നെസ്‌ലെ ബേബി ഫുഡിലെ പഞ്ചസാര വിവാദം; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ്

പ്രമുഖ ബേബി ഫുഡ് നിര്‍മാതാക്കളായ നെസ്‌ലെയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). ഇന്ത്യയില്‍ നെസ്‌ലെ വില്‍ക്കുന്ന സെറിലാക്ക് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ത്തത് വിവാദമായതിന് പിന്നലെയാണ് അന്വേഷണം ആരംഭിച്ചത്. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നെസ്‌ലെ കുട്ടികള്‍ക്കുള്ള ഉല്‍പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് വ്യത്യസ്തപ്പെടുത്തിയെന്നായിരുന്നു ആരോപണം.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പഞ്ചസാര തീര്‍ത്തും കുറവായ ഗുണമേന്മ കൂടിയ ഉല്‍പന്നങ്ങളാണ് കമ്പനി വില്‍ക്കുന്നത്. ഇന്ത്യയും ബ്രസീലും അടക്കമുള്ള രാജ്യങ്ങളില്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ച വരുത്തികൊണ്ട് ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ത്ത ഉത്പ്പന്നങ്ങളും. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ അന്വേഷണ ഏജന്‍സിയായ പബ്ലിക് ഐയും ഇന്റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ്‌വർക്കും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു ഈ കണ്ടെത്തല്‍.

മറ്റ് ബ്രാന്‍ഡുകളും പരിശോധിക്കും

നിലവില്‍ എഫ്.എസ്.എസ്.എ.ഐയുടെ സയന്റിഫിക് കമ്മിറ്റി വിഷയം പരിശോധിച്ചുവരികയാണ്. നെസ്‌ലെയ്‌ക്കെതിരെ മാത്രമല്ല കുട്ടികള്‍ക്കായുള്ള ഇത്തരം ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന മറ്റ് ബ്രാന്‍ഡുകളും ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നും എഫ്.എസ്.എസ്.എ.ഐ പരിശോധിക്കും. ഒരു മാസത്തിനികം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് സൂചന. ഇന്ത്യയില്‍ നെസ്‌ലെ വില്‍ക്കുന്ന ബേബി ഫുഡില്‍ പൊരുത്തക്കേടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഉന്നയിച്ച ആശങ്കകള്‍ക്കുള്ള മറുപടിയായാണ് ഈ അന്വേഷണം.

Read also: ഇന്ത്യയില്‍ പഞ്ചസാര ഉയര്‍ന്ന അളവില്‍, യൂറോപ്പിന് ഏറ്റവും മികച്ചതും; നെസ്‌ലെയുടെ ഇരട്ടത്താപ്പ് പുറത്ത്

കുട്ടികള്‍ക്കുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ പഞ്ചസാരയും മധുരവും കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ഉണ്ട്. ഇത് അവഗണിച്ചാണ് ഇന്ത്യയില്‍ അടക്കം പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഉല്‍പന്നങ്ങള്‍ കമ്പനി വില്‍ക്കുന്നത്. 2022ല്‍ ഇന്ത്യയില്‍ 20,000 കോടിയിലധികം രൂപയുടെ സെറിലാക്ക് ഉല്‍പന്നങ്ങളാണ് വിറ്റതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ ഉല്‍പന്നങ്ങളില്‍ പഞ്ചസാര കൂടുന്നത് അമിതവണ്ണത്തിനും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകും. അതേസമയം എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് നെസ്‌ലെ അവകാശപ്പെടുന്നു.

സുഗന്ധവ്യഞ്ജനങ്ങളും പരിശോധിക്കും

രാജ്യത്തുടനീളമുള്ള എം.ഡി.എച്ച്, എവറസ്റ്റ് എന്നിവയുള്‍പ്പെടെ വിവിധ ബ്രാന്‍ഡുകളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ സാമ്പിള്‍ പരിശോധനയും എഫ്.എസ്.എസ്.എ.ഐ ആരംഭിച്ചു. മനുഷ്യ ശരീരത്തിന് ഹാനികരമായ കീടനാശിനിയായ എഥിലീന്‍ ഓക്‌സൈഡിന്റെ അമിത സാന്നധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങള്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ ഇതിനോടകം ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it