍ തുടര്‍ച്ചയായി ലാഭം കാണിക്കേണ്ട അവസ്ഥ വരുമായിരുന്നു. അങ്ങനെയെങ്കില്‍ ഒരിക്കലും 'അറട്ടൈ' പോലൊരു മെസേജിംഗ് ആപ്പ് സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. തുടക്കത്തില്‍ ഒരു 'മണ്ടന്‍' ആശയം പോലെയായിരുന്നു ഈ മെസേജിംഗ് ആപ്പ്. ആളുകള്‍ അത് ഉപയോഗിക്കുമോ എന്ന് സോഹോയുടെ ജീവനക്കാര്‍ പോലും സംശയിച്ചു. എന്നിട്ടും, സോഹോ അത് മുന്നോട്ട് കൊണ്ടുപോയി - ഹ്രസ്വകാല പ്രവര്‍ത്തന ഫലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പൊതു കമ്പനിക്ക് അത് ഒരിക്കലും ചെയ്യാന്‍ കഴിയില്ല.
ഭാരതത്തില്‍ ഇത്തരം എന്‍ജിനീയറിംഗ് കഴിവ് ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നിയതിനാലാണ് ഇത് നിര്‍മ്മിച്ചത്. ഭാരതത്തില്‍ അത്തരം കഴിവുകള്‍ ഇനിയും ഒരുപാട് ആവശ്യമാണെന്നതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു.
കംപൈലറുകള്‍, ഡാറ്റാബേസുകള്‍, OS, സുരക്ഷ, ഹാര്‍ഡ്വെയര്‍, ചിപ്പ് ഡിസൈന്‍, റോബോട്ടിക്‌സ് (AI പരാമര്‍ശിക്കേണ്ടതില്ലല്ലോ) തുടങ്ങി വളരെ അഭിലാഷമുള്ള, ദീര്‍ഘകാലഗവേഷണ-വികസന പദ്ധതികള്‍ സോഹോയില്‍ നടക്കുന്നുണ്ട്. കൂടാതെ, ഉടന്‍ പണം സമ്പാദിക്കാനാകില്ലെന്ന് ഞങ്ങള്‍ക്കറിയാവുന്ന നിരവധി ഗവേഷണ-വികസന പദ്ധതികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
സോഹോ ഒരു വ്യാവസായിക ഗവേഷണ ലാബാണ്, അതിനുള്ള ഫണ്ട് സ്വയം ഉണ്ടാക്കുകയും ചെയ്യുന്നു. പണം നഷ്ടപ്പെടാത്തിടത്തോളം കാലം, ഹ്രസ്വകാല ലാഭത്തെ അവഗണിക്കുകയാണ്.
ഇസ്രായേലിലെ മികച്ച ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ജീവിക്കുന്നതുപോലെ, സ്ഥാപകരും മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും മിതവ്യയത്തോടെ ജീവിക്കുന്ന ഒരു സംസ്‌കാരമാണ് സോഹോയ്ക്കുള്ളത്.
ഞങ്ങളെ സംബന്ധിച്ച് അതാണ് ഭാരതത്തിന്റെ സത്ത. ജപ്പാന്‍ വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങനെയായിരുന്നു പ്രവര്‍ത്തിച്ചത്''. എന്നിങ്ങനെയായിരുന്നു വെമ്പുവിന്റെ വാക്കുകള്‍.
ഇതെല്ലാം വാള്‍ സ്ട്രീറ്റിനോടോ ദലാല്‍ സ്ട്രീറ്റിനോടോ പറയുന്നതാണെന്ന് സങ്കല്‍പ്പിക്കണമെന്നും അവസാനം ചേര്‍ത്തിട്ടുണ്ട്.
തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ഒരു ഉള്‍പ്രദേശമായ മതലംപറൈ ഗ്രാമത്തിലാണ് ശ്രീധര്‍ വെമ്പു സോഹോ കോര്‍പ്പറേഷന് തുടക്കം കുറിക്കുന്നത്. യു.എസിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഗ്രാമത്തിലേക്ക് തിരിച്ചുവന്ന്, പുറത്തു നിന്നുള്ള ഫണ്ടിംഗ് ഒന്നിമില്ലാതെ സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ് (SaaS) കമ്പനിയായ സോഹോ പടുത്തുയര്‍ത്തുന്നത്.
ഇന്ന് സോഹോയുടെ 50 ലധികം ക്ലൗഡ് ബേസ്ഡ് സോഫ്റ്റ് വെയറുകളാണ് 180 ലധികം രാജ്യങ്ങളിലായി 10 കോടിയിലധികം ആളുകള്‍ ഉപയോഗിക്കുന്നത്. മെസേജിംഗ് ആപ്പായ അറട്ടൈ കൂടാത ഇമെയില്‍, എച്ച് ആര്‍, സി.ആര്‍.എം, അക്കൗണ്ടിംഗ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ സോഹോയ്ക്കുണ്ട്.
മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ പലതും വെഞ്ചര്‍ ക്യാപിറ്റലുകളെ ആശ്രയിക്കുമ്പോള്‍ സ്വന്തം വരുമാനവും മറ്റ് മാര്‍ഗങ്ങളും ഉപയോഗിച്ചാണ് സോഹോയുടെ വളര്‍ച്ച. ഇതുകൊണ്ട് തന്നെയാണ് ഹ്രസ്വകാല ലാഭം നോക്കാതെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോകാന്‍ വെമ്പുവിനും അദ്ദേഹത്തിന്റെ ടീമിനും സാധിക്കുന്നത്.
പ്രാദേശികമായ ടാലന്റുകളെ കണ്ടെത്തി അവരെ കൂടെ കൂട്ടുകയാണ് സോഹോ. ഗ്രാമങ്ങളില്‍ ഇതിനായി ട്രെയിനിംഗ് പ്രോഗ്രാമുകളും സ്‌കൂളുകളും നടത്തുന്നു. ലോകോത്തര കമ്പനികള്‍ കെട്ടിപ്പെടുക്കാന്‍ മെട്രോ നഗരങ്ങള്‍ വേണ്ടെന്നും ശരിയായ വിഷനും മൂല്യങ്ങളും ക്ഷമയുമുണ്ടായാല്‍ മതിയെന്നും വെമ്പു തെളിയിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine