ജെ.ആര്‍.ഡി ടാറ്റയില്‍ നിന്ന് ടാറ്റ ഗ്രൂപ്പ് സാമ്രാജ്യത്തിന്റെ ചെയര്‍മാന്‍ സ്ഥാനം രത്തന്‍ ടാറ്റയിലേക്കെത്തുമ്പോള്‍ പരമ്പരാഗത വ്യവസായങ്ങളായ സ്റ്റീല്‍, തേയില, രാസവസ്തു വ്യവസായം തുടങ്ങിയവയില്‍ നിന്ന് അധികം മാറിയിരുന്നില്ല ഗ്രൂപ്പ്. അതുകൊണ്ടു തന്നെ ടാറ്റ ഗ്രൂപ്പിന്റെ പരിവര്‍ത്തനത്തിന്റേതു കൂടിയാണ് രത്തന്‍ ടാറ്റ യുഗം. രാജ്യാന്തര കമ്പനികളെ ഏറെയും ഏറ്റെടുത്തതും ഇക്കാലത്താണ്. ടെറ്റ്‌ലെ, കോറസ് സ്റ്റീല്‍, ജാഗൂര്‍ ലാന്‍ഡ് റോവര്‍, ബ്രണ്ണര്‍ മോണ്‍ഡ്, ജനറല്‍ കെമിക്കല്‍ ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്‌സ്, ദേയ്‌വൂ തുടങ്ങിയ പല കമ്പനികളെയും രത്തന്‍ ടാറ്റ ഗ്രൂപ്പിനു കീഴിലാക്കി.
രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം 17 മടങ്ങാണ് വര്‍ധിച്ചത്. ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണി മൂല്യം ഇന്ന് 30 ലക്ഷം കോടി രൂപയാണ്. അദ്ദേഹത്തിന്റെ കാലയളവില്‍ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വരുമാനം 18,000 കോടി രൂപയില്‍ നിന്ന് 5.5 ലക്ഷം കോടി രൂപയായി. വിപണി മൂല്യം 30,000 കോടി രൂപയില്‍ നിന്ന് 5 ലക്ഷം കോടി രൂപയുമായി.
ജീവകാരുണ്യം മുഖമുദ്ര
എളിമയുള്ള ബിസിനസുകാരന്‍ എന്ന വിശേഷണമുള്ള രത്തന്‍ ടാറ്റ 30 രാജ്യങ്ങളിലായി 100ലധികം കമ്പനികളുടെ നിയന്ത്രണ ചുമതല വഹിച്ചിരുന്നു. പക്ഷെ ഒരു കോടീശ്വര പട്ടികയിലും തന്റെ പേര് ചേര്‍ത്ത് അര്‍മാദിച്ചില്ല. ആറ് പതിറ്റാണ്ടോളം രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അമരക്കാരനായിരുന്ന രത്തന്‍ ടാറ്റ രാജ്യത്തെ ആദ്യ 10 ധനികരുടെ പട്ടികയില്‍ ഉള്‍പ്പെടേണ്ടതാണ്. പക്ഷെ സ്വത്ത് സമ്പാദിക്കുന്നതിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്.
1991ലാണ് ടാറ്റസണ്‍സിന്റെ ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേറ്റെടുക്കുന്നത്. ടാറ്റ കമ്പനികളുടെ പ്രമോട്ടറും മുഖ്യ നിക്ഷേപക കമ്പനിയുമാണ് ടാറ്റ സണ്‍സ്. ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റിന്റെ കൈവശമാണ്. വിദ്യാഭ്യാസം, ആരോഗ്യം, കല, സാഹിത്യം എന്നീ രംഗങ്ങളില്‍ നിരവധി കാര്യണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ടാറ്റ ട്രസ്റ്റ് പിന്തുണ നല്‍കുന്നത്.
ടാറ്റ കമ്പനികളിലൊന്നും അധികം ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്ന ശീലം ജംഷഡ്ജി ടാറ്റയുടെ കാലം മുതലേയില്ല. അത്തരത്തിലാണ് ടാറ്റയുടെ പ്രവര്‍ത്തനഘടന പോലുമുണ്ടാക്കിയിരിക്കുന്നത്. ടാറ്റസണ്‍സില്‍ നിന്ന് ലഭിക്കുന്നതിന്റെ ഭൂരിഭാഗവും ടാറ്റ ട്രസ്റ്റിനായി സംഭാവന ചെയ്യണം. ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനൊക്കെ വരുന്നതിനും ഏറെ മുമ്പു തന്നെ ടാറ്റ ഗ്രൂപ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു .
