Begin typing your search above and press return to search.
ടാറ്റാ എല്‍ക്സിയുടെ പുതിയ സാങ്കേതിക വികസന കേന്ദ്രം വരുന്നു, അതും കോഴിക്കോട്ട്
പ്രമുഖ ഡിസൈന്‍-ടെക്നോളജി സേവന ദാതാക്കളായ ടാറ്റാ എല്‍ക്സി സംസ്ഥാനത്തെ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ടാറ്റാ എല്‍ക്സിയുടെ പുതിയ സാങ്കേതിക വികസന കേന്ദ്രം കോഴിക്കോട് ആരംഭിക്കും. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കിലാണ് കമ്പനിയുടെ പുതിയ കേന്ദ്രം വരുന്നത്. ഇവി (ഇലക്ട്രോണിക് വെഹിക്കിള്‍), കണക്റ്റഡ് കാര്‍, ഒടിടി, 5ജി, ഡിജിറ്റല്‍ സാങ്കേതിക വിദ്യ എന്നിവയുടെ ഉല്‍പ്പന്ന വികസന സൗകര്യങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യകള്‍, സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മകള്‍ എന്നിവയ്ക്കും വേദിയൊരുക്കുന്നതാകും പുതിയ കേന്ദ്രം.
''സാങ്കേതികവിദ്യ, ഡിജിറ്റല്‍, നെക്സ്റ്റ്-ജെന്‍ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് എന്നിവയില്‍ പ്രവര്‍ത്തിക്കാനും കഴിവ് തെളിയിക്കാനും ആഗ്രഹിക്കുന്ന പ്രതിഭകള്‍ക്കുവേണ്ടിയുള്ള കമ്പനിയാണ് ടാറ്റ എല്‍ക്സി. കമ്പനിയുടെ കേരളത്തിലെ വിപുലീകരണത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കോഴിക്കോട് പുതിയ തൊഴിലവസരങ്ങളും സാങ്കേതിക അവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടുകയും ചെയ്യും. തിരുവനന്തപുരത്ത് ആദ്യമായി സ്ഥാപിതമായ ടെക്നോളജി കമ്പനികളിലൊന്നാണ് ടാറ്റ എല്‍ക്സി. അവരുടെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കുന്നതോടൊപ്പം ധാരാളം ആഗോള കമ്പനികള്‍ക്കും സാങ്കേതിക പ്രതിഭകളെയും തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കാനും കമ്പനിക്ക് സാധിച്ചു. എല്‍ക്‌സിയുടെ കടന്നുവരവോടെ കോഴിക്കോടും ടെക് മേഖലയില്‍ സമാനമായ ഉത്തേജനമുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'' ഐടി അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാനാഥ് സിന്‍ഹ ഐ.എ.എസ് പറഞ്ഞു.
'പ്രാദേശികമായുള്ള തൊഴിലവസരങ്ങളുടെ അഭാവംമൂലം കോഴിക്കോടും വടക്കന്‍ കേരളത്തിലുമുള്ള എഞ്ചിനീയറിംഗ്, ടെക്‌നോളജി ബിരുദധാരികളുടെ ഒരു വലിയ കൂട്ടം ലോകത്തിന്റെ മറ്റ് പല കോണുകളിലും രാജ്യത്തെ തന്നെ മറ്റ് ഭാഗങ്ങളിലുമാണ് ജോലി ചെയ്യുന്നത്. കോഴിക്കോട് പുതിയ കേന്ദ്രം ആരംഭിക്കുന്നതുവഴി ആകര്‍ഷകമായ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതും രാജ്യാന്തര തലത്തില്‍ അവരുടെ മികവുകള്‍ തുറന്നു കാണിക്കാന്‍ ഉതകുന്നതുമായ ഒരു കരിയര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവിടെ നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.' ടാറ്റാ എഎല്‍ക്സിയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായ മനോജ് രാഘവന്‍ പറഞ്ഞു.
കേഴിക്കോട്ടെ ടാറ്റാ എല്‍ക്സിയുടെ പുതിയ സാങ്കേതിക വികസന കേന്ദ്രത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഈ മാസം 17, 18 തീയതികളിലായാണ് നടക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ വരും.
Next Story
Videos