725 കോടിയുടെ ഇടപാട്; ഫോര്‍ഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ടാറ്റയ്ക്ക്

യുഎസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഗുജറാത്തിലെ നിര്‍മാണ യൂണീറ്റ് ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കും. ഇതു സംബന്ധിച്ച കരാറില്‍ ഇരു കമ്പനികളും ഒപ്പിട്ടു. 725.7 കോടി രൂപയ്ക്കാണ് പ്ലാന്റ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ഏറ്റെടുക്കുന്നത്.

നിര്‍മാണ യൂണീറ്റ് നില്‍ക്കുന്ന ഭൂമി, മെഷീനുകള്‍ ഉള്‍പ്പടെയുള്ള ആസ്തികള്‍ കരാര്‍ പ്രകാരം ടാറ്റയ്ക്ക് ലഭിക്കും. കൂടാതെ പ്ലാന്റിലെ യോഗ്യരായ ജീവനക്കാര്‍ക്ക് ടാറ്റ മോട്ടോഴ്‌സില്‍ നിയമനം നല്‍കുന്നതും കരാറിന്റെ ഭാഗമാണ്. ഫോര്‍ഡിന്റെ ഗുജറാത്ത് പ്ലാന്റിന് വര്‍ഷം 3 ലക്ഷം യൂണീറ്റ് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് ഉള്ളത്. ഇത് 4.2 ലക്ഷം യൂണീറ്റ് വരെ ഉയര്‍ത്താവുന്നതാണ്.

അതേ സമയം ടിപിഇഎംഎല്ലിന്റെ ഉപ സ്ഥാപനമായ ടാറ്റ മോട്ടോഴ്‌സ് ആന്‍ഡ് ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ( FIPL) പവര്‍ ട്രെയിന്‍ നിര്‍മാണം ലീസ് അടിസ്ഥാനത്തില്‍ തുടരും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റം ഫോര്‍ഡ് പ്രഖ്യാപിച്ചത്‌. നിലവില്‍ 0.31 ശതമാനം ഉയര്‍ന്ന് 466.65 രൂപ (12.20 PM) നിരക്കിലാണ് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില.

Related Articles
Next Story
Videos
Share it