പാലിന് സസ്യാധിഷ്ഠിത ബദലുമായി സിന്തൈറ്റിന്റെ 'പി ഫുഡ്സ്'

'പി ഫുഡ്സ്' (Pfoods) എന്ന ഫുഡ്ടെക് കമ്പനിയിലൂടെ സസ്യാധിഷ്ഠിത പോഷകങ്ങളുടെയും സസ്യ പ്രോട്ടീനുകളുടെയും ഉല്‍പാദന, വിപണന രംഗത്തേക്ക് കടന്ന് സിന്തൈറ്റ്. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങള്‍, ഒലിയോറെസിന്‍സ് തുടങ്ങിയവയുടെ നിർമാണ കമ്പനിയാണ് സിന്തൈറ്റ്. അമേരിക്കന്‍ കമ്പനി പിമെഡ്‌സും ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് 'പി ഫുഡ്സ്'.

ജസ്റ്റ് പ്ലാന്റസും പ്ലോട്ടീനും

കമ്പനി പുതുതായി വികസിപ്പിച്ചെടുത്ത പാലിനു പകരമുള്ള സസ്യാധിഷ്ഠിത ഉല്‍പ്പന്നം 'ജസ്റ്റ് പ്ലാന്റസ്' (Just Plants) എന്ന ബ്രാന്‍ഡിലും പ്രോട്ടീന്‍ ഹെല്‍ത്ത് ഡ്രിങ്ക് പൗഡര്‍ 'പ്ലോട്ടീന്‍' (Plotein) എന്ന ബ്രാന്‍ഡിലും വിപണിയിലെത്തി. ചായ, കാപ്പി, ഹോട്ട് ചോക്ളേറ്റ് എന്നിവയില്‍ പാലിനു പകരമുപയോഗിക്കാവുന്ന ഓന്നാണ് ജസ്റ്റ് പ്ലാന്റ്സ്. ആന്റിബയോടിക്സ്, കൊളസ്ടോള്‍, ലാക്റ്റോസ്, മൃഗക്കൊഴുപ്പ് എന്നിവയടങ്ങിയിട്ടില്ലാത്ത ഈ ഉല്‍പ്പന്നം ആരോഗ്യദായകമാണെന്ന് കമ്പനി അവകാശപ്പെടുന്നു. കാല്‍ഷ്യം, വൈറ്റമിന്‍ ഡി, ബി12 എന്നിവ ചേര്‍ത്ത് ജസ്റ്റ് പ്ലാന്റസ് സമ്പുഷ്ടമാക്കിയിട്ടുണ്ടെന്നും പിഫുഡ്സ് ഡയറക്ടര്‍ ജോ ഫെന്‍ പറഞ്ഞു.


ഒരു ലിറ്ററിന്റെയും 200 മില്ലി ലിറ്ററിന്റെയും ടെട്രാ പാക്കുകളില്‍ ഈ ഉല്‍പ്പന്നം ലഭ്യമാണ്. വീഗന്‍ ബേക്കിംഗിനും വീഗന്‍ ഡെസേര്‍ട്ടുകള്‍ക്കും ഇതുപയോഗിക്കാം.പയറിലും പരിപ്പിലും അടങ്ങിയിട്ടുള്ള ഒമ്പത് തരം അമിനോ ആസിഡുകള്‍ ഒന്നിച്ചു ലഭ്യമാകുന്ന സസ്യപോഷക മിശ്രിതമാണ് 'പ്ലോട്ടീന്‍'. റെഡി റ്റു ഡ്രിങ്ക് വീഗന്‍ പ്രോട്ടീന്‍ ഷേക്കിലടക്കം ഇതുപയോഗിക്കാം. പ്ലോട്ടീന്‍ 15 ഗ്രാമിന്റെ സാഷേകളിലായാണ് വിപണിയലെത്തിയിരിക്കുന്നത്.

ആരോഗ്യപ്രദം പരിസ്ഥിതി സൗഹൃദം

പാലിനും മറ്റ് പാലുല്‍പ്പന്നങ്ങള്‍ക്കും പകരം വെയ്ക്കാവുന്ന കൂടുതല്‍ ആരോഗ്യപ്രദവും പരിസ്ഥിതി സൗഹൃദവും രുചികരവും ഉല്‍പ്പാദനച്ചെലവു കുറഞ്ഞതുമായ സസ്യാധിഷ്ഠിത ബദലുകള്‍ വികസിപ്പിക്കുകയാണ് പി ഫുഡ്‌സിന്റെ പ്രധാന ലക്ഷ്യമെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ വിജു ജേക്കബ് പറഞ്ഞു. സംരംഭത്തിനാവശ്യമായ മുഴുവന്‍ ചേരുവകളും ഇന്ത്യയില്‍ നിന്ന് തന്നെ കണ്ടെത്തുമെന്ന് സിന്തൈറ്റ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ് പറഞ്ഞു.

ഓഫീസുകളില്‍ സ്ഥാപിച്ചിരിക്കുന്ന വെന്‍ഡിംഗ് മെഷീനിലൂടെ ചായയും കാപ്പിയും വിതരണം ചെയ്യുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങളെയാണ് സംരംഭം പ്രധാനമായും ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ആമസോണിലും ബിഗ് ബാസക്റ്റിലുമാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുക. ബാംഗ്ലൂരിലെ മാളുകളിലും ഉല്‍പ്പന്നങ്ങളെത്തിയിട്ടുണ്ട്.

Related Articles
Next Story
Videos
Share it