

ടാറ്റാ ഗ്രൂപ്പിന്റെ മാതൃ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസിന്റെ ഓഹരി വിപണിയിലെ സാദ്ധ്യമായ ലിസ്റ്റിംഗും മാനേജ്‌മെന്റിലെ നേതൃത്വ മാറ്റങ്ങളും ഗ്രൂപ്പ് കമ്പനികളുടെ ക്രെഡിറ്റ് റേറ്റിംഗിൽ ഉടനടി ആഘാതം സൃഷ്ടിക്കില്ലെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഗ്രൂപ്പിന്റെ സാമ്പത്തിക നയങ്ങളെ പുനർനിർമ്മിച്ചേക്കാമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ എസ് & പി (S&P Global Ratings) വ്യക്തമാക്കി. ടാറ്റാ സ്റ്റീൽ, ടാറ്റാ പവർ, ടാറ്റാ കാപ്പിറ്റൽ തുടങ്ങിയ ഉയർന്ന വളർച്ചാ പദ്ധതികളുള്ള കമ്പനികളെ ഇത് വരുംകാലങ്ങളിൽ സ്വാധീനിച്ചേക്കാം.
അപ്പർ-ലെയർ എൻ.ബി.എഫ്.സി (NBFC) പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന ടാറ്റാ സൺസിന്റെ അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തള്ളിയതിനെ തുടർന്നാണ് ലിസ്റ്റിംഗ് സമ്മർദ്ദം ശക്തമായത്. എന്നാൽ ടാറ്റാ സൺസിൽ 66 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ട്രസ്റ്റ്സ് (Tata Trusts) ഈ ലിസ്റ്റിംഗ് നീക്കത്തെ ശക്തമായി എതിർക്കുന്നു. ടാറ്റാ സൺസ് പൊതുവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ കമ്പനിയുടെ മൂലധന വിനിയോഗം, നിക്ഷേപങ്ങൾ, ഉപകമ്പനികൾക്കുള്ള സാമ്പത്തിക പിന്തുണ എന്നിവയിൽ പൊതു ഓഹരിയുടമകളുടെ സൂക്ഷ്മ പരിശോധന വർദ്ധിക്കും.
ലിസ്റ്റിംഗ് തർക്കങ്ങൾക്ക് ഒപ്പം തന്നെ ടാറ്റാ സൺസിന്റെ തലപ്പത്തെ നേതൃത്വ തർക്കങ്ങളും പുറത്തുവന്നിട്ടുണ്ട്. ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും തിരഞ്ഞെടുക്കാൻ ബോർഡ് തീരുമാനിച്ചതിനെ ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റക്ക് ചോദ്യം ചെയ്യുന്ന നിലപാടാണ് ഉളളത്. ഇത് ടാറ്റാ ട്രസ്റ്റും ടാറ്റാ സൺസ് ബോർഡും തമ്മിലുള്ള ഭരണപരമായ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കി.
കമ്പനികളുടെ തന്ത്രങ്ങളെ ടാറ്റ സൺസ് സ്വാധീനിക്കുന്നുണ്ടെങ്കിലും, റേറ്റിംഗുളള ടാറ്റ കമ്പനികളെ സ്വതന്ത്ര പ്രൊഫഷണൽ മാനേജ്‌മെന്റ് ടീമുകളാണ് നടത്തുന്നതെന്നും റേറ്റിംഗ് ഏജൻസി ചൂണ്ടിക്കാണിക്കുന്നു. ടാറ്റ സ്റ്റീൽ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ്, ടാറ്റ പവർ കമ്പനി ലിമിറ്റഡ്, ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്, ടാറ്റ കാപിറ്റൽ ലിമിറ്റഡ്, ജാഗ്വാർ ലാൻഡ് റോവർ ഓട്ടോമോട്ടീവ് പിഎൽസി എന്നിവയാണ് നിലവിൽ എസ് & പി റേറ്റുചെയ്യുന്നത്.
നേതൃത്വത്തിലോ ഗ്രൂപ്പ് ഘടനയിലോ ഉണ്ടാകുന്ന മാറ്റം ടാറ്റയുടെ തന്ത്രത്തിന്റെയും സാമ്പത്തിക നയത്തിന്റെയും തുടർച്ചയെക്കുറിച്ചും ദീർഘകാലാടിസ്ഥാനത്തിൽ ഗ്രൂപ്പ് പിന്തുണയുടെ സാധ്യതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുമെന്നും എസ് & പി പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിന്റെ നീണ്ട പാരമ്പര്യവും മിതമായ സാമ്പത്തിക നയങ്ങളും കാരണം പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും, പൊതു ഓഹരിയുടമകളുടെ വരവ് സാമ്പത്തിക അച്ചടക്കത്തിലും സാമ്പത്തിക നേട്ടങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനിയെ നിർബന്ധിതരാക്കിയേക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine