ഐപിഎല്ലിനിടെ സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

ഉപ്പു മുതല്‍ റേഞ്ച്‌റോവര്‍ വരെ വില്‍ക്കുന്ന ടാറ്റയുടെ സൂപ്പര്‍ ആപ്പ് "ടാറ്റന്യൂ" (TataNeu) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ (IPL) അവതരിപ്പിച്ചേക്കും. മാര്‍ച്ച് 26ന് ആണ് ഐപിഎല്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റിനിടെ ഏപ്രില്‍ 7ന് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് വിവരം.

ഈ വര്‍ഷമാണ് ടാറ്റ ഗ്രൂപ്പ് ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഇവെന്റ് എന്ന നിലയില്‍ ഐപിഎല്ലിന് കിട്ടുന്ന പ്രചാരം പ്രയോജനപ്പെടുത്തുകയാണ് ടാറ്റയുടെ ലക്ഷ്യം. നേരത്തെ നിരവധി തവണ ആപ്പ് പുറത്തിറക്കുന്നത് ടാറ്റ നീട്ടിവെച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ ടാറ്റയിലെ ജീവനക്കാര്‍ ഈ സൂപ്പര്‍ ആപ്പ് പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ ടാറ്റ ജീവനക്കാര്‍ക്ക് ഇന്‍വിറ്റേഷനിലൂടെ അഞ്ച് പേര്‍ക്ക് ടാറ്റന്യൂ ആപ്പ് നല്‍കാനുള്ള അവസരവും നല്‍കിയിരുന്നു. ടാറ്റയുടെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ പരീക്ഷിച്ച് പോരായ്മകളും മറ്റും തിരുത്തിയാണ് ആപ്പ് പൊതുജനങ്ങളിലേക്ക് എത്തുന്നത്.
വിവിധ സേവനങ്ങളെ ഒരു കുടക്കീഴില്‍ അവതരിപ്പക്കുന്ന ആപ്പുകളാണ് സൂപ്പര്‍ ആപ്പുകള്‍. നിലവില്‍ ടാറ്റയുടെ ബിഗ്ബാസ്‌കറ്റ്, ഇഫാര്‍മസി 1എംജി, ക്രോമ, വിമാനടിക്കറ്റ് ബുക്കിംഗ്, ടാറ്റക്ലിക്ക് തുടങ്ങിയ സേവനങ്ങള്‍ പൂര്‍ണമായും സൂപ്പര്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. താമസിയാതെ യുപിഐ ഉള്‍പ്പയുള്ള സാമ്പത്തിക സേവനങ്ങളും ടാറ്റന്യൂവില്‍ എത്തും.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it