താജ് ഹോട്ടല്‍സ് ഗ്രൂപ്പിന്റെ 15 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
ടാറ്റയുടെ ഉടമസ്ഥതയിലുള്ള താജ് ഹോട്ടല്‍സ് ഗ്രൂപ്പിന്റെ 15 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ വിലാസങ്ങള്‍, അംഗത്വ ഐ.ഡികള്‍, മൊബൈല്‍ നമ്പറുകള്‍, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗ്രൂപ്പിന് പതിനൊന്ന് രാജ്യങ്ങളിലായി 193 പ്രോപ്പര്‍ട്ടികളുണ്ട്.
മോചനദ്രവ്യം ആവശ്യപ്പെട്ടു
വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ 'Dnacookies' എന്ന വെബ്‌സൈറ്റ് ഹാന്‍ഡിലില്‍ നിന്ന് മോചനദ്രവ്യമായി 5,000 ഡോളര്‍ (ഏകദേശം 4.16 ലക്ഷം രൂപ) ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചോര്‍ത്തിയ ഡേറ്റയില്‍ 2014-2020 കാലഘട്ടത്തിലെ വിവരങ്ങളുണ്ടെന്നും ഇതുവരെ അവ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഹാക്കര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ചര്‍ച്ച ചെയ്യാന്‍ മുന്നോട്ടുവന്നാല്‍ ഒരു ഇടനിലക്കാരന്‍ ഉണ്ടായിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അന്വേഷണം ആരംഭിച്ചതായി കമ്പനി
കമ്പനി ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രശ്‌നം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ (IHCL) വക്താവ് പറഞ്ഞു. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് (CERT-In) ഈ ഡേറ്റാ ലംഘനത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.