ടാറ്റ സ്റ്റീലുമായി 7 കമ്പനികളുടെ ലയനം ഈ വര്‍ഷം
അടുത്തിയിടെ ഏറ്റെടുത്ത നീലാചല്‍ ഇസ്പാറ്റ് നിഗം ലിമിറ്റഡിനെ ഇപ്പോള്‍ ലയിപ്പിക്കില്ല. പ്രതിവര്‍ഷം 10,000-13,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ടാറ്റ സ്റ്റീലിന്റെ പദ്ധതി
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ടാറ്റ സ്റ്റീലിലേക്ക് ഏഴ് ഉപകമ്പനികളെ ലയിപ്പിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചത്. 2023-24 സാമ്പത്തിക വര്‍ഷം തന്നെ ലയനം പൂര്‍ത്തിയാക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. അങ്കുല്‍ എനര്‍ജി, ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്‌സ്, ദി ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ മെറ്റാലിക്‌സ്, ടിആര്‍ഫ്, ഇന്ത്യന്‍ സ്റ്റീല്‍& വയര്‍ പ്രോഡക്ട്‌സ്, ടാറ്റ സ്റ്റീല്‍ മൈനിംഗ്, എസ്&ടി മൈനിംഗ് എന്നിവയാണ് ടാറ്റ സ്റ്റീലില്‍ ലയിക്കുന്ന സ്ഥാപനങ്ങള്‍.
അതേ സമയം അടുത്തയിടെ ഏറ്റെടുത്ത നീലാചല്‍ ഇസ്പാറ്റ് നിഗം ലിമിറ്റഡിനെ (എന്‍ഐഎന്‍എല്‍) ഇപ്പോള്‍ ലയിപ്പിക്കില്ല. മൂന്ന് വര്‍ഷത്തേക്ക് കമ്പനിയെ സ്വതന്ത്ര സ്ഥാപനമായി നിലനിര്‍ത്തണമെന്ന വ്യവസ്ഥയുണ്ട്. 12,100 കോടി രൂപയ്ക്കാണ് എന്‍ഐഎന്‍എല്ലിനെ ടാറ്റ ഏറ്റെടുത്തത്. ഏഴ് സ്ഥാപനങ്ങളുടെ ലയനം പൂര്‍ത്തിയാക്കിയ ശേഷമാവും മറ്റ് ഉപകമ്പനികളെ ലയിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
ഉൽപ്പാദനം ഉയർത്തും
പ്രതിവര്‍ഷം 10,000-13,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ടാറ്റ സ്റ്റീലിന്റെ പദ്ധതി. 20230ഓടെ ഇന്ത്യയിലെ സ്റ്റീല്‍ ഉല്‍പ്പാദനം ടാറ്റ 40 മില്യണ്‍ ടണ്ണായി ഉയര്‍ത്തും. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 2223.84 കോടി രൂപയായിരുന്നു ടാറ്റ സ്റ്റീലിന്റെ അറ്റ നഷ്ടം. നിലവില്‍ 109.15 രൂപയാണ് ടാറ്റ സ്റ്റീല്‍ ഓഹരികളുടെ വില.