ആപ്പിള്‍ ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റയും

ആപ്പിളിന്റെ ഐഫോണ്‍ ഉത്പാദനത്തില്‍ ഒരു വിഹിതം നേടാന്‍ ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പായ ടാറ്റ സണ്‍സ്. തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണിന്റെ ബാംഗളൂര്‍ ഫാക്ടറി 5,000 കോടി രൂപയ്ക്ക് ടാറ്റ സണ്‍സ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡീല്‍ നടപ്പിലായാല്‍ ഈ വര്‍ഷം അവസാനത്തോടെ ഐ ഫോണ്‍ 15 ന്റെ ഉത്പാദനം ടാറ്റയുടെ കമ്പനിയില്‍ ആരംഭിക്കും. ആപ്പിള്‍ ഉത്പന്നം നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ സണ്‍സ് ഇതോടെ മാറും.

വിവിധ പദ്ധതികള്‍
ആപ്പിള്‍ സ്റ്റോറുകളുടെ ഉദ്ഘാടനത്തിന് ഇന്ത്യയിലെത്തിയ ആപ്പിള്‍ സി.ഇ.ഒ ടിം കുക്കുമായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ കൂടികാഴ്ച നടത്തിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വില്‍ക്കാനുമുള്ള ടാറ്റ സണ്‍സിന്റെ പദ്ധതികള്‍ അദ്ദേഹവുമായി സംസാരിച്ചതായാണ് സൂചന.
ഇതുകൂടാതെ തമിഴ്‌നാട്ടിലെ ഹൊസൂറില്‍ ടാറ്റ ഇലക്ട്രോണിക്‌സ് ഫാക്ടറി തുടങ്ങാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. അടുത്ത ജൂണോടെ ഈ ഫാക്ടറിയില്‍ നിന്നും ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങും.
ഈ രണ്ട് സംരംഭങ്ങളിലൂടെ ഐഫോണുകളുടെ സംയോജനം മാത്രമല്ല ഇലക്ട്രോണിക് ശൃംഖലയായ ടാറ്റ ക്രോമ വഴി രാജ്യത്തെമ്പാടുമായി 100 എക്‌സ്‌ക്ലൂസീവ് ആപ്പിള്‍ ഔട്ട്‌ലറ്റുകള്‍ തുടങ്ങാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

രാജ്യത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനും ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള വിവരങ്ങള്‍.

വിസ്‌ട്രോണ്‍ തുടരും

ബാംഗളൂരിലെ 44 ഏക്കറിലുള്ള വിസ്‌ട്രോണിന്റെ ഫാക്ടറിയില്‍ എട്ട് അംസംബ്ലിംഗ് വിഭാഗങ്ങളുണ്ട്. നിലവില്‍ ഐഫോണ്‍ 14, ഐഫോണ്‍ 12 മോഡലുകള്‍ ഇവിടെയാണ് ഉത്പാദിപ്പിക്കുന്നത്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് തായ്‌വാന്‍ ഐഫോണ്‍ നിര്‍മാണ കമ്പനികളില്‍ ഒന്നാണ് വിസ്‌ട്രോണ്‍. ഫോകോസ്‌കോണ്‍, പെഗാട്രോണ്‍ എന്നിവയാണ് മറ്റ് കമ്പനികള്‍. ടാറ്റയുടെ ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ ഐഫോണിന്റെ സര്‍വീസ് പ്രൊവൈഡറായി വിസ്‌ട്രോണ്‍ തുടരും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it