
ടാറ്റ ടീയുടെ നിര്‍മാതാക്കളായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് 3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കുന്നു. ക്യാപിറ്റല്‍ ഫുഡ്‌സ്, ഓര്‍ഗാനിക് ഇന്ത്യ എന്നീ കമ്പനിളെ ഏറ്റെടുക്കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതി തേടിയതിന് പിന്നാലെയാണ് കമ്പനി അവകാശ ഓഹരികളിറക്കി പണം സമാഹരിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഇരു കമ്പനികളെയും ഏറ്റെടുക്കാനായി 7,000 കോടി രൂപയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ചെലവഴിക്കുന്നത്.
ചിംങ്സ് സീക്രട്ട്, സ്മിത്ത് ആന്‍ഡ് ജോണ്‍സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചിട്ടുള്ള കമ്പനിയാണ് ക്യാപിറ്റല്‍ ഫുഡ്സ്. 5,100 കോടി രൂപ എന്റര്‍പ്രൈസ് മൂല്യം കണക്കാക്കിയാണ് ഇടപാട്. ഘട്ടംഘട്ടമായാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. മാര്‍ച്ച് ഒന്നിന് മുന്‍പ് 75 ശതമാനം ഓഹരി ഏറ്റെടുക്കും. ബാക്കി 25 ശതമാനം അടുത്ത മൂന്ന് വര്‍ഷത്തിനകവുമായിരിക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
സാന്നിധ്യം വിപുലപ്പെടുത്താന്‍
ഓര്‍ഗാനിക് ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ 1,900 കോടി രൂപയാണ് ടാറ്റ കണ്‍സ്യൂമര്‍ മുടക്കുന്നത്. ഇതുകൂടാതെ 2026 സാമ്പത്തിക വര്‍ഷത്തിലെ ഓഹരി വരുമാനത്തിന്റെ വിഹിതവും നല്‍കണം. 360-370 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാണ് ഓര്‍ഗാനിക് ഇന്ത്യ.
ക്യാപിറ്റല്‍ ഫുഡ്സ് സ്വന്തമാക്കാനായി നെസ്‌ലെയും ഐ.ടി.സിയും രംഗത്തുള്ളതായും വാര്‍ത്തകളുണ്ടായിരുന്നു. 770 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാണ് ക്യാപിറ്റല്‍ ഫുഡ്സ്.
ഉപ്പ്, തേയില, ധാന്യങ്ങള്‍ എന്നിവയ്ക്ക് മേലെ കൂടുതല്‍ ഉത്പന്നങ്ങളിലേക്ക് കടക്കാന്‍ ടാറ്റ കണ്‍സ്യൂമറിന് പുതിയ ഏറ്റെടുക്കലിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ടാറ്റ കണ്‍സ്യൂമറിന് 39 ലക്ഷം ഔട്ട്‌ലെറ്റുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 15 ലക്ഷവും കമ്പനി നേരിട്ട് നടത്തുന്നത്. ക്യാപിറ്റല്‍ ഫുഡ്‌സിന് 40,000 ഔട്ട്‌ലെറ്റുകളും ഓര്‍ഗാനിക് ഇന്ത്യക്ക് 24,000 ഔട്ട്‌ലെറ്റുകളുമുണ്ട്. ഏറ്റെടുക്കലിന് ശേഷം വിതരണം കൂടുതല്‍ ശക്തമാക്കാന്‍ ഇത് സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine