ടെലികോം കമ്പനികളുടെ കുടിശിക 92,000 കോടി: സുപ്രീം കോടതി

ടെലികോം കമ്പനികളുടെ കുടിശിക  92,000 കോടി: സുപ്രീം കോടതി
Published on

ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് കിട്ടേണ്ട 92,000 കോടി രൂപയുടെ നികുതി ഈടാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനു വിഘാതമായി നിന്ന നിയമക്കുരുക്ക് സുപ്രീം കോടതി മാറ്റി. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ടെലികോം കമ്പനികളെ കനത്ത പ്രതിസന്ധിയിലാക്കുന്ന സുപ്രധാന വിധിയാണ് ഇതുമായി ബന്ധപ്പെട്ട് ഇന്നുണ്ടായത്.

സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി ശരിവച്ചു. സേവനങ്ങളില്‍ നിന്നുള്ള വരുമാനം കൂടാതെ ലാഭവിഹിതം, ഹാന്‍ഡ്സെറ്റ് വില്‍പ്പന, വാടക, സ്‌ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള ലാഭം എന്നിവയും ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ (എ.ജി.ആര്‍) ഉള്‍പ്പെടുത്തണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വാദിച്ചിരുന്നു. എന്നാല്‍ കോര്‍ ടെലികോം സേവനങ്ങളില്‍ നിന്ന് എജിആര്‍ പരിമിതപ്പെടുത്തണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്.

2015ലെ ടെലികോം ട്രിബ്യൂണല്‍ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേറ്റര്‍മാര്‍ നിലവില്‍ എജിആര്‍ കണക്കാക്കുന്നത്. ഭാരതി എയര്‍ടെല്‍ ലൈസന്‍സ് ഫീസായി 21,682.13 കോടി രൂപ തരേണ്ടതുണ്ടെന്നും വോഡഫോണ്‍ ഐഡിയയ്ക്ക് 19,823.71 കോടി രൂപയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് 16,456.47 കോടി രൂപയും കുടിശ്ശികയുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ നേരത്തെയുള്ള കണക്കുകള്‍. എ.ജി.ആര്‍ പുനഃക്രമീകിക്കുകയും പലിശ കണക്കാക്കുകയും ചെയ്യുമ്പോള്‍ ഈ തുക ഗണ്യമായി ഉയരും.

സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി ശരി വച്ചതിനെ തുടര്‍ന്ന് ടെലികോം ഓഹരികള്‍ക്ക് കനത്ത നഷ്ടമുണ്ടായി. വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍ 18.40 ശതമാനം ഇടിഞ്ഞ് 4.61 രൂപയിലെത്തി. ഭാരതി എയര്‍ടെല്‍ 8.39 ശതമാനം ഇടിഞ്ഞ് 330.25 രൂപയായി. ആര്‍കോം ഓഹരി വില 2.86 ശതമാനം കുറഞ്ഞ് 0.68 രൂപയിലുമെത്തി.

2016 സെപ്റ്റംബറില്‍ റിലയന്‍സ് ജിയോ രംഗത്തെത്തിയതു മുതല്‍ ടെലികോം വ്യവസായത്തില്‍ രൂക്ഷമായ മത്സരമാണ് നടന്നു കൊണ്ടിരിക്കുന്നത്. ജിയോയുടെ വരവോടെ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com