ടാറ്റാ സണ്‍സ് ചെയര്‍മാന്‍ പദവി: ടി.വി നരേന്ദ്രനും സൗരഭ് അഗര്‍വാളിനും പിന്നാലെ അന്തിമ പട്ടികയിൽ ഒരു ഡാര്‍ക്ക് ഹോഴ്‌സ്; ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍

ഗ്രൂപ്പില്‍ നിന്നുള്ള പ്രമുഖര്‍ക്കൊപ്പം വിപണി വിദഗ്ധനായ ഒരു പേര് കൂടി ഉയര്‍ന്നുവന്നതാണ് കോര്‍പ്പറേറ്റ് ലോകത്തെ നിലവിലെ പ്രധാന ചര്‍ച്ച
ടാറ്റാ സണ്‍സ് ചെയര്‍മാന്‍ പദവി: ടി.വി നരേന്ദ്രനും സൗരഭ് അഗര്‍വാളിനും പിന്നാലെ അന്തിമ പട്ടികയിൽ ഒരു ഡാര്‍ക്ക് ഹോഴ്‌സ്; ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍
Published on

27,500 ഡോളറിലധികം മൂല്യമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പദവിയൊഴിയാനൊരുങ്ങവെ, പുതിയ അധ്യക്ഷനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ടാറ്റാ സ്റ്റീല്‍ സി.ഇ.ഒയും എം.ഡിയുമായ ടി.വി നരേന്ദ്രന്‍, ടാറ്റാ സണ്‍സ് ഗ്രൂപ്പ് സി.എഫ്.ഒ സൗരഭ് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍.എസ്.ഇ) എം.ഡിയും സി.ഇ.ഒയുമായ ആശിഷ് കുമാര്‍ ചൗഹാനെയും അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രൂപ്പില്‍ നിന്നുള്ള പ്രമുഖര്‍ക്കൊപ്പം വിപണി വിദഗ്ധനായ ആശിഷ് ചൗഹാന്റെ പേര് ഉയര്‍ന്നുവന്നതാണ് കോര്‍പ്പറേറ്റ് ലോകത്തെ നിലവിലെ പ്രധാന ചര്‍ച്ച. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും, ടാറ്റാ ട്രസ്റ്റ് അധ്യക്ഷന്‍ നോയല്‍ ടാറ്റ കേന്ദ്ര ഗവണ്‍മെന്റിലെ ഉന്നതരുമായി ഈ പേരുകള്‍ പങ്കുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2017-ല്‍ ചുമതലയേറ്റ എന്‍. ചന്ദ്രശേഖരന്റെ രണ്ടാം ഊഴം 2027 ഫെബ്രുവരി 20-ഓടെ അവസാനിക്കും. താന്‍ വീണ്ടും പദവിയില്‍ തുടരാനില്ലെന്ന് അദ്ദേഹം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയ അധ്യക്ഷനായുള്ള നടപടികള്‍ ടാറ്റാ സണ്‍സ് ബോര്‍ഡും ടാറ്റാ ട്രസ്റ്റുകളും വേഗത്തിലാക്കിയത്.

ആരാണ് ആശിഷ് ചൗഹാന്‍?

ടാറ്റാ ഗ്രൂപ്പിന് വെളിയില്‍ നിന്നുള്ള വ്യക്തിയാണെങ്കിലും സാങ്കേതികവിദ്യ, മൂലധന വിപണി, ധനകാര്യ സേവനങ്ങള്‍ എന്നിവയിലെ ദീര്‍ഘകാല പരിചയം ആശിഷ് ചൗഹാനെ ശക്തനായ ഒരു 'ഡാര്‍ക്ക് ഹോഴ്സ്' സ്ഥാനാര്‍ത്ഥിയാക്കുന്നു. ഐ.ഐ.ടി ബോംബെ, ഐ.ഐ.എം കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം 1990-കളില്‍ എന്‍.എസ്.ഇയുടെ തുടക്കകാലത്ത് നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. പിന്നീട് ബി.എസ്.ഇ (ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) മേധാവിയായും പ്രവര്‍ത്തിച്ചു. 2022-ലാണ് എന്‍.എസ്.ഇയുടെ അമരത്തേക്ക് തിരിച്ചെത്തുന്നത്.

ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി (ഐ.പി.ഒ) എന്‍.എസ്.ഇയെ സജ്ജമാക്കുന്നത് ചൗഹാന്റെ നേതൃത്വത്തിലാണ്. നിയമനിര്‍മ്മാണങ്ങളും റെഗുലേറ്ററി സംവിധാനങ്ങളും കര്‍ശനമായ മേഖലകളില്‍ ഗ്രൂപ്പ് സാന്നിധ്യം ശക്തമാക്കുമ്പോള്‍, ചൗഹാന്റെ പരിചയസമ്പത്ത് തുണയാകുമെന്നാണ് കണക്കുകൂട്ടല്‍. എങ്കിലും 30-ലധികം ബിസിനസുകളും 10 ലക്ഷത്തിലേറെ ജീവനക്കാരുമുള്ള കൂറ്റന്‍ കോര്‍പ്പറേറ്റ് ശൃംഖലയെ നയിക്കുകയെന്ന വലിയ ഉത്തരവാദിത്തമാകും അദ്ദേഹത്തെ കാത്തിരിക്കുന്നത്.

ഗ്രൂപ്പില്‍ നിന്നുള്ള കരുത്തര്‍

1988 മുതല്‍ ടാറ്റാ സ്റ്റീലിന്റെ ഭാഗമായ ടി.വി നരേന്ദ്രനാണ് സ്ഥാനപനത്തിനകത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ടാറ്റാ സ്റ്റീലിനെ നയിക്കുന്ന അദ്ദേഹം, ആഗോള കമ്മോഡിറ്റി പ്രതിസന്ധികളെയും യൂറോപ്യന്‍ പ്രവര്‍ത്തനങ്ങളിലെ വെല്ലുവിളികളെയും വിജയകരമായി മറികടന്നിട്ടുണ്ട്. സി.ഐ.ഐ അധ്യക്ഷനായും വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്‍ തലവനായും പ്രവര്‍ത്തിച്ചിട്ടുള്ള നരേന്ദ്രന്‍, നോയല്‍ ടാറ്റ പതിവായി ഉപദേശം തേടുന്ന രണ്ടു സി.ഇ.ഒമാരില്‍ ഒരാളാണ്.

അതേസമയം, ധനകാര്യ മേഖലയില്‍ നിന്നുള്ള കരുത്തുറ്റ ഓപ്ഷനാണ് ഗ്രൂപ്പ് സി.എഫ്.ഒ സൗരഭ് അഗര്‍വാള്‍. 2017-ല്‍ ടാറ്റാ സണ്‍സില്‍ ചേര്‍ന്ന അദ്ദേഹത്തിന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് രംഗത്ത് 25 വര്‍ഷത്തിലേറെ പരിചയമുണ്ട്. ടാറ്റാ കാപിറ്റല്‍, ബിഗ് ബാസ്‌ക്കറ്റ് തുടങ്ങി നിരവധി കമ്പനികളുടെ ബോര്‍ഡുകളില്‍ നിര്‍ണായക പദവി വഹിക്കുന്ന അഗര്‍വാള്‍, വന്‍കിട മൂലധന നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറെ അനുയോജ്യനാണ്.

മുന്നില്‍ വലിയ വെല്ലുവിളികള്‍

എയര്‍ ഇന്ത്യയുടെ വിപുലീകരണം, സെമികണ്ടക്ടര്‍ നിര്‍മ്മാണം, ഇലക്ട്രിക് വാഹനങ്ങള്‍, ഡിജിറ്റല്‍ മേഖല എന്നിവയിലായി വന്‍ നിക്ഷേപം നടക്കുന്ന സമയത്താണ് ഗ്രൂപ്പില്‍ നേതൃമാറ്റം വരുന്നത്. ടി.സി.എസ് അഭിമുഖീകരിക്കുന്ന സാങ്കേതിക മാറ്റങ്ങള്‍, എയര്‍ ഇന്ത്യയുടെ പുനരുദ്ധാരണം, ടാറ്റാ ഡിജിറ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പുതിയ അധ്യക്ഷന് മുന്നിലെ പ്രധാന വെല്ലുവിളികളാകും.

നരേന്ദ്രന് തനിമയാര്‍ന്ന ടാറ്റയിലെ പ്രവര്‍ത്തന പരിചയം മുതല്‍കൂട്ടാകുമ്പോള്‍, സൗരഭ് അഗര്‍വാളിന്റെ സാമ്പത്തിക തന്ത്രങ്ങള്‍ ആകും കരുത്ത് . എന്നാല്‍ സാങ്കേതികവിദ്യയും ധനകാര്യ വിപണി പരിചയവും ഒത്തിണങ്ങിയ ആശിഷ് ചൗഹാന്‍ മത്സരരംഗത്തെ അപ്രതീക്ഷിത സാന്നിധ്യമായി മാറുകയാണ്. വരും മാസങ്ങളില്‍ തെരഞ്ഞെടുപ്പ് സമിതി അന്തിമ പ്രഖ്യാപനത്തിലേക്ക് കടക്കും.

Tata Sons narrows down search for N Chandrasekaran's successor to three key leaders including NSE chief Ashish Chauhan.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com