₹15,530 കോടി നഷ്ടവുമായി ടാറ്റയുടെ വിമാന കമ്പനികള്‍
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15,530 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2021-22 ല്‍ മുന്‍വര്‍ഷത്തെ 13,838 കോടി രൂപയുടെ അറ്റനഷ്ടമുണ്ടായിരുന്നു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികളെല്ലാം മോശമല്ലാത്ത വരുമാനം രേഖപ്പെടുത്തിയെങ്കിലും ചില വിമാനങ്ങള്‍ക്കും വിമാനഎന്‍ജിനുകള്‍ക്കുമായി എയര്‍ ഇന്ത്യ 5,000 കോടി രൂപ നീക്കിവച്ചതാണ് നഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത്.
എയര്‍ ഇന്ത്യ നഷ്ടം
ടാറ്റ സണ്‍സ് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം എയര്‍ ഇന്ത്യ മൊത്തത്തില്‍ 11,216.32 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും 37,928.70 കോടി രൂപ വരുമാനം നേടുകയും ചെയ്തു. മറ്റ് ഗ്രൂപ്പ് വിമാന കമ്പനികളായ എയര്‍ഏഷ്യ ഇന്ത്യയും വിസ്താരയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം രേഖപ്പെടുത്തി. എയര്‍ ഏഷ്യ ഇന്ത്യ 2,750 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. ഗ്രൂപ്പിന്റെ 51% കൈവശമുള്ള വിസ്താര 1,393.34 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തി.
അതേസമയം എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്സ്പ്രസ് 116.84 കോടി രൂപയുടെ അറ്റാദായം നേടി. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികളില്‍ ലാഭമുണ്ടാക്കിയ ഒരേയൊരു സ്ഥാപനമാണിത്.
ലയനവും പുതിയ വിമാനങ്ങളും
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. എയര്‍ഏഷ്യ ഇന്ത്യയും എയര്‍ എക്‌സ്പ്രസും ലയിപ്പിച്ച് കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈനുകള്‍ രൂപീകരിക്കും. കൂടാതെ വിസ്താര എയര്‍ ഇന്ത്യയുമായി ലയിച്ച് മുഴുവൻ സമയ സര്‍വീസ് എയര്‍ലൈനായി പ്രവര്‍ത്തിക്കും. ഇവയ്‌ക്കെല്ലാമായി ടാറ്റ ഗ്രൂപ്പ് ഈ വര്‍ഷം ആദ്യം 470 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഈ പുതിയ വിമാനങ്ങളുടെ മൊത്തം ഓര്‍ഡര്‍ മൂല്യം ഏകദേശം 2,46,000 കോടി രൂപയാണ്.
എയര്‍ ഇന്ത്യയെ ഏറ്റെടുത്തതു മുതല്‍ വിവിധ കാര്യങ്ങള്‍ക്കായി ടാറ്റ ഗ്രൂപ്പ് ഗണ്യമായ നിക്ഷേപം ഇതില്‍ നടത്തി. നിലവിലുള്ള വിമാനങ്ങള്‍ പുതുക്കിപ്പണിയുന്നതിനും നവീകരിക്കുന്നതിനുമായി 3,300 കോടി രൂപയുടെ പദ്ധതിയുമുണ്ട്.