സിന്തൈറ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് പോള്‍ അന്തരിച്ചു

സിന്തൈറ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍   ജോര്‍ജ് പോള്‍ അന്തരിച്ചു
Published on

സിന്തൈറ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാനും ഓര്‍ത്തഡോക്‌സ് സഭ അല്‍മായ ട്രസ്റ്റിയുമായ ജോര്‍ജ് പോള്‍ കൊച്ചിയില്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. സംസ്‌കാരം പിന്നീട്.

വ്യവസായ പ്രമുഖനെന്നതിനു പുറമേ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ നേതാവ്, സാമൂഹിക സേവകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് ജോര്‍ജ് പോള്‍. സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നു സത്തെടുത്ത്  മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് ലോകമാകെ വിപണനം ചെയ്യുന്ന സിന്തൈറ്റ് ഗ്രൂപ്പിന്റെ അമരക്കാരിലൊരാളാണ് .  

കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കായി  മെഡിക്കല്‍ കോളജ് തുടങ്ങാന്‍ മുന്നിട്ടിറങ്ങിയ ജോര്‍ജ് പോള്‍ പിന്നീട് സ്വാശ്രയ സ്ഥാപനങ്ങളുടെ ശക്തനായ വക്താവായും മാറി. ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ കോര്‍ഡിനേറ്റര്‍, സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ച വച്ചു.

വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അദ്ദേഹം  കുസാറ്റ് സിന്‍ഡിക്കറ്റിലും  കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായി.കെ.എം.എ യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഡല്‍ഹി സെന്റ് മേരീസ് എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍, കൊച്ചി വിദ്യോദയ സ്‌കൂള്‍ ട്രഷറര്‍, കൊച്ചി ഗ്ലോബല്‍ അക്കാദമി ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍, കുഫോസ് ഇന്‍ഡസ്ട്രിയല്‍ അഡൈ്വസറി വൈസ് ചെയര്‍മാന്‍,ചങ്ങനാശ്ശേരിയിലെ എസ്.ബി. കോളജിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഉപദേശകസമിതി അംഗം, ബോംബെ ഇന്ദിരാ ഇന്‍സ്റ്റിറ്റൂഷന്‍ ഓഫ് ബിസിനസ്സ് മാനേജ്‌മെന്റ് ഗവേണിംഗ് ബോര്‍ഡ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തിലുള്ള കളമശേരിയിലെ  ഇന്റര്‍നാഷണല്‍ സെന്ററിന്റെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു.പീരുമേട്ടിലെ സഭ വക എന്‍ജിനീയറിംഗ് കോളജ് സ്ഥാപിക്കുന്നതിലും മുഖ്യ പങ്കു വഹിച്ചു.

കാലത്തിന്റെ ചുവരെഴുത്തു വായിച്ച ധിഷണാശാലി

'മികവിന്റെ ഉന്നത പടവുകള്‍ കീഴടക്കാന്‍ കുറുക്കുവഴികള്‍ അന്വേഷിച്ചിട്ടു കാര്യമില്ല'-രാജ്യാന്തര വിപണിയില്‍ വിജയിക്കാന്‍ വേണ്ടി പിറവിയെടുത്തൊരു പ്രസ്ഥാനമെന്ന ഖ്യാതി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കിയതെങ്ങനെയെന്ന് 'ധന' ത്തോടു വ്യക്തമാക്കിയ 2016 ഒക്ടോബറിലെ അഭിമുഖത്തില്‍ അന്നു മാനേജിംഗ് ഡയറക്ടറായിരുന്ന ജോര്‍ജ് പോള്‍ ചൂണ്ടിക്കാട്ടി.

കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ട്  ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ കമ്പനിക്കുവേണ്ടി സ്വായത്തമാക്കാനും ഉദാരവല്‍ക്കരണത്തിന്റെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്താനും സദാ മനസ്സിരുത്തിയ മാനേജ്‌മെന്റ് ശൈലിയായിരുന്നു ജോര്‍ജ് പോളിന്റേത്. 'ഒരു സംരംഭത്തെ വളര്‍ത്താനും എന്നും മുന്‍നിരയില്‍ തന്നെ നിലനിര്‍ത്താനും മൗലികമായ ചില പ്രമാണങ്ങളുണ്ട്. അതു തന്നെയാണ് സിന്തൈറ്റും പിന്തുടരുന്നത്.' ചെലവ് പരമാവധി കുറച്ചുനിര്‍ത്തിയുള്ള വിഭവങ്ങളുടെ പരമാവധി ശേഷിവിനിയോഗത്തോടൊപ്പം സുസ്ഥിരമായ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നതും പരമപ്രധാനമാണെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കമ്പനികളുമായി സിന്തൈറ്റ് കൈകോര്‍ക്കാന്‍ ജോര്‍ജ് പോള്‍  ഫലപ്രദമായ നടപടികളെടുത്തു.

അധികാര വികേന്ദ്രീകരണത്തിലൂന്നിയ ഭരണത്തിലൂടെയാണ് ജോര്‍ജ് പോള്‍ സിന്തൈറ്റില്‍ നുറു മേനി വിളവുണ്ടാക്കിയത്. ജീവനക്കാരുടെ സംതൃപ്തിക്കു പരമപ്രാധാന്യം നല്‍കിപ്പോന്നു അദ്ദേഹം. സംരംഭക കുടുംബങ്ങള്‍ക്കു മാതൃകയാക്കാവുന്ന കുടുംബ ഭരണഘടന സിന്തൈറ്റില്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. കേരളത്തില്‍ ബിസിനസ് മേഖലയെ തളര്‍ത്തുന്ന രണ്ടു ഘടകങ്ങളെപ്പറ്റിയാണദ്ദേഹം  'ധന' ത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമായും ഉത്ക്കണ്ഠ പ്രകടമാക്കിയത്് -പണിമുടക്ക്, നോക്കുകൂലി.

കിച്ചണ്‍ ട്രഷേഴ്സ് കറിമസാല, നെക്കോള്‍, നാറ്റ് എക്സ്ട്ര,സ്പ്രിഗ് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ സിന്തൈറ്റ് ഗ്രൂപ്പിന്റേതാണ്. സുഗന്ധവ്യഞ്ജന സത്തുകളുടെ കയറ്റുമതിയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സ്ഥാപനമാണിപ്പോള്‍ സിന്തൈറ്റ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com