ടാറ്റ ​ഗ്രൂപ്പ് അധികാരപ്പോര്: നോയൽ ടാറ്റയുടെ ബോർഡ് പടിയിറക്കം, നവംബർ 26ലേക്ക് കണ്ണുകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

70 വയസ്സ് പൂർത്തിയാകുന്നതോടെ നോയൽ ടാറ്റ, 6 ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ നിന്ന് പടിയിറങ്ങുന്നു; അതേസമയം ചന്ദ്രശേഖരന്റെ പുനർനിയമനവും ടാറ്റ സൺസ് ലിസ്റ്റിങ്ങും സംബന്ധിച്ച തർക്കം നവംബർ 26-ലെ ബോർഡ് യോഗം അതിനിർണയാകമാക്കുന്നു
Tata Sons Board Room Fights Implications on Group Companies
എൻ ചന്ദ്രശേഖരൻ, നോയൽ ടാറ്റImage Source: Tata Group Websites
Published on: 

70 വയസ്സ് പൂർത്തിയായതോടെ ടാറ്റ ഗ്രൂപ്പിന്റെ റിട്ടയർമെന്റ് അഥവാ വിരമിക്കൽ നയപ്രകാരം നോയൽ ടാറ്റ ആറ് കമ്പനികളുടെ ബോർഡുകളിൽ നിന്നും പദവിയൊഴിഞ്ഞു. ട്രെന്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ, ടാറ്റ ഇന്റർനാഷണൽ എന്നിവയുടെ ചെയർമാൻ പദവിയും ടാറ്റ സ്റ്റീൽ, ടൈറ്റൻ എന്നിവയിലെ നോൺ-എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പദവികളും ഇതിൽ ഉൾപ്പെടുന്നു.

ട്രെന്റിലും ടാറ്റ ഇൻവെസ്റ്റ്മെന്റിലും ബഹ്റാം വക്കീൽ പുതിയ ചെയർമാനാകും. വോൾട്ടാസിൽ സുനിൽ ഡിസൂസയും ടാറ്റ ഇന്റർനാഷണലിൽ ടി.വി. നരേന്ദ്രനും ചുമതലയേൽക്കും. ടാറ്റ ഇൻവെസ്റ്റ്മെന്റ്, വോൾട്ടാസ് തുടങ്ങിയവയിൽ നോയൽ ടാറ്റ, ചെയർമാൻ എമിരിറ്റസ് ആകും. നരേന്ദ്രന് ടാറ്റ സ്റ്റീലിലും ഡിസൂസയ്ക്ക് ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സിലും നിലവിൽ ചുമതലയുണ്ട്. ഈ മാറ്റങ്ങൾ നേരത്തേ തീരുമാനിച്ചതാണെന്നും ടാറ്റ ട്രസ്റ്റുകളും ടാറ്റ സൺസും തമ്മിലുള്ള ഭിന്നതയുമായി ബന്ധമില്ലെന്നുമാണ് ഗ്രൂപ്പിന്റെ വിശദീകരണം.

നിയമമോ, ഗ്രൂപ്പ് കീഴ്‍വഴക്കമോ?

ചെയർപേഴ്സനെ ഹോൾഡിങ് കമ്പനി അംഗീകരിക്കണമെന്ന് കമ്പനീസ് ആക്ട്-2013-ൽ പറയുന്നില്ല. ഡയറക്ടർമാരിൽ നിന്ന് ചെയർപേഴ്സനെ ബോർഡാണ് തിരഞ്ഞെടുക്കുന്നത്, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന് വിധേയമായി. ആർട്ടിക്കിളുകൾ ഇത് സംവരണ വിഷയമാക്കിയാലേ ടാറ്റ സൺസിന്റെ അനുമതി നിയമപരമായി നിർബന്ധമാകൂ എന്ന് വിദഗ്ധർ. നാല് കമ്പനികളുടെയും ആർട്ടിക്കിളുകൾ പരിശോധിക്കുംവരെ ഇത് ഗ്രൂപ്പ് കീഴ്‌വഴക്കം മാത്രമാണ്.

ടാറ്റ ഇന്റർനാഷണൽ, ടാറ്റ സൺസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള (100%) ഉപകമ്പനിയായതിനാൽ അവിടെ ഗ്രൂപ്പിന്റെ നേരിട്ടുള്ള നിയന്ത്രണവും സ്വാധീനവും ശക്തമായിരിക്കും. എന്നാൽ, ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരും പൊതുഓഹരി ഉടമകളുമുള്ള ലിസ്റ്റഡ് കമ്പനികളിൽ ഈ ഇടപെടലുകൾക്ക് നിയമപരമായ പരിമിതികളുണ്ട്.

ട്രസ്റ്റുകളുടെ കൈവശമുള്ള അധികാരം

ടാറ്റ ​ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പ്രൊമോട്ടറായ ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 66% ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. എന്നാൽ ഈ ഓഹരി ഉടമസ്ഥാവകാശത്തിനപ്പുറം കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലും ട്രസ്റ്റുകൾക്ക് പ്രത്യേക അവകാശങ്ങളുണ്ട്.

ആർട്ടിക്കിൾ 104-B പ്രകാരം ബോർഡിന്റെ മൂന്നിലൊന്ന് ഡയറക്ടർമാരെ നാമനിർദേശം ചെയ്യാം. ആർട്ടിക്കിൾ 118 ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക സമിതിയെ കുറിച്ചും ആർട്ടിക്കിൾ 121 പ്രധാന ബോർഡ് തീരുമാനങ്ങളിൽ ട്രസ്റ്റ് നോമിനികളുടെ അനുകൂല വോട്ടിനെക്കുറിച്ചും വ്യവസ്ഥ ചെയ്യുന്നു.

എന്നാൽ ഈ അധികാരങ്ങൾ ടാറ്റ സൺസിന്റെ ബോർഡിനാണ് ബാധകം. ഓരോ ഉപകമ്പനിയുടെയും ചെയർമാനെ നേരിട്ട് നിയമിക്കാനുള്ള അധികാരം ടാറ്റ ട്രസ്റ്റുകൾക്ക് ഇതിലൂടെ ലഭിക്കുന്നില്ലെന്നതും ശ്രദ്ധേയം.

ആർട്ടിക്കിൾ 121: അധികാര തർക്കത്തിന്റെ കേന്ദ്രബിന്ദു

എൻ. ചന്ദ്രശേഖരന് അഞ്ചു വർഷത്തേക്ക് കൂടി (മൂന്നാം തവണ) ചെയർമാൻ പദവി നീട്ടിനൽകിയ ടാറ്റ സൺസ് ബോർഡ് തീരുമാനമാണ് നിലവിൽ ടാറ്റ ഗ്രൂപ്പിലെ അധികാരത്തർക്കങ്ങളുടെ കേന്ദ്രബിന്ദു. ഇക്കഴിഞ്ഞ സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ 4–1 എന്ന വോട്ടിങ് നിലയിലാണ് ഈ പ്രമേയം പാസാക്കപ്പെട്ടത്. നോയൽ ടാറ്റ ഈ നീക്കത്തെ എതിർത്തപ്പോൾ, മറ്റൊരു ട്രസ്റ്റ് നോമിനിയായ വേണു ശ്രീനിവാസൻ അനുകൂലമായി വോട്ട് ചെയ്തു.

ഈ തീരുമാനത്തിന് പിന്നാലെയാണ് കമ്പനിയുടെ 'ആർട്ടിക്കിൾ 121' സംബന്ധിച്ച നിയമപോരാട്ടങ്ങൾ ചൂടുപിടിച്ചത്. ട്രസ്റ്റ് നോമിനികളുടെ ആവശ്യമായ ഭൂരിപക്ഷ പിന്തുണ ഈ പ്രമേയത്തിന് ലഭിച്ചിട്ടില്ലെന്നും അതിനാൽ തീരുമാനം അസാധുവാണെന്നുമാണ് ട്രസ്റ്റുകളുടെ വാദം. എന്നാൽ ബോർഡ് പാസാക്കിയ പ്രമേയം പൂർണമായും നിയമപരവും സാധുവുമാണെന്ന നിലപാടിലാണ് ടാറ്റ സൺസ് പക്ഷം. ഈ കോർപ്പറേറ്റ് തർക്കത്തിൽ ഇതുവരെ അന്തിമമവും നിയമപരവുമായ തീർപ്പ് കണ്ടെത്തിയിട്ടില്ല.

