₹2,900 കോടി ഡിവിഡന്റ് വൈകുന്നു; ടാറ്റ ട്രസ്റ്റ്സ് വിഷയത്തിൽ ചാരിറ്റി കമ്മീഷണറിന് പുതിയ പരാതി

ഓഗസ്റ്റ് 18-ന് നിശ്ചയിച്ചിരുന്ന ടാറ്റ സൺസിന്റെ എജിഎം കോറം തികയാത്തതിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു
₹2,900 കോടി ഡിവിഡന്റ് വൈകുന്നു; ടാറ്റ ട്രസ്റ്റ്സ് വിഷയത്തിൽ ചാരിറ്റി കമ്മീഷണറിന് പുതിയ പരാതി
Published on

സർ രത്തൻ ടാറ്റ ട്രസ്റ്റ് (SRTT) ട്രസ്റ്റിമാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളെക്കുറിച്ച് മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണർക്ക് പുതിയ പരാതി. ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം (AGM) മാറ്റിവെച്ചതിനെത്തുടർന്ന് ടാറ്റ ട്രസ്റ്റുകൾക്ക് പ്രതിദിനം 55.6 ലക്ഷം രൂപയുടെ നഷ്ടം നേരിടുന്നതായി പരാതിയിൽ വ്യക്തമാക്കുന്നതായി സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എജിഎം വൈകുന്നതുമൂലം സർ രത്തൻ ടാറ്റ ട്രസ്റ്റിനും (SRTT) സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിനും (SDTT) ലഭിക്കേണ്ട ഏകദേശം 2,900 കോടി രൂപയുടെ ഡിവിഡന്റ് വിതരണം തടസപ്പെട്ടിരിക്കുകയാണെന്ന് അഡ്വക്കേറ്റ് കിരൺ ദോയ്ഫോഡെ ഫയല്‍ ചെയ്തിരിക്കുന്ന പരാതിയില്‍ പറയുന്നു.

സാമ്പത്തിക നഷ്ടവും കാരണങ്ങളും

ഈ തുകയ്ക്ക് 7 ശതമാനം വാർഷിക പലിശ കണക്കാക്കിയാൽ പ്രതിദിനം 55.6 ലക്ഷം രൂപയുടെയും, പ്രതിവാരം 3.9 കോടി രൂപയുടെയും നഷ്ടം ട്രസ്റ്റുകൾക്ക് ഉണ്ടാകുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. 60 ദിവസത്തെ കാലതാമസം ഉണ്ടായാൽ ഇത് 33.4 കോടി രൂപയായി ഉയർന്നേക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട ഈ വൻ തുക നഷ്ടപ്പെടുത്തുന്നത് ട്രസ്റ്റിമാരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് പരാതിക്കാരൻ വാദിക്കുന്നു.

ഓഗസ്റ്റ് 18-ന് നിശ്ചയിച്ചിരുന്ന ടാറ്റ സൺസിന്റെ എജിഎം കോറം തികയാത്തതിനെത്തുടർന്നാണ് മാറ്റിവെച്ചത്. ടാറ്റയുടെ നിയമാവലി പ്രകാരം എജിഎം ചേരുന്നതിന് എസ്.ആർ.ടി.ടിയും എസ്.ഡി.ടി.ടിയും സംയുക്തമായി നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി പങ്കെടുക്കേണ്ടതുണ്ട്. എന്നാൽ എസ്.ആർ.ടി.ടിയിലെ ട്രസ്റ്റിമാരുടെ എണ്ണത്തിലെ നിയമലംഘനവുമായി ബന്ധപ്പെട്ട് ബോർഡ് യോഗങ്ങൾ ചേരുന്നതിന് ചാരിറ്റി കമ്മീഷണർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതാണ് സംയുക്ത നാമനിർദ്ദേശം തടസപ്പെടാൻ കാരണം.

വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും താല്പര്യങ്ങളും ചാരിറ്റി പ്രവർത്തനങ്ങളെ ബാധിക്കാൻ അനുവദിക്കരുതെന്നും, ട്രസ്റ്റികളുടെ ഈ നിഷ്ക്രിയത്വത്തെക്കുറിച്ച് കമ്മീഷണർ അടിയന്തരമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സെപ്റ്റംബർ 8-നാണ് ഈ കേസിലെ അടുത്ത വാദം കേൾക്കൽ നടക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com