ഇവി മേഖലയില്‍ പുതിയ നീക്കം, ടാറ്റ പവറും ടിവിഎസ് മോട്ടോഴ്‌സും കൈകോര്‍ത്തു

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് വേഗത പകരുന്ന പദ്ധതികളുമായി ടിവിഎസ് മോട്ടോഴ്‌സും ടാറ്റ പവറും. ഇവി വെഹിക്ക്ള്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇരുകമ്പനികളും. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിനായി ടാറ്റ പവറുമായി ധാരണയായതായി ടിവിഎസ് മോട്ടോഴ്‌സ് വ്യക്തമാക്കി. ഇതിന്റെയടിസ്ഥാനത്തില്‍, രാജ്യത്തുടനീളം സോളാര്‍ അധിഷ്ഠിത ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി ത്വരിതപ്പെടുത്തുന്നതിന് ഒരു വലിയ ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് ടിവിഎസ് മോട്ടോര്‍ കസ്റ്റമര്‍ കണക്ട് ആപ്പ്, ടാറ്റ പവര്‍ ഇസെഡ് ചാര്‍ജ് ആപ്പ് എന്നിവയിലൂടെ ടാറ്റ പവര്‍ ചാര്‍ജിംഗ് നെറ്റ്വര്‍ക്കിലേക്ക് ആക്സസ് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
കൂടാതെ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കായി ഒരു സാധാരണ എസി ചാര്‍ജിംഗ് ശൃംഖലയും ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖലയും സൃഷ്ടിക്കും. ടാറ്റ പവറുമായുള്ള കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 25 ലധികം നഗരങ്ങളില്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്കിന്റെ സാന്നിധ്യം വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, പൂനെ, കൊച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ്, സൂറത്ത്, വൈസാഗ്, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ടിവിഎസ് ഇലക്ട്രിക് ഇരുചക്ര വാഹനമായ ഐക്യൂബിന്റെ വില്‍പ്പന നടക്കുന്നത്.
അതേസമയം, ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയിലുടനീളം ശക്തമായ ഒരു ഇവി ചാര്‍ജിംഗ് ഇക്കോ സിസ്റ്റം സൃഷ്ടിക്കപ്പെടുമെന്ന് ടാറ്റ പവര്‍ സിഇഒയും എംഡിയുമായ പ്രവീര്‍ സിന്‍ഹ പറഞ്ഞു. നിലവില്‍, ഇന്ത്യയിലെ 120 ലധികം നഗരങ്ങളിലായി 5000 ലധികം ഹോം ചാര്‍ജറുകളുടെയും 700 ലധികം പബ്ലിക് ചാര്‍ജറുകളുടെയും ശൃംഖല ടാറ്റ പവറിനുണ്ട്.


Related Articles
Next Story
Videos
Share it