50 വര്‍ഷത്തെ ടാറ്റ ഗ്രൂപ്പിലെ സേവനത്തിനു ശേഷം 2012ല്‍ ടാറ്റസണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങിയ രത്തന്‍ ടാറ്റ ഇതുവരെ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിരറ്റസ് എന്ന പദവിയില്‍ തുടരുകയായിരുന്നു.
മികച്ച നേട്ടം നല്‍കി ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ കമ്പനികളുടെ മൊത്തം വരുമാനം 165 ബില്യണ്‍ ഡോളറാണ് (ഏകദേശം 13.85 ലക്ഷം കോടി രൂപ).
26 ലിസ്റ്റഡ് കമ്പനികളാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ളത്. 2024ല്‍ ഇതു വരെ ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 16 ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ ഇരട്ടയക്ക വളര്‍ച്ച നേടി. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ട്രെന്റ് ഓഹരിയാണ് 168 ശതമാനം വളര്‍ച്ചയുമായി മുന്നില്‍. ടി.ആര്‍.എഫ്, വോള്‍ട്ടാസ്, ഓട്ടോമൊബൈല്‍ കോര്‍പ്പറഷേന്‍ ഓഫ് ഗോവ, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവ 50 മുതല്‍ 90 ശതമാനം വരെ നേട്ടവുമായി പിന്നാലെയുണ്ട്.
ടൈറ്റന്‍ കമ്പനി, ബെനാറസ് ഹോട്ടല്‍സ്, ടാറ്റ ടെക്‌നോളജീസ്, ടാറ്റ എല്‍ക്‌സി, ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) എന്നീ അഞ്ച് കമ്പനികളുടെ ഓഹരികളാണ് 2024ല്‍ ഇതു വരെ 5-13 ശതമാനത്തോളം നഷ്ടം കാഴ്ചവച്ചത്.
ടാറ്റ ഗ്രൂപ്പിന്റെ പാതാക വാഹക കമ്പനിയായ ടി.സി.എസ് അടുത്തയാഴ്ച കമ്പനിയുടെ രണ്ടാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിടാനിരിക്കെയാണ് രത്തന്‍ ടാറ്റയുടെ വേര്‍പാട്. ഇന്നലെ 0.13 ശതമാനം ഉയര്‍ന്നാണ് ടി.സി.എസ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഏറ്റവും അവസാനം ഓഹരി വിപണിയിലേക്ക് എത്തിയത് ടാറ്റ ടെക്‌നോളജീസാണ്. 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റ ഗ്രൂപ്പില്‍ നിന്നുണ്ടായ ആദ്യ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ ലിസ്റ്റിംഗ് നേട്ടവും ഓഹരി സ്വന്തമാക്കി.
രത്തന്‍ ടാറ്റ വിടപറഞ്ഞതോടെ ടാറ്റ ഗ്രൂപ്പിലെ ഓഹരികള്‍ ഇന്ന് ഓഹരി വിപണിയിലെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. വലിയ നേട്ടമില്ലാതെയാണ് ടാറ്റ ഓഹരികള്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ പിന്തടര്‍ച്ചാ നയത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ടാറ്റ കമ്പനികളുടെ ഭാവി പ്രകടനം ഇതിനെ ആശ്രയിച്ചാകും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായ ഹസ്തം
സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പാക്കാനും മുന്നിലായിരുന്നു രത്തന്‍ ടാറ്റ. അന്‍പതിലധികം സ്റ്റാര്‍ട്ടപ്പുകളിലാണ് രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിട്ടുള്ളത്. സാമൂഹിക നന്മ ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപങ്ങളായിരുന്നു കൂടുതലും. മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂട്ടൊരുക്കുന്ന ഗുഡ് ഫെലോസ് പോലുള്ളവ ഇതിനുദാഹരണമാണ്. സ്‌നാപ് ഡീല്‍, ഓല, പേയ്ടിഎം, ഫസ്‌ക്രൈ, ലെന്‍സ്‌കാര്‍ട്ട്, സിവാമെ, ബ്ലൂസ്റ്റോണ്‍, അര്‍ബന്‍ ലാഡര്‍ തുടങ്ങിയ പല കമ്പനികളിലും നിക്ഷേപമുണ്ട്. കൂടാതെ പല സ്റ്റാര്‍ട്ടപ്പുകളുടെയും മെന്ററുമായിരുന്നു.