മെട്രോ നഗരങ്ങളിലെ ജിനി സേവനം താല്‍ക്കാലികമായി നിര്‍ത്തലാക്കി സ്വിഗ്ഗി
പ്രധാന മെട്രോകളിലുടനീളം സ്വിഗ്ഗി അതിന്റെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സേവനമായ ജിനി താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. വിതരണ തൊഴിലാളികളുടെ കുറവാണ് ഈ സേവനം താല്‍ക്കാലികമായി സ്വിഗ്ഗി നിര്‍ത്തലാക്കാന്‍ കാരണം. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ സ്വിഗ്ഗി ജിനി സേവനങ്ങളെ ഇത് ബാധിച്ചു. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ ഏഴ് ദിവസമായി ഇവിടങ്ങളില്‍ ജിനിയുടെ സേവനം ലഭ്യമല്ല.
വര്‍ധിച്ചുവരുന്ന ഇന്ധന വിലയും പണപ്പെരുപ്പവും കാരണം പല ഭക്ഷണ, പലചരക്ക് വിതരണ കമ്പനികള്‍ക്കും അവരുടെ റൈഡര്‍മാരുടെ വേതനം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതാണ് വിതരണ തൊഴിലാളികളുടെ കുറവിന് കാരണം.
അതിനിടെ ഡെലിവറി എക്‌സിക്യൂട്ടീവുകളെ ഒരു നിശ്ചിത ശമ്പളവും അധിക ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന മുഴുവന്‍ സമയ, മാനേജര്‍ തലത്തിലുള്ള ജോലികളിലേക്ക് മാറ്റുന്നതിനായി സ്വിഗ്ഗി ഏപ്രില്‍ 25ന് ഒരു പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. 'സ്റ്റെപ്പ്-എഹെഡ്' എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിലൂടെ 20 ശതമാനം ഡെലിവറി എക്‌സിക്യൂട്ടീവുകളെ മാനേജര്‍ തലത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സ്വിഗ്ഗിക്ക് രാജ്യത്തുടനീളം 270,000 ഡെലിവറി പങ്കാളികളുണ്ട്.