വമ്പന്‍ പ്രകൃതിവാതക സംഭരണികള്‍ സ്ഥാപിക്കാന്‍ ഇന്ത്യ; അയല്‍രാജ്യങ്ങള്‍ക്കും നേട്ടമാകും

ഊര്‍ജ്ജ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കരുതല്‍ എണ്ണ (ക്രൂഡോയില്‍) സംഭരണികള്‍ പോലെ വമ്പന്‍ പ്രകൃതിവാതക സംഭരണികളും സ്ഥാപിക്കാന്‍ ഇന്ത്യ. ഇറക്കുമതി ചെയ്യുന്ന വാതകത്തില്‍ 4 ബില്യണ്‍ ക്യുബിക് മീറ്റര്‍ (ബി.സി.എം) വരെ സംഭരിക്കാന്‍ കഴിയുന്ന പ്രകൃതി വാതക സംഭരണി സ്ഥാപിക്കാനാണ് നീക്കം. വിലക്കയറ്റമോ ക്ഷാമമോ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഈ സംഭരണികളില്‍ നിന്നുള്ള വാതകശേഖരം ആഭ്യന്തര വിപണിയില്‍ ഉപയോഗപ്പെടുത്താനാകും. ഇത് വിലസ്ഥിരത ഉറപ്പാക്കാനും സഹായിക്കും.

സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കണം

ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി), ഓയില്‍ ഇന്ത്യ, ഗെയില്‍ എന്നിവയോട് പ്രകൃതി വാതക സംഭരണി നിര്‍മ്മിക്കുന്നതിനുള്ള വിശദമായ സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന സാധ്യതാ റിപ്പോര്‍ട്ടില്‍ ചെലവ് കണക്കാക്കല്‍, സാധ്യതയുള്ള സ്ഥലങ്ങള്‍, നിര്‍മ്മാണ സമയക്രമം, പ്രകൃതി വാതക ശേഖരത്തിന്റെ ബിസിനസ് സാധ്യതകള്‍, സാമ്പത്തിക മാതൃകകള്‍ എന്നിവയുണ്ടാകും.

തന്ത്രപരമോ വാണിജ്യപരമോ ആയ ഒരു മാതൃകയാണോ അതോ ഇവ രണ്ടും കൂടിച്ചേര്‍ന്നതാണോ രാജ്യത്തിന് ഏറ്റവും അനുയോജ്യമെന്ന് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തീരുമാനിക്കും. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന വാതകത്തിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുകയാണ്. സുസ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനും വര്‍ധിച്ചുവരുന്ന വാതക ആവശ്യം നിറവേറ്റുന്നതിനും യൂറോപ്പും ചൈനയും സമാനമായ സംവിധാനം ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ട്.

വാതകം വിതരണത്തിന് സാധ്യത

മുന്‍കാലങ്ങളില്‍ പ്രകൃതി വാതക സംഭരണി നിര്‍മ്മിക്കുന്നത് രാജ്യം പരിഗണിച്ചെങ്കിലും ഉയര്‍ന്ന ചെലവ് മൂലം പദ്ധതി തടസ്സപ്പെട്ടു. എന്നാല്‍ ആഗോളതലത്തില്‍ ഈയടുത്തുണ്ടായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആഗോള വാതക വിപണിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഇതോടെയാണ് ഇന്ത്യ വീണ്ടും ഈ പദ്ധതി മുന്നോട്ട് വച്ചത്. ഇതിന് 8,300-16,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2030 ആകുമ്പോഴേക്കും പ്രകൃതി വാതകത്തിന്റെ വിഹിതം നിലവിലെ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ക്ക് വാതകം വിതരണം ചെയ്യാന്‍ ഈ വാതക സംഭരണ സൗകര്യം ഇന്ത്യയെ ഭാവിയില്‍ പ്രാപ്തമാക്കിയേക്കും.

ഇന്ത്യയുടെ മുന്നിലേക്ക് നിരവധി സാധ്യതകള്‍

പ്രകൃതി വാതക സംഭരണി ഇന്ത്യയില്‍ നിര്‍മിക്കുന്നതോടെ ആഗോള വിപണിയിലെ വിതരണ തടസ്സങ്ങള്‍ ഇന്ത്യയെ കാര്യമായി ബാധിക്കില്ല. ഇത് ഇന്ത്യയുടെ ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കും.ഇത് ഗാര്‍ഹിക വാതക വില സ്ഥിരത കൊണ്ടുവരാന്‍ സഹായിക്കും. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി പ്രകൃതി വാതകത്തെ ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും പദ്ധതി ഏറെ പ്രയോജനപ്പെടും. പ്രകൃതിവാതക സംഭരണിയുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും വിവിധ മേഖലകളില്‍ പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

പ്രകൃതി വാതക സംഭരണി കൈവശം വയ്ക്കുന്നത് ആഗോള ഊര്‍ജ്ജ വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തും. ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയിലേക്കും വികസനത്തിലേക്കും പദ്ധതി സംഭാവന ചെയ്യും. നിലവില്‍ ഇന്ത്യയ്ക്ക് കൂഡോയിലിന്റെ കരുതല്‍ ശേഖരമുണ്ട് (സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്). മംഗലാപുരം, പദൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഈ സംഭരണികള്‍.


Related Articles
Next Story
Videos
Share it