മോദിക്കു മുമ്പില്‍ മാത്രമല്ല, പ്രായം മാറി നില്‍ക്കും ചന്ദ്രശേഖരനു മുന്നിലും! ടാറ്റ മൂന്നാമതും കാലാവധി നീട്ടുന്നത് എന്തുകൊണ്ട്?

ചന്ദ്രശേഖരനു കീഴില്‍ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം ഇരട്ടിച്ചുവെന്നാണ് കണക്കുകള്‍. അറ്റാദായവും വിപണി മൂല്യവും മൂന്നിരട്ടിയായി
Tatasons Chairman
എന്‍.ചന്ദ്രശേഖരന്‍, ചെയര്‍മാന്‍, ടാറ്റ സണ്‍സ്
Published on

പ്രായപരിധി കഴിയുന്ന മുറക്ക് എല്ലാവരെയും പറഞ്ഞു വിടാന്‍ കഴിഞ്ഞെന്നു വരില്ല. മാര്‍ഗദര്‍ശകന്റെ റോളിലേക്ക് മാറ്റാനും കഴിയില്ല. പകരം വെക്കാന്‍ പറ്റിയൊരാള്‍ ഉണ്ടാവുക എന്നത് പലപ്പോഴും പ്രധാനമാണ്. അങ്ങനെയൊരാള്‍ ഇല്ലെന്നു വന്നാല്‍? 75 കഴിഞ്ഞിട്ടും പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്രമോദി തുടരുന്നു. അതേപോലെയാണിപ്പോള്‍ ടാറ്റയിലെ കാര്യം. 65 കഴിഞ്ഞാല്‍ പിരിയുക എന്നതാണ് ടാറ്റയിലെ കീഴ്‌വഴക്കം. എന്നു കരുതി എന്‍. ചന്ദ്രശേഖരന് പോകാന്‍ കഴിയില്ല, പറഞ്ഞു വിടാനും സാധിക്കില്ല.

ടാറ്റയിലെ ആദ്യ നയവ്യതിയാനം

ടാറ്റ ഗ്രൂപ്പിന്റെ റിട്ടയര്‍മെന്റ് നയത്തില്‍ വന്നിരിക്കുന്ന ആദ്യത്തെ വ്യതിയാനമാണിത്. ചന്ദ്രശേഖരന്റെ സേവന കാലാവധി മൂന്നാമതും നീട്ടാന്‍ ടാറ്റ ട്രസ്റ്റ്‌സ് അനുമതി നല്‍കിയെന്നാണ് അറിയുന്നത്. അടുത്ത ഫെബ്രുവരിയില്‍ രണ്ടാമത്തെ ടേം അവസാനിക്കുമ്പോള്‍ ചന്ദ്രശേഖരന് 65 തികയും. ടാറ്റ ഗ്രൂപ്പിന്റെ ചട്ടം അനുസരിച്ച് എക്‌സിക്യൂട്ടീവ് പദവി വഹിക്കുന്നവര്‍ 65 ആകുമ്പോള്‍ പടിയിറങ്ങണം. നോണ്‍ എക്‌സിക്യൂട്ടീവ് പദവിയില്‍ 70 വരെ തുടരാം. എന്നാല്‍ പ്രവര്‍ത്തന തുടര്‍ച്ച ഉറപ്പാക്കാന്‍ ചന്ദ്രശേഖരന്‍ നേതൃസ്ഥാനത്ത് വേണമെന്നാണ് ട്രസ്റ്റിന്റെ കാഴ്ചപ്പാട്. ടാറ്റയില്‍ ചില തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണിത്. നോയല്‍ ടാറ്റ പോലും 65ല്‍ വിരമിച്ച് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായാണ് തുടരുന്നത്.

എന്തുകൊണ്ട് മൂന്നാം ടേം?

എന്തുകൊണ്ടാണ് ചന്ദ്രശേഖരനെ ഇപ്പോള്‍ മാറ്റാന്‍ കഴിയില്ലെന്ന് തീരുമാനിക്കാന്‍ കാരണം. ടാറ്റയുടെ പല ബിസിനസുകളും നിര്‍ണായകമായ ചുവടുവെയ്പിലാണ്. അതിപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലായാലും എയര്‍ ഇന്ത്യയുടെ കാര്യത്തിലായാലും അതെ. ടാറ്റ സണ്‍സ് ഐ.പി.ഒയുടെ കാര്യത്തിലും തീരുമാനവും നിര്‍ണായക നടപടികളും ഉണ്ടാകണം. സെമികണ്ടക്ടര്‍, പ്രതിരോധം, വ്യോമയാന മേഖലകളില്‍ പുതിയ നീക്കങ്ങളിലുമാണ് ടാറ്റ.

പെരുകി, ടാറ്റയുടെ മസില്‍ക്കരുത്ത്

2022 ഫെബ്രുവരിയിലാണ് ചന്ദ്രശേഖരന് അഞ്ചു വര്‍ഷത്തേക്കു കൂടി കാലാവധി നീട്ടിക്കൊടുത്തത്. 2016ലാണ് ടാറ്റ സണ്‍സ് ബോര്‍ഡില്‍ എത്തിയത്. 2017ല്‍ ചെയര്‍മാനായി. ചന്ദ്രശേഖരനു കീഴില്‍ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം ഇരട്ടിച്ചുവെന്നാണ് കണക്കുകള്‍. അറ്റാദായവും വിപണി മൂല്യവും മൂന്നിരട്ടിയായി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ കമ്പനികളില്‍ നിന്നുള്ള കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 15.34 ലക്ഷം കോടി രൂപയാണ്. അറ്റാദായം 1.13 ലക്ഷം കോടി. ടി.സി.എസിന്റെ ഓഹരി വിലയില്‍ ഉണ്ടായ ഇടിവു മൂലം കഴിഞ്ഞ വര്‍ഷം താഴേക്കു പോയെങ്കിലും മൊത്തം വിപണി മൂല്യം 26.5 ലക്ഷം കോടിയാണിപ്പോള്‍. 2018ല്‍ 43,252 കോടിയായിരുന്ന ടാറ്റ സണ്‍സിന്റെ ആസ്തി ഇപ്പോള്‍ ഏകദേശം ഒന്നര ലക്ഷം കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com