പെന്റഗണിനെയും പിന്നിലാക്കി സൂറത്തില്‍ വിസ്മയ ഡയമണ്ട് എക്‌സ്‌ചേഞ്ച്; ലോകത്തെ വമ്പന്‍ ഓഫീസ് സമുച്ചയം

ഇന്ത്യയുടെ വജ്രവ്യാപാരത്തെ ഒരു കുടക്കീഴില്‍ എത്തിക്കുന്ന സൂറത്ത് ഡയമണ്ട് ബോഴ്സ് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. സൂറത്തിലെ ഖാജോഡിലാണ് 3,200 കോടി രൂപ ചെലവിട്ട് ഈ ഓഫീസ് സമുച്ചയം പണിതത്.

ലോകത്തിലെ ഏറ്റവും വലുത്

ലോകത്തെ ഏറ്റവും വമ്പന്‍ ഓഫീസ് സമുച്ചയമാണിത്. വലുപ്പത്തില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണിനെ സൂറത്ത് ഡയമണ്ട് ബോഴ്സ് ഓഫീസ് പിന്നിലാക്കി. പെന്റഗണ്‍ 66.75 ലക്ഷം ചതുരശ്ര അടിയും സൂറത്ത് ഡയമണ്ട് ബോഴ്സ് 67.28 ലക്ഷം ചതുരശ്ര അടിയുമാണ്. സൂറത്ത് ഡയമണ്ട് ബോഴ്സ്, എസ്.ഡി.ബി ഡയമണ്ട് ബോഴ്സ് എന്ന കമ്പനി പ്രമോട്ട് ചെയ്യുന്ന സ്ഥാപനമാണ്.

സംവിധാനങ്ങളേറെ

സൂറത്ത് ഡയമണ്ട് ബോഴ്സില്‍ 15 നിലകളുള്ള പരസ്പരബന്ധിതമായ ഒമ്പത് കെട്ടിടങ്ങളാണുള്ളത്. 300 ചതുരശ്ര അടിമുതല്‍ 75,000 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള 4,700 ഓഫീസുകളുണ്ടാകും. ഇപ്പോള്‍ 135 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. 131 എലിവേറ്ററുകള്‍ സ്ഥാപനത്തിലുണ്ട്.

അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനം, സുരക്ഷിത നിലവറകള്‍, 27 ഓളം റീട്ടെയില്‍ ജ്വല്ലറി ഔട്ട്ലെറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഇവിടെയുണ്ടകും. 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൂറത്ത് ഡയമണ്ട് ബോഴ്സ് സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു കുടക്കീഴില്‍

ലോകത്തിലെ വജ്രം മിനുക്കല്‍ ജോലികളുടെ ഭൂരിഭാഗവും നടക്കുന്നത് ഗുജറാത്തിലെ സൂറത്തിലാണ്. അതേസമയം ഇതിന്റെ വ്യാപാരം കൂടുതലും നടക്കുന്നത് മുംബൈയിലും. ഇത്തരത്തില്‍ നടക്കുന്ന വജ്രവ്യാപാരത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് എല്ലാം ഒരേസ്ഥലത്ത് നടത്താനാണ് സൂറത്ത് ഡയമണ്ട് ബോഴ്സ് സ്ഥാപിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it