ടാറ്റാ സണ്‍സും ഓഹരി വിപണിയിലേക്ക്; പ്രതീക്ഷിക്കാം വമ്പന്‍ ഐ.പി.ഒ

റിസര്‍വ് ബാങ്കിന്റെ പുതിയ പട്ടികയില്‍ ഇടംപിടിച്ചതിനാല്‍ ഐ.പി.ഒ നിര്‍ബന്ധമായും നടത്തണം
Ratan Tata and N Chandrasekharan
Image : Ratan Tata and N. Chandrasekharan (Dhanam files)
Published on

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സണ്‍സും (Tata Sons) ഓഹരി വിപണിയിലേക്ക്. ടാറ്റാ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന (IPO) 2025 സെപ്റ്റംബറിനകം പ്രതീക്ഷിക്കാം. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് കളമൊരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

നിലവില്‍ 11 ലക്ഷം കോടി രൂപയാണ് ടാറ്റാ സണ്‍സിന് വിലയിരുത്തുന്ന വിപണിമൂല്യം. ഇതില്‍ 5 ശതമാനം ഓഹരി ഐ.പി.ഒയിലൂടെ വിറ്റഴിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ അത് 55,000 കോടി രൂപ വരും. 2022ല്‍ എല്‍.ഐ.സി കുറിച്ച 21,000 കോടി രൂപയുടെ ഐ.പി.ഒയാണ് നിലവിലെ റെക്കോഡ്. 2021ലെ പേടിഎമ്മിന്റെ 18,300 കോടി രൂപയുടെ റെക്കോഡായിരുന്നു എല്‍.ഐ.സി പഴങ്കഥയാക്കിയത്.

എന്തുകൊണ്ട് ടാറ്റാ സണ്‍സ് ഐ.പി.ഒ?

എന്‍.ബി.എഫ്.സികളെ അവയുടെ ആസ്തിമൂല്യം, പ്രവര്‍ത്തനം, അപകടസാദ്ധ്യത (റിസ്‌ക്) തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ബേസ് ലെയര്‍, മിഡില്‍ ലെയര്‍, അപ്പര്‍ ലെയര്‍, ടോപ് ലെയര്‍ എന്നിങ്ങനെ റിസര്‍വ് ബാങ്ക് തരംതിരിച്ചിട്ടുണ്ട്.

ഇതില്‍ കഴിഞ്ഞദിവസം പുറത്തുവിട്ട എന്‍.ബി.എഫ്.സി അപ്പര്‍ ലെയറില്‍ ടാറ്റാ സണ്‍സിനെയും റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്പര്‍ ലെയറില്‍ പെടുന്ന കമ്പനികള്‍ കുറഞ്ഞത് അടുത്ത 5 വര്‍ഷത്തേക്ക് കര്‍ശന പ്രവര്‍ത്തന മാനദണ്ഡങ്ങളും സാമ്പത്തിക അച്ചടക്കവും പാലിക്കണം. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തിനകം ഐ.പി.ഒയും നടത്തണം. ഇതാണ്, ടാറ്റാ സണ്‍സിന്റെ ഐ.പി.ഒയ്ക്കും വഴിയൊരുക്കുന്നത്.

ടാറ്റയ്ക്ക് താത്പര്യമില്ല!

ടാറ്റാ സണ്‍സിന് പ്രത്യേകിച്ച് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ചെയര്‍മാന്‍ എമരിറ്റസ് രത്തന്‍ ടാറ്റ എന്നിവര്‍ക്ക് ടാറ്റാ സണ്‍സിനെ ഓഹരി വിപണിയിലെത്തിക്കാന്‍ താത്പര്യമില്ലെന്നാണ് സൂചനകള്‍.

2022 സെപ്റ്റംബറില്‍ എന്‍.ബി.എഫ്.സി അപ്പര്‍ ലെയര്‍ പട്ടിക റിസര്‍വ് ബാങ്ക് പുറത്തിറക്കിയപ്പോള്‍ ടാറ്റാ സണ്‍സ് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, പുതിയ പട്ടികയില്‍ ടാറ്റാ സണ്‍സിനെയും റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തി.

കമ്പനിയുടെ പ്രവര്‍ത്തനഘടന പുനഃക്രമീകരിച്ച് അപ്പര്‍ ലെയറില്‍ നിന്ന് പുറത്തുകടക്കാനും അതുവഴി ഐ.പി.ഒ ഒഴിവാക്കാനും ടാറ്റാ സണ്‍സ് ശ്രമിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

ടാറ്റാ സണ്‍സിന് പുറമെ ഉപസ്ഥാപനമായ ടാറ്റാ കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസും പുതിയ എന്‍.ബി.എഫ്.സി അപ്പര്‍ ലെയറിലുണ്ട്. ഈ കമ്പനിയെ ടാറ്റാ കാപ്പിറ്റലില്‍ ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റാ സണ്‍സ്.

ടി.എം.എഫ് ബിസിനസ് സര്‍വീസസും (പഴയ ടാറ്റാ മോട്ടോഴ്‌സ് ഫിനാന്‍സ് ലിമിറ്റഡ്) പുതിയ പട്ടികയില്‍ ഉള്‍പ്പെടേണ്ടതായിരുന്നു. എന്നാല്‍, കമ്പനിയുടെ പുനഃസംഘടന നടക്കുന്നതിനാല്‍ ഒഴിവാക്കി.

15 കമ്പനികള്‍, പട്ടികയില്‍ മുത്തൂറ്റ് ഫിനാന്‍സും

റിസര്‍വ് ബാങ്ക് പുറത്തുവിട്ട 15 കമ്പനികള്‍ ഉള്‍പ്പെട്ട പുതിയ എന്‍.ബി.എഫ്.സി അപ്പര്‍ ലെയര്‍ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് ഫിനാന്‍സുമുണ്ട്.

എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ്, ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, പിരാമല്‍ കാപ്പിറ്റല്‍, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ്, പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ്, എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍, ആദിത്യ ബിര്‍ള ഫിനാന്‍സ്, ബജാജ് ഹൗസിംഗ് ഫിനാന്‍സ് എന്നിവയുമാണ് പട്ടികയിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com