ടാറ്റ ഡിജിറ്റലിന്റെ നഷ്ടം 3051.89 കോടി

2021-22 സാമ്പത്തിക വര്‍ഷം ടാറ്റ ഡിജിറ്റലിന്റെ (Tata Digital) നഷ്ടം 3,051.89 കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം ഉയര്‍ന്നത് ആറിരട്ടിയോളം ആണ്. 536.75 കോടി രൂപയായിരുന്നു 2020-21ലെ നഷ്ടം. ടാറ്റയുടെ ഡിജിറ്റല്‍ ബിസിനസുകളെല്ലാം ഇപ്പോള്‍ നിയന്ത്രിക്കുന്നത് ടാറ്റ ഡിജിറ്റലാണ്.

അതേ സമയം വരുമാനം 10,663.73 കോടി രൂപ ഉയര്‍ന്ന് 15,979 കോടിയിലെത്തി. ഇക്കാലയളവില്‍ ചെലവ് 200 ശതമാനം വര്‍ധിച്ച് 19,316.3 കോടി രൂപയായി. അതില്‍ 1419.26 കോടി രൂപയാണ് കമ്പനി ജീവനക്കാര്‍ക്കായി ചെലവഴിച്ചത്. നഷ്ടമായി കാണുന്നില്ലെന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള നിക്ഷേപമാണിതെന്നുമാണ് നഷ്ടത്തോട് കമ്പനി അധികൃതര്‍ പ്രതികരിച്ചത്.

ഒരു വര്‍ഷം മുമ്പ് ടാറ്റ ഡിജിറ്റലിന് കീഴിലാണ് ടാറ്റന്യൂ (Tata Neu) എന്ന സൂപ്പര്‍ ആപ്പ് അവതരിപ്പിച്ചത്. 50 ദശലക്ഷത്തോളം ഉപഭോക്താക്കളെയാണ് ഇക്കാലയളവില്‍ ടാറ്റ ന്യൂ നേടിയത്. ഐഎന്‍സി42ന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2022ലെ ഫെസ്റ്റിവല്‍ സീസണില്‍ ടാറ്റന്യൂ 5.2 ബില്യണ്‍ ഡോളറിന്റെ ഇടപാട് നടത്തിയിരുന്നു. ആഭരണ ബ്രാന്‍ഡായ തനിഷ്‌ക്, ടൈറ്റന്‍ കമ്പനി എന്നിവയും ടാറ്റന്യൂവിന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ഇത് വരും വര്‍ഷങ്ങളില്‍ കമ്പനിയുടെ വരുമാനം ഉയര്‍ത്തും.

ടാറ്റ യുണിസ്റ്റോര്‍ (ടാറ്റ ക്ലിക്ക്), ക്രോമ, ബിഗ്ബാസ്‌കറ്റ്, ക്യുവര്‍ ഫിറ്റ്, ഗ്രാമീണ്‍ ഇസ്റ്റോര്‍, 1എംജി, ആക്‌സെസ്‌ബെല്‍, ഉര്‍ജ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ടാറ്റ ഡിജിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അടുത്തിടെ കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം 15000 കോടിയില്‍ നിന്ന് 20,000 കോടിയായി ടാറ്റ ഡിജിറ്റല്‍ ഉയര്‍ത്തിയിരുന്നു. നഷ്ടം മറികടക്കുന്നതിന്റെ ഭാഗമായി ടാറ്റ സണ്‍സില്‍ നിന്ന് 3,462 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്.

Related Articles
Next Story
Videos
Share it