ടെലികോം വകുപ്പിന്റെ ഷോക്ക്, കുടിശികയില്‍ കനിയാതെ സുപ്രീംകോടതി; 5ജിയിലേക്ക് കയറാന്‍ നേരത്ത് വോഡഫോണ്‍ ഐഡിയക്ക് പണി പല വഴി

ഓഹരി വിലയില്‍ ഇന്ന് 4 ശതമാനം ഇടിവ്
Vodafone Idea, Vi
Image : myvi.in/vodafone-idea and Canva
Published on

നഷ്ടത്തില്‍ വലയുന്ന വോഡഫോണ്‍ ഐഡിയക്ക് ടെലികോം കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയതിനു പിന്നാലെ സുപ്രീം കോടതിയില്‍ നിന്നും നിരാശ. എ.ജി.ആര്‍ കുടിശികയിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച പരാതി സുപ്രീം കോടതി തള്ളി. ടെലികോം കമ്പനികള്‍ക്ക് മുമ്പിലുണ്ടായിരുന്ന നിയമവഴികള്‍ എല്ലാം ഇതോടെ അടയുകയാണ്. എ.ജി.ആര്‍ കണക്കുകൂട്ടിയതില്‍ ഡി.ഒ.ടിക്ക് പിഴവു സംഭവിച്ചുവെന്നും പുനര്‍നിര്‍ണയിക്കണമെന്നുമായിരുന്നു ടെലികോം കമ്പനികളുടെ ആവശ്യം. എന്നാല്‍ സുപ്രീം കോടതി ഇത് പൂര്‍ണമായും നിരാകരിച്ചു.

ബാങ്ക് ഗ്യാരന്റി ഉടന്‍ വേണം

കനത്ത സാമ്പത്തികനഷ്ടത്തിലായ വോഡഫോണ്‍ ഐഡിയയ്ക്ക് ഇരട്ട പ്രഹരമാണ് ഇത് നല്‍കുന്നത്. സ്‌പെക്ട്രം സ്വന്തമാക്കിയതിനുള്ള 6,090 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി മാര്‍ച്ച് 10നകം സമര്‍പ്പിക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം (DOT) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതായി സി.എന്‍.ബി.സി ആവാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015ന് ശേഷം നേടിയ സ്പെക്ട്രത്തിന്റെ പേയ്മെന്റുകളിലെ ഒറ്റത്തവണ കുറവ് നികത്തുന്നതിനാണ് ഈ ബാങ്ക് ഗ്യാരണ്ടി.

സ്‌പെക്ട്രം പേയ്മെന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകള്‍ വോഡഫോണ്‍ ഐഡിയ തുടര്‍ന്നും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാറിന്റെ ഈ നീക്കം. മുഴുവന്‍ ബാങ്ക് ഗ്യാരണ്ടിയും നല്‍കുന്നതിന് പകരം 5,493 കോടി രൂപ പണമായി അടയ്ക്കാനുള്ള ഓപ്ഷനും വോഡഫോണ്‍ ഐഡിയയ്ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വോഡഫോണ്‍ ഈ ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കേണ്ടി വരും.

മൂന്നാംപാദത്തില്‍ നഷ്ടം 6,609 കോടി

വോഡഫോണ്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലപ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ഡിസംബര്‍ പാദത്തില്‍ വോഡഫോണിന്റെ നഷ്ടം 6,609.3 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷത്തെ 7,175.9 കോടിയുമായി നോക്കുമ്പോള്‍ നേരിയ കുറവുണ്ട്.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 1.7 ശതമാനം ഉയര്‍ന്ന് 11,117.3 കോടിയായി. ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) ഉയര്‍ന്നതാണ് ഇതിന് സഹായകമായത്.

മൂന്നാം പാദത്തില്‍ എ.ആര്‍.പി.യു 173 രൂപയായി. തൊട്ട് മുന്‍ പാദത്തില്‍ ഇത് 166 രൂപയായിരുന്നു. പ്രീമിയം ഉപയോക്താക്കളുടെ എണ്ണം കൂടിയതും വിവിധ ശ്രേണിയിലുള്ള വരിക്കാരെ ലഭിച്ചതുമാണ് കാരണം.

5യിലേക്കുള്ള വഴി മധ്യേ

രാജ്യത്ത് 5 ജി അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള നിര്‍ണായക പ്രഖ്യാപനം അടുത്തിടെ വോഡഫോണ്‍ നടത്തിയിരുന്നു. അടുത്ത മാസം മുംബൈയില്‍ ആയിരിക്കും ആദ്യം അവതരിപ്പിക്കുക എന്നാണ് അറിയുന്നത്.

ഡല്‍ഹി, ബാംഗളൂര്‍, ചണ്ഡീഗഡ്, പാറ്റ്‌ന തുടങ്ങിയ നഗരങ്ങളിലും പിന്നീടുള്ള മാസങ്ങളില്‍ അവതരിപ്പിക്കും. പോക്കറ്റ് കീറാതെ, മറ്റ് കമ്പനികളേക്കാള്‍ 15 ശതമാനം വരെ നിരക്ക് കുറവില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാനാണ് വോഡഫോണ്‍ പദ്ധതിയിടുന്നത്.

വീണുടഞ്ഞ് ഓഹരികള്‍

സുപ്രീം കോടതി കേസ് തള്ളിയ വാര്‍ത്തകള്‍ ഇന്ന് വോഡഫോണ്‍ ഓഹരികളെ നാല് ശതമാനം ഇടിവിലാക്കി. ഓഹരി വില 8.30 രൂപയിലെത്തി. ഭാരതി എയര്‍ടെല്‍ ഓഹരിയും ഇടിവിലാണ്. 0.15 ശതമാനം ഇടിഞ്ഞ് വില 1,711.10 രൂപയിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com