

റിന്യൂവബ്ള്‍ വ്യവസായ രംഗത്ത് 3,000 യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയുമായി ടാറ്റ പവര്‍ പവര്‍. നടപ്പ് സാമ്പത്തിക വര്‍ഷം 3,000 യുവാക്കള്‍ക്ക് പരിശീലനം നല്‍കുമെന്ന് ടാറ്റ പവര്‍ അറിയിച്ചു. 2025-ഓടെ മൊത്തം 5,000 യുവാക്കളെ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ പരിശീലിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
'ടാറ്റാ പവര്‍ സ്‌കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടിപിഎസ്ഡിഐ) ഇതുവരെ 1.4 ലക്ഷം പേര്‍ക്ക് റിന്യൂവബ്ള്‍ ഊര്‍ജ്ജ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. യുവാക്കളെ ഗ്രീന്‍ എനര്‍ജി ജോലികള്‍ക്കായി പ്രാപ്തരാക്കുന്നതിനുള്ള പരിശീലന സംരംഭങ്ങള്‍ വിപുലീകരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഏകദേശം 3,000 പേര്‍ക്ക് പരിശീലനം നല്‍കാന്‍ സ്ഥാപനം പദ്ധതിയിട്ടിട്ടുണ്ട്. 2025-ഓടെ ഏകദേശം 5,000 പേര്‍ക്കും പരിശീലനം നല്‍കും'' ടാറ്റ പവര്‍ പറയുന്നു.
ഷാഹദ്, ട്രോംബെ, വിദ്യാവിഹാര്‍, മൈത്തണ്‍ എന്നിവിടങ്ങളിലെ ആറ് പരിശീലന കേന്ദ്രങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജിംഗ്, റൂഫ്ടോപ്പ് സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് സ്ഥാപിക്കല്‍, പരിപാലനം, സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കല്‍, ഹോം ഓട്ടോമേഷന്‍ എന്നിവയിലാണ് പരിശീലനം നല്‍കുക.
'ഇന്ത്യ അതിന്റെ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും 2030 ഓടെ 500 GW പുനരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കുന്നതിലും കാര്യമായ മുന്നേറ്റം നടത്തുകയാണ്. ഇന്ത്യന്‍ ഊര്‍ജ്ജ വ്യവസായം ഒരു ഹരിത പരിവര്‍ത്തനത്തിന് വിധേയമാകാന്‍ പോകുകയാണ്, ടാറ്റ പവര്‍ ടിപിഎസ്ഡിഐ വഴി ഈ മാറ്റത്തിന് ഒരുങ്ങുകയാണ്. ഗ്രീന്‍, സ്മാര്‍ട്ട് എനര്‍ജി ടെക്നോളജികളില്‍ യുവാക്കള്‍ക്ക് കേന്ദ്രീകൃത പരിശീലനം നല്‍കുന്ന ആവാസവ്യവസ്ഥയാണ് ഇത്,' ടാറ്റ പവര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine