ഈ 4 സ്റ്റാര്‍ട്ടപ്പുകള്‍ ഇനി ടാറ്റ ഡിജിറ്റലിന് കീഴില്‍, എന്‍ബിഎഫ്‌സികളും ലയിപ്പിക്കും

ടാറ്റ ഇന്‍ഡസ്ട്രീസിന് (Tata Industries) കീഴിലുള്ള ടാറ്റ ക്ലിക്ക്, ടാറ്റ ക്ലിക്ക് ലക്ഷ്വറി, ടാറ്റ ക്ലിക്ക് പാലറ്റ്, ടാറ്റ ഹെല്‍ത്ത് എന്നിവയെ ടാറ്റ ഡിജിറ്റലിന് കീഴില്‍ ലയിപ്പിക്കും. ടാറ്റ ഡിജിറ്റലിന് കീഴില്‍ ഇ-കൊമേഴ്‌സ് ബിസിനസുകള്‍ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. ഒക്ടോബര്‍ മാസം ലയന നടപടികള്‍ പൂര്‍ത്തിയാവും എന്നാണ് റിപ്പോര്‍ട്ട്. ടാറ്റ ഹെല്‍ത്തിനെ ഡിജിറ്റലിന് കീഴിലുള്ള 1എംജിയുടെ ഭാഗമാക്കും.

2021 നവംബറില്‍ ടാറ്റ ഇന്‍ഡസ്ട്രീസിന് കീഴിലുണ്ടായിരുന്ന ടാറ്റസ്മാര്‍ട്ട്ഫുഡ്‌സിനെ ടാറ്റ കണ്‍സ്യൂമേഴ്‌സ് പ്രോഡക്ട്‌സും (Tata Consumers Products) ടാറ്റ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സിനെ ടാറ്റയുടെ എയ്‌റോസ്‌പേസ് വിഭാഗവും ഏറ്റെടുത്തിരുന്നു. ഇന്‍സ്‌പേറ ലൈഫ് സയന്‍സ്, ഫ്‌ലിസം സോളാര്‍ മൊഡ്യൂള്‍സ്, ടാറ്റ ഐക്യൂ, ടാറ്റ സ്ട്രാറ്റജിക് മാനേജ്‌മെന്റ് ഗ്രൂപ്പ്, ടാറ്റ ക്ലാസ് എഡ്ജ് തുടങ്ങിയവയാണ് ടാറ്റ ഇന്‍ഡസ്ട്രീസിന് കീഴില്‍ ഇന്‍ക്യൂബേറ്റ് ചെയ്യുന്ന മറ്റ് പ്രധാന കമ്പനികള്‍. ഭാവിയില്‍ ഇവയെയും മറ്റ് കമ്പനികളുമായി ലയിപ്പിച്ചേക്കും.

ടാറ്റ മോട്ടോഴ്‌സിന്റെ (Tata Motors) ഉപകമ്പനിയായ ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സ് ഹോള്‍ഡിംഗ്‌സിന് കീഴിലുള്ള എന്‍ബിഎഫ്‌സികളെയും ഒരുകുടക്കീഴിലാക്കും. ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സ് സൊല്യൂഷന്‍സ് ലിമിറ്റഡ് (TMFSL), ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സ് ലിമിറ്റഡ് (TMFL) എന്നീ കമ്പനികളെയാണ് ലയിപ്പിക്കുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ എണ്ണം 29ല്‍ നിന്ന് 15 ആയി കുറയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിപണിയില്‍ ശക്തമായി മത്സരിക്കാന്‍ ശേഷിയുള്ള വലിയ കമ്പനികളിലേക്ക് നിക്ഷേപം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നിലവില്‍ 10 മേഖലകളിലായി ലിസ്റ്റഡ് കമ്പനികള്‍ കൂടാതെ ലിസ്റ്റ് ചെയ്യാത്ത 60 കമ്പനികളും നൂറോളം ഉപകമ്പനികളും ടാറ്റയ്ക്ക് കീഴിലുണ്ട്. ടാറ്റയ്ക്ക് കീഴിലുള്ള 7 സ്റ്റീല്‍ കമ്പനികളെ ടാറ്റ സ്റ്റീലുമായി ലയിപ്പിച്ചത് കഴിഞ്ഞ ആഴ്ചയാണ്. നേരത്തെ ടാറ്റ പ്രഖ്യാപിച്ച മറ്റൊരു ലയനമാണ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്- ടാറ്റ കോഫിയുടേത്. 2018ല്‍ ടാറ്റ ഏയ്റോസ്പേസ് & ഡിഫന്‍സിന് കീഴില്‍ മേഖലയിലെ ബിസിനസുകള്‍ ടാറ്റ ഏകീകരിച്ചിരുന്നു. 2024ല്‍ എയര്‍ഏഷ്യ, വിസ്താര എന്നിവയെ എയര്‍ ഇന്ത്യയിലേക്ക് ലയിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it