സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്; ജിയോയ്ക്കും എയര്‍ടെല്ലിനും എതിരാളിയായി ടാറ്റ

രാജ്യത്ത് സാറ്റ്‌ലൈറ്റ് വഴിയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് (Satellite Broadband Internet) സേവനങ്ങള്‍ നല്‍കാനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കി നെല്‍കോ (Nelco). സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കുന്ന നെല്‍കോ, ടാറ്റ ഗ്രൂപ്പിന് (Tata) കീഴിലുള്ള സ്ഥാപനമാണ്. ഇന്ത്യയില്‍ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് നല്‍കാന്‍ കമ്പനികള്‍ക്ക് ജിഎംപിസിഎസ് ലൈസന്‍സ് ആവശ്യമാണ്.

ടെലികമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റിനാണ് നെല്‍കോ അപേക്ഷ സമര്‍പ്പിച്ചത്. ഏതാവും ദിവസങ്ങള്‍ക്ക് മുന്‍പ് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ജിഎംപിസിഎസ് ലൈസന്‍സിനായി അപേക്ഷിച്ചിരുന്നു. ജിഎംപിസിഎസ് ലൈസന്‍സ് ലഭിക്കുന്ന കമ്പനികള്‍ക്ക് ഇന്റര്‍നെറ്റിന് പുറമെ വോയ്‌സ് സേവനങ്ങളും നല്‍കാന്‍ സാധിക്കും. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിസാറ്റുമായി (Telesat) ചേര്‍ന്നാവും നെല്‍കോ സേവനങ്ങള്‍ അവതരിപ്പിക്കുക.

നിലവില്‍ എയര്‍ടെല്ലിന്റെ പിന്തുണയുള്ള വണ്‍വെബ്ബ് (OneWeb), ജിയോ സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് (Jio) എന്നീ കമ്പനികള്‍ക്കാണ് കേന്ദ്രം നിലവില്‍ ജിഎംപിസിഎസ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇരുകമ്പനികളും സേവനങ്ങള്‍ നല്‍കി തുടങ്ങിയിട്ടില്ല. നെല്‍കോയും സ്റ്റാര്‍ലിങ്കും കൂടി എത്തുന്നതോടെ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് മേഖലയിലെ കമ്പനികളുടെ എണ്ണം നാലായി ഉയരും. ഡിഷ് ഉപയോഗിച്ചാണ് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് നല്‍കുന്നത്. രാജ്യത്തെ ഏത് ഭാഗത്തും തടസമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാം എന്നതാണ് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റിന്റെ നേട്ടം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it