ഫ്യൂച്ചര്‍ വില്‍പ്പന സുപ്രീം കോടതി തീര്‍പ്പ്‌ അനുസരിച്ച് മാത്രം

കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 340 കോടി ഡോളറിന്റെ മൂല്യമുള്ള ചെറുകിട വ്യാപാര മേഖലയിലെ ആസ്തികള്‍ വില്‍പ്പന സംബന്ധിച്ച ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ അന്തിമ ഉത്തരവ് ഈ വിഷയത്തില്‍ ആമസോണ്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള കേസ്സില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതുവരെ പാടില്ല. തിങ്കളാഴ്ച ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, ബി ആര്‍ ഗവായി എന്നിവരടങ്ങുന്ന സുപ്രീം കോട തിയുടെ ഡിവിഷന്‍ ബഞ്ച് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ദേശീയ കമ്പനി ലോ ട്രിബ്യൂണലിന് അതിന്റെ പരിഗണനയിലുള്ള വിഷയങ്ങളുമായി മുന്നോട്ടു പോകുന്നതിന് തടസ്സമില്ല. എന്നാല്‍ അന്തിമ വിധി പുറപ്പെടുവിക്കരുതെന്നു മാത്രം. ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കത്തില്‍ തല്‍സ്ഥിതി തുടരണമെന്ന ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ആമസോണ്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്. കേസ്സിലെ ബന്ധപ്പെട്ട ബിയാനി അടക്കമുള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. മൂന്നാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കാനാണ് ആവ്യശപ്പെട്ടിട്ടുള്ളത്. നോട്ടീസിന് മറുപടി ലഭിച്ചു കഴിഞ്ഞാല്‍ അഞ്ചാഴ്ചക്കകം ആമസോണിന്റെ അപ്പീലില്‍ വാദം കേല്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടൈല്‍ വ്യാപാര ശൃംഖലയായ ബിഗ്ബസാര്‍ മുകേഷ് അംബാനിയുടെ റീടൈല്‍ കമ്പനിയായ ജിയോ മാര്‍ട് ഏറ്റെടുത്തിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നേരത്തെ നിക്ഷേപം നടത്തിയിരുന്ന ആമസോണ്‍ അംബാനി-ബിയാനി ഇടപാടിന് എതിരെ രംഗത്തു വന്നിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടൈല്‍ വ്യാപാര ശൃംഖലയുടെ ഓഹരികള്‍ വില്‍ക്കുന്ന പക്ഷം അതിന്റെ ആദ്യഅവകാശി ആമസോണ്‍ ആണെന്നാണ് കമ്പനിയുടെ വാദം. ആമസോണിന് താല്‍പര്യമില്ലെങ്കില്‍ മാത്രമേ മറ്റൊരാളുമായി കച്ചവടം പാടുള്ളു എന്നും അവര്‍ അവകാശപ്പെടുന്നു. സിങ്കപ്പൂരിലെ അന്താരഷ്ട്ര ആര്‍ബിട്രേഷന്‍ സെന്റര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആമസോണിന് അനുകൂലമായി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ഫ്യൂച്ചര്‍ ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് ദല്‍ഹി ഹൈക്കോടതി നല്‍കിയത്. ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആമസോണ്‍ സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ളത്.


Related Articles
Next Story
Videos
Share it