

മലയാളിയായ അരുണ്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സ് വികസിപ്പിച്ചെടുത്ത ആന്റി വൈറല്‍ ഡ്രഗ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഇന്ത്യയില്‍ മരുന്ന് പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഇന്‍ഫഌവന്‍സ ചികിത്സയ്ക്കായി ജപ്പാന്‍ വികസിപ്പിച്ചെടുത്ത മരുന്നിന്റെ ജനറിക് വെര്‍ഷനാണ് സ്‌ട്രൈഡ്‌സ് ഫാര്‍മയുടെ പുതിയ മരുന്ന്. ഈ മരുന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്‌ട്രൈഡ്‌സ് കയറ്റി അയക്കുന്നുമുണ്ട്. സ്‌ട്രൈഡ്‌സിന്റെ ബാംഗ്ലൂര്‍ ഫാക്ടറിയിലാണ് ഈ ഗുളികയുടെ നിര്‍മാണം നടക്കുന്നത്. പ്രതിവര്‍ഷം 600 കോടി ഗുളികകള്‍ നിര്‍മിക്കാനുള്ള സംവിധാനം ഈ ഫാക്ടറിയിലുണ്ട്.
ഫോര്‍ച്യൂണ്‍ ഇന്ത്യ, 2016ല്‍ Indian pharma's maverick thinker എന്നാണ് അരുണ്‍കുമാറിനെ വിശേഷിപ്പിച്ചത്. ഫാര്‍മ വ്യവസായ രംഗത്തെ അതികായനാണ് ഈ മലയാളി. കൊല്ലം കാവനാട് സ്വദേശിയായ അരുണ്‍ കുമാര്‍, ഫാര്‍മ വ്യവസായ രംഗത്തെ ഏറ്റെടുക്കലുകളുടെ തമ്പുരാന്‍ കൂടിയാണ്. ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയുമെല്ലാം നിരവധി കമ്പനികളെ അരുണ്‍ കുമാര്‍ ഏറ്റെടുത്തിട്ടുണ്ട്. വ്യക്തിഗതമായി ഒട്ടനവധി കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഇദ്ദേഹം സ്റ്റാര്‍ട്ടപ്പ് കമ്പനികളിലും നിക്ഷേപിച്ചിട്ടുണ്ട്.
മുംബൈയില്‍ ഒരു മരുന്ന് കമ്പനിയില്‍ ജീവനക്കാരനായി കരിയര്‍ ആരംഭിച്ച അരുണ്‍ കുമാര്‍ മരുന്ന് കമ്പനികള്‍ക്ക് കയറ്റുമതി വിപണി കണ്ടെത്തി കൊടുക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ സാരഥിയായി പടിപടിയായി ഉയര്‍ന്നു. കണ്‍സള്‍ട്ടന്‍സി ജോലിയില്‍ ഒതുങ്ങി നില്‍ക്കാന്‍ താല്‍പ്പര്യപ്പെടാതെ, 1990ല്‍ മുംബൈയിലെ അരുണിന്റെ ഫഌറ്റില്‍ തന്നെയാണ് സ്‌ട്രൈഡ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന പേരില്‍ കമ്പനി തുടങ്ങിയത്.
വിപണിയെ കുറിച്ചുള്ള കൃത്യമായ ധാരണ, ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട്, സുതാര്യമായ പ്രവര്‍ത്തന ശൈലി എന്നിവയെല്ലാം കൊണ്ട് അരുണ്‍ കുമാറും സ്‌ട്രൈഡ്‌സ് ഫാര്‍മയും വളര്‍ച്ചയുടെ പടവുകള്‍ കയറി. ഏറ്റെടുക്കലും ലയനവും അരുണ്‍ കുമാറിന്റെ ബിസിനസിന്റെ ശൈലി തന്നെയാണ്. ഏറ്റവും വരുമാനം ലഭിക്കുന്ന ബിസിനസ് പോലും വിറ്റൊഴിയാന്‍ ധൈര്യം കാണിച്ച വേറിട്ട ചിന്താഗതിക്കാരനാണ് അരുണ്‍ കുമാര്‍. മറ്റു കമ്പനികള്‍ പോകുന്ന വഴിയെ ഒരിക്കലും നടക്കാത്ത ആളാണ് അരുണ്‍ കുമാര്‍. അതുകൊണ്ട് തന്നെ ബിസിനസില്‍ വന്‍ കയറ്റിറക്കങ്ങളും അരുണ്‍ കുമാര്‍ ഇതിനകം കണ്ടിട്ടുമുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine