Begin typing your search above and press return to search.
ടെലികോം മേഖലയിലെ ഈ വമ്പന്മാര്‍ കൈകോര്‍ക്കുമോ?
ടെലികോം മേഖലയില്‍ 5 ജി യുഗം പിറക്കുകയാണ്. ഒന്നാം നിരയിലെ റിലയന്‍സ് ജിയോയും ഭാര്‍തി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും അതിനായുള്ള ഒരുക്കങ്ങള്‍ തിടുക്കത്തോടെ നടത്തുകയുമാണ്. എന്നാല്‍ രാജ്യത്തെ നിലവിലെ സാമ്പത്തിക ചുറ്റുപാടുകളും അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇവിടെ വേരൂന്നിയ ടെലികോം ഭീമന്മാര്‍ക്ക് കടക്കാനുള്ള കടമ്പകളേറെയാണ്.
എന്നാല്‍ മത്സരം വെടിഞ്ഞ് ഇക്കാര്യത്തില്‍ വമ്പന്മാര്‍ കൈകോര്‍ക്കുമെന്നുള്ള സൂചനകളാണ് ദേശീയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭാര്‍തി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നതും. വോഡഫോണ്‍ ഐഡിയ സിഇഒ നിക്ക് റെഡുമായി സുനില്‍മിത്തല്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഉടന്‍ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായി ചര്‍ച്ച നടത്തിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെലികോം പദ്ധതികള്‍ നടപ്പാക്കുന്നതിലെ വന്‍ചെലവുകള്‍ കുറയ്ക്കുന്നതിന് ഇന്‍ഫ്രാസ്ട്രക്ചര്‍ പങ്കിടല്‍ പോലുള്ള മേഖലകളില്‍ സഹകരിക്കണമെന്ന് മിത്തല്‍ വ്യവസായ രംഗത്തെ ഓര്‍മപ്പെടുത്തുന്നു. എന്നാല്‍ മേഖലയിലെ മുന്‍നിരക്കാര്‍ തമ്മില്‍ ഏതെങ്കിലും കാര്‍ട്ടലൈസേഷന്റെ സാധ്യതയുണ്ടാകില്ല എന്നതും അദ്ദേഹം സൂചിപ്പിച്ചു.
താരിഫ് ചര്‍ച്ചകളോ അത്തരം വിപണി പങ്കിടലോ അസാധ്യമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കുക സാധ്യമാണെന്നാണ് മിത്തല്‍ വെര്‍ച്വല്‍ ബ്രീഫിംഗില്‍ പറഞ്ഞത്.
പൊതു അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിടല്‍, ഗ്രാമപ്രദേശങ്ങളില്‍ നെറ്റ്വര്‍ക്കുകള്‍ നിര്‍മ്മിക്കല്‍, സ്‌പെക്ട്രം, ഫൈബര്‍, സബ്മറൈന്‍ കേബിള്‍, ടവര്‍ പങ്കിടല്‍ എന്നിവ വ്യവസായത്തിന്റെ ഒരുമിച്ചുള്ള മുന്നോട്ട് പോക്കിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആവറേജ് റവന്യു പെര്‍ യൂസര്‍(ARPU) മുകളിലേക്ക് നീങ്ങേണ്ടതുണ്ട്. അത് സമീപഭാവിയില്‍ തന്നെ 200 രൂപ നിരക്കിലേക്ക് നിലനിര്‍ത്തേണ്ടതായി വന്നേക്കുമെന്നും മിത്തല്‍ വ്യക്തമാക്കി.
Next Story
Videos