സൗദി അറേബ്യയിലെ വിവിധ വ്യവസായ മേഖലകളില്‍ സഹകരണത്തിന് ടാറ്റ ഗ്രൂപ്പിന് ക്ഷണം. വ്യോമയാന, ഇലക്ട്രോണിക്‌സ്. സൈനിക മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പുമായി സൗദി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ഖൊറായഫ് ചര്‍ച്ച നടത്തി. സെമികണ്ടക്ടര്‍ വ്യവസായ രംഗത്ത് ടാറ്റ ഗ്രൂപ്പിന്റെ സഹകരണം തേടുന്നതിനും സൗദി മുന്നോട്ടു വന്നിട്ടുണ്ട്. സൗദി അറേബ്യയുടെ ദേശീയ വ്യവസായ കേന്ദ്രവുമായി ചേര്‍ന്നാണ് ടാറ്റ ഗ്രൂപ്പിന്റെ സഹകരണം ഉണ്ടാകുകയെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സൗദി വ്യവസായ മേഖലയില്‍ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം മുപ്പത് വര്‍ഷമെത്തുകയാണ്. മികച്ച വ്യവസായ പങ്കാളിയെന്ന വിശ്വാസത്തോടെയാണ് സൗദി അറേബ്യ വീണ്ടും അവസരങ്ങളുമായി ടാറ്റയെ തേടിയെത്തുന്നത്. കഴിഞ്ഞ ദിവസം സൗദി വ്യവസായ മന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഡല്‍ഹിയിലും മുംബൈയിലുമാണ് സന്ദര്‍ശനം നടത്തിയത്. ഡല്‍ഹിയില്‍ കേന്ദ്ര കല്‍ക്കരി-ഖനി വകുപ്പുകളുടെ മന്ത്രി ജി കിഷന്‍ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. മുംബൈയില്‍ ടാറ്റ ഗ്രൂപ്പ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനി സിഇഒ മാരുമായാണ് ചര്‍ച്ചകള്‍ നടന്നത്. ടാറ്റ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ടാറ്റ സ്റ്റീല്‍ സിഇഒ ടിവി നരേന്ദ്രന്‍, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് സിഇഒ സുഖ്‌റാന്‍ സിംഗ് എന്നിവരാണ് സൗദി സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. കൺസ്ട്രക്ഷന്‍, ഓട്ടോമോട്ടീവ്, സപ്ലൈ ചെയിന്‍ സെക്ടറുകളില്‍ ടാറ്റ ഗ്രൂപ്പിനുള്ള അനുഭവ സമ്പത്തിനെ കുറിച്ച് ടിവി നരേന്ദ്രന്‍, സൗദി വ്യവസായ മന്ത്രിയെ ധരിപ്പിച്ചു. സൈനിക, വ്യോമയാന, വാഹന മേഖലകളില്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ കുറിച്ച് സുഖ്‌റാം സിംഗ് വിശദീകരിച്ചു.
ഇന്ത്യയും സൗദിയും തമ്മില്‍ ഖനനമേഖലയിലെ സഹകരണത്തിനുള്ള ചര്‍ച്ചകളും സൗദി സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്നു. കല്‍ക്കരി, ധാതുക്കള്‍ എന്നിവയുടെ ഖനനത്തിലും കൈമാറ്റത്തിലും ഇരുരാജ്യങ്ങളും ഇടപാടുകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സൗദി വ്യവസായ മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ മേഖലയില്‍ ഇരുരാജ്യങ്ങളുടെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള സഹകരണ പദ്ധതികള്‍ക്കാണ് ആലോചിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി, പെട്രോകെമിക്കല്‍, സ്വകാര്യ നിക്ഷേപം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. സൗദിയില്‍ ഇപ്പോള്‍ നടക്കുന്ന സ്വദേശി വല്‍ക്കരണം, ഓട്ടോമൊബൈല്‍ നിര്‍മാണ രംഗം ഉള്‍പ്പടെയുള്ള മേഖലകളില്‍ പുതിയ നിക്ഷേപ സാധ്യതകളാണ് തുറന്നിട്ടുള്ളതെന്ന് സൗദി വ്യവസായ മന്ത്രി വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine