725 കോടിയുടെ ഇടപാട്; ഫോര്‍ഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ഇനി ടാറ്റയ്ക്ക് സ്വന്തം
ടാറ്റ മോട്ടോഴ്സിന്റെ (Tata Motors) അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (TPEML) 725.7 കോടി രൂപയ്ക്ക് സാനന്ദിലുള്ള ഫോര്‍ഡ് ഇന്ത്യയുടെ വാഹന നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. ഓഗസ്റ്റ് 7-ന് ടിപിഇഎംഎല്ലും ഫോര്‍ഡ് ഇന്ത്യയും (FIPL) ഗുജറാത്തിലെ സാനന്ദിലെ നിര്‍മാണ യൂണിറ്റ് നില്‍ക്കുന്ന ഭൂമി, മെഷീനുകള്‍ ഉള്‍പ്പടെയുള്ള ഫോര്‍ഡ് ഇന്ത്യയുടെ ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു.
ഫോര്‍ഡിന്റെ ഗുജറാത്ത് പ്ലാന്റിന് വര്‍ഷം 3 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് ഉള്ളത്. ഇത് 4.2 ലക്ഷം യൂണിറ്റ് വരെ ഉയര്‍ത്താവുന്നതാണ്. ഇടപാടിന്റെ ഭാഗമായി ഫോര്‍ഡ് ഇന്ത്യയുടെ വാഹന നിര്‍മ്മാണ പ്ലാന്റിലെ യോഗ്യരായ എല്ലാ ജീവനക്കാര്‍ക്കും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയില്‍ നിലവില്‍ അവര്‍ക്ക് ലഭിക്കുന്നതുപോലെയുള്ള സേവനത്തിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും ആനുകൂല്യങ്ങളിലും ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം സ്വീകരിച്ചിട്ടുള്ള ജീവനക്കാര്‍ 2023 ജനുവരി 10-ന് ടിപിഇഎംഎലിലെ ജീവനക്കാരായി മാറും.
വാഹന വ്യവസായത്തില്‍ മാരുതിയും ഹ്യുണ്ടായിയും ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയില്‍ ലാഭകരമാകാന്‍ യുഎസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ശ്രമിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ ഡിമാന്‍ഡ്, മറ്റ് കമ്പനികളുടെ കുറഞ്ഞ വിലയുള്ള വാഹനങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ ഫോര്‍ഡ് പരാജയങ്ങള്‍ നേരിട്ടു. ഇതോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റം ഫോര്‍ഡ് പ്രഖ്യാപിച്ചത്.