
ചൈന റെയര്‍ എര്‍ത്ത് മെറ്റല്‍സിന്റെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതു മൂലം പാര്‍ട്‌സുകള്‍ ലഭ്യമാകാതെ വന്നതിനാല്‍ സ്വിഫ്റ്റിന്റെ കോംപാക്ട് കാറിന്റെ നിര്‍മാണം നിര്‍ത്തിവച്ച് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍സ്. ചൈന നീക്കത്തിന്റെ ആദ്യ തിരിച്ചടി നേരിടുന്ന കമ്പനിയായി ഇതോടെ സുസുക്കി മോട്ടോര്‍ മാറിയതായി നിക്കീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഹന നിര്‍മാണ മേഖലയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്. സ്വിഫ്റ്റിന്റെ സ്‌പോര്‍ട്‌സ് മോഡല്‍ ഒഴികെയുള്ളവയുടെ ഉത്പാദനം മേയ് 26 മുതല്‍ തടസപ്പെട്ടതായാണ് സൂചന. ജൂണ്‍ ആറ് വരെ ഉത്പാദനം നടക്കില്ല എന്നാണ് അറിയുന്നത്. സുസുക്കി ഇതിന്റെ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ചൈന എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് അനുവദിക്കുന്നതില്‍ വന്ന കാലതാമസം മൂലം പാര്‍ട്‌സുകളുടെ ഇറക്കുമതിയില്‍ താമസമുണ്ടായതാണ് കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏപ്രില്‍ മുതലാണ് വാഹന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന റെയര്‍ മെറ്റല്‍സിന്റെ ഇറക്കുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവില്‍ ലോകത്ത് 70 ശതമാനം റെയര്‍ മെറ്റല്‍ ഉത്പാദനവും നടക്കുന്നത് ചൈനയിലാണ്. റെയര്‍ എര്‍ത്ത് മാഗ്നറ്റിന്റെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നതും ചൈനയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ന്ന തതുല്യ ചുങ്കം ഏര്‍പ്പെടുത്തിയതിന്റെ മറുപടിയായാണ് ഏഴ് റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഈ ചൈന നീക്കം. സെമിയം, ഗഡോലിനിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം, ലുട്ടൂഷ്യം, സ്‌കാന്‍ഡിയം, യട്രിയം എന്നിവയുടെ കയറ്റുമതിയാണ് നിയന്ത്രിച്ചിരിക്കുന്നത്.
ആഗോള കാര്‍ വിപിണയെ താറുമാറാക്കാന്‍ ഈ നീക്കം വഴിയൊരുക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റെയര്‍ എര്‍ത്ത് മെറ്റല്‍സിലുള്ള ചൈനയുടെ അപ്രമാദിത്വം തന്നെ കാരണം. ഇലക്ട്രിക് വാഹനങ്ങളിലും ഹൈബ്രിഡ് വാഹനങ്ങളിലും അടക്കം അത്യാന്താപേക്ഷിതമാണ് റെയര്‍ എര്‍ത്ത് മാഗ്നെറ്റ്‌സ്.
ജപ്പാനില്‍ മാത്രമല്ല ചൈനയുടെ നീക്കം പ്രശ്‌നമുണ്ടാക്കുന്നത്. ഫോഡ് യു.എസിലെ എക്‌സ്‌പ്ലോറര്‍ എസ്.യു.വിയുടെ നിര്‍മാണം ഏതാണ്ട് നിര്‍ത്തിവച്ചിപിക്കുകയാണ്. യൂറോപ്പിലെ പാര്‍ട്ട് സപ്ലൈയര്‍മാരും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയാണെന്ന് യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് ഓട്ടോമോട്ടീവ് സപ്ലയേഴ്‌സ് (CLEPA) പറയുന്നു.
മെഴ്‌സിഡീസ് ബെന്‍സും വിതരണക്കാരുമായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട ഭാഗങ്ങള്‍ മുന്‍കൂട്ടി സംഭരിക്കാനുള്ള ശ്രമത്തിലാണ്. അധിക സ്റ്റോക്ക് ഉണ്ടങ്കില്‍ പ്രതിസന്ധി നേരിടാനാനാകുമെന്ന പ്രതീക്ഷയിലാണിത്.
വിതരണ ശൃംഖലകളെ ഇതിനോടകം തന്നെ പ്രതിസന്ധി ബാധിച്ചതായി ബി.എം.ഡബ്ല്യുവും വെളിപ്പെടുത്തുന്നു. വലിയ പ്രത്യാഘാതങ്ങള്‍ തടയാനായി വെണ്ടര്‍മാരുമായി ഏകോപനം നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
ഇന്ത്യയിലും ഈ ആഴ്ച തന്നെ വാഹന നിര്‍മാതാക്കള്‍ വലിയ പ്രതിസന്ധി നേരിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം), ഓട്ടോമോട്ടീവ് കോംപണന്റ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ACMA) എന്നിവയുടെ നേതൃത്വത്തില്‍ ഉന്നതതല പ്രതിനിധി സംഘം ബീയ്ജിംഗിലേക്ക് പോകുന്നുണ്ട്. ചൈനയുമായി സംസാരിച്ച് പ്രശ്‌നത്തിനൊരു പരിഹാരം കാണുകയാണ് ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine