

സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ ആഭ്യന്തര അധികാര സന്തുലിതാവസ്ഥ മാറ്റാൻ ട്രസ്റ്റി ഡാരിയസ് ഖംബട്ട ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സഹ-ട്രസ്റ്റികളായ വേണു ശ്രീനിവാസനും വിജയ് സിംഗും രംഗത്ത്. 2025 നവംബറിൽ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിലേക്ക് പൊതുസമ്മതമില്ലാതെ രണ്ട് പുതിയ ട്രസ്റ്റികളെ ഉൾപ്പെടുത്തുന്നതിനായി വേണു ശ്രീനിവാസനെ താൽക്കാലികമായി പുറത്താക്കാൻ ഖംബട്ട പദ്ധതിയിട്ടതായും ഇരുവരും ആരോപിക്കുന്നു. 2025 ജൂലൈയിൽ ചന്ദ്രശേഖരന് അഞ്ച് വർഷത്തെ കാലാവധി നൽകാൻ ഐക്യകണ്ഠമായി ശുപാർശ ചെയ്തിരുന്നെങ്കിലും, ട്രസ്റ്റിലെ മാറ്റങ്ങൾക്ക് ശേഷം 2026 ഫെബ്രുവരിയിൽ അത് നീട്ടിവെക്കുകയും ഏഴ് മാസത്തോളം നേതൃത്വത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തതായി ഇരുവരും ഖംബട്ടയ്‌ക്കെതിരെ അയച്ച കത്തില്‍ ആരോപിക്കുന്നതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാറ്റ സൺസിന്റെ (Tata Sons) ഓഹരി വിപണി ലിസ്റ്റിംഗും ഗ്രൂപ്പിന്റെ ഭരണപരമായ സ്ഥിരതയും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി.
ടാറ്റ സൺസിന്റെ പബ്ലിക് ലിസ്റ്റിംഗിനെ എതിർക്കുന്നതിന് പിന്നിൽ ടാറ്റ മാതൃക സംരക്ഷിക്കാനാണോ അതോ കമ്പനിയുടെ നിയന്ത്രണം നിലനിർത്താനാണോ എന്നും ഇരുവരും ചോദ്യം ചെയ്യുന്നു. വിജയ് സിംഗിന്റെ ഡയറക്ടർ കാലാവധി നീട്ടാതിരുന്നതും ലിസ്റ്റിംഗിനെ എതിർക്കാനുള്ള വോട്ടിംഗ് ഭൂരിപക്ഷം ഉറപ്പാക്കാനായിരുന്നു എന്നും അവർ ആരോപിച്ചു.
അതേസമയം, ചന്ദ്രശേഖരന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട ബോർഡ് തീരുമാനങ്ങളെ വിമർശിച്ച ഡാരിയസ് ഖംബട്ട, ടാറ്റ സൺസ് ലിസ്റ്റ് ചെയ്യുന്നത് കമ്പനിയെ ഹ്രസ്വകാല വിപണി സമ്മർദ്ദങ്ങൾക്ക് ഇരയാക്കുമെന്നും ടാറ്റ മാതൃകയെ ദുർബലപ്പെടുത്തുമെന്നും വാദിച്ചു. സ്വതന്ത്ര നിലപാട് കാത്തുസൂക്ഷിക്കുന്നതിനായി ട്രസ്റ്റുകളിൽ വീണ്ടും പുനർനിയമനം തേടില്ലെന്നും ഖംബട്ട വ്യക്തമാക്കിയിട്ടുണ്ട്.
വൈസ് ചെയർമാൻമാരായ വേണു ശ്രീനിവാസനും വിജയ് സിംഗും ട്രസ്റ്റി ഡാരിയസ് ഖംബട്ടയ്‌ക്കെതിരെ നവംബർ 11-ന് അയച്ച അഞ്ച് പേജുള്ള കത്തില്‍, ട്രസ്റ്റുകളുടെ നിലവിലെ നേതൃത്വം അധികാരം നിലനിർത്താൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണുള്ളത്. ഇതിന്റെ പ്രധാന പ്രത്യാഘാതങ്ങൾ താഴെ പറയുന്നവയാണ്:
നിയമപരമായ സമ്മർദ്ദം: റിസർവ് ബാങ്ക് (RBI) ചട്ടങ്ങൾ പ്രകാരം ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് വേണു ശ്രീനിവാസനും വിജയ് സിംഗും വാദിക്കുന്നു. എന്നാൽ, ലിസ്റ്റിംഗ് 'ടാറ്റ മോഡലിനെ' തകർക്കുമെന്നാണ് നോയൽ ടാറ്റയും ഖംബട്ടയും ഉൾപ്പെടുന്ന വിഭാഗത്തിന്റെ നിലപാട്.
തീരുമാനമെടുക്കുന്നതിലെ കാലതാമസം: പ്രധാന ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റ്സിലെ (66% ഓഹരികൾ) ഭിന്നത, ആർബിഐ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ നിയമപരവും ഭരണപരവുമായ തടസങ്ങൾ സൃഷ്ടിക്കും.
വിശ്വാസ്യതയ്ക്ക് മങ്ങൽ: സുതാര്യതയ്ക്കും മൂല്യങ്ങൾക്കും പേരുകേട്ട ടാറ്റ ഗ്രൂപ്പിനുള്ളിലെ ചേരിപ്പോരും, ട്രസ്റ്റികളെ പുറത്താക്കാൻ ഗൂഢാലോചന നടന്നുവെന്നതടക്കമുള്ള ആരോപണങ്ങളും ഗ്രൂപ്പിന്റെ കോർപ്പറേറ്റ് പ്രതിച്ഛായയെ ബാധിക്കുന്നു.
വിപണിയിലെ ചലനങ്ങൾ: ഗ്രൂപ്പിന്റെ തലപ്പത്തുണ്ടാകുന്ന ഇത്തരം അനിശ്ചിതത്വങ്ങൾ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിപണി മൂല്യത്തെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
സർക്കാർ ഇടപെടലിനുള്ള സാധ്യത: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള ഒരു വലിയ ബിസിനസ് ഗ്രൂപ്പിലെ