നവംബർ 26: നിർണായക ബോർഡ് യോഗം?

റിസർവ് ബാങ്ക് (RBI) സെപ്റ്റംബർ 11-ന് ടാറ്റ സൺസിന്റെ എൻബിഎഫ്സി രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷ നിരസിച്ചതോടെ, കമ്പനിക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാകാത്തതായി മാറുന്നു. അപ്പർ ലെയർ എൻബിഎഫ്സി (Upper Layer NBFC) എന്ന നിലയിലുള്ള കമ്പനിയുടെ ലിസ്റ്റിങ് നീക്കത്തെ ടാറ്റ ട്രസ്റ്റുകൾ ശക്തമായി എതിർക്കുമ്പോൾ, ലിസ്റ്റിങ് നടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ടാറ്റ സൺസ് ബോർഡിന്റെ തീരുമാനം. ഇതോടെ നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റുകളും ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ടാറ്റ സൺസും തമ്മിലുള്ള ഭിന്നത കൂടുതൽ സങ്കീർണമായിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിൽ നവംബർ 26-ന് ചേരുമെന്ന് റിപ്പോർട്ടുകളുള്ള ടാറ്റ സൺസ് ബോർഡ് യോഗം കോർപ്പറേറ്റ് ലോകത്ത് അതീവ നിർണായകമാണ്. ഉയർന്ന പദവികളിലെ നിയമനങ്ങൾ സംബന്ധിച്ച് വിശദീകരണം തേടുകയോ ഭാവിയിലെ പ്രവർത്തനങ്ങൾക്കായി ഏകീകൃത നടപടിക്രമം കൊണ്ടുവരുകയോ ചെയ്തേക്കാം. എങ്കിലും, ഗ്രൂപ്പിന്റെ കീഴിലുള്ള ഓരോ ഉപകമ്പനിയുടെയും തലപ്പത്തെ നിയമനങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ, അതത് കമ്പനികളുടെ ഡയറക്ടർ ബോർഡുകളുടെയും ഓഹരി ഉടമകളുടെയും പ്രത്യേക അനുമതികളും നടപടിക്രമങ്ങളും ആവശ്യമായി വരും.

നിക്ഷേപകർ ഇനി ശ്രദ്ധിക്കേണ്ടത്

ട്രെന്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ മുൻനിര ടാറ്റ ​ഗ്രൂപ്പ് കമ്പനികളുടെ 'ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ' (AoA) വ്യവസ്ഥകൾ, സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങുകൾ, ഒപ്പം ഏറെ നിർണായകമായ നവംബർ 26-ലെ ടാറ്റ സൺസ് ഡയറക്ടർ ബോർഡ് തീരുമാനങ്ങൾ എന്നിവയാണ് ഇനി നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കേണ്ട പ്രധാന ഘടകങ്ങൾ.

കാരണം, ഇത് കേവലം കമ്പനികളുടെ തലപ്പത്തെ ഏതാനും വ്യക്തിപരമായ മാറ്റങ്ങൾ മാത്രമല്ല. മറിച്ച്, ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ അതികായരായ ടാറ്റ ഗ്രൂപ്പിൽ ഉടമസ്ഥാവകാശവും (Ownership) ഭരണനിർവഹണവും (Governance) തമ്മിലുള്ള അതിരുകൾ എവിടെയാണെന്ന് നിർണയിക്കുന്ന ചരിത്രപരമായ ഒരു നിയമപോരാട്ടം കൂടിയാണിത്. അതിന്റെ അലയൊലികൾ ടാറ്റ സാമ്രാജ്യത്തിന് പുറത്തേക്കും വ്യാപിച്ചേക്കാം.

Noel Tata’s retirement from six Tata Group company boards coincides with an unresolved governance dispute between Tata Trusts and Tata Sons over leadership, board powers and the holding company’s proposed listing.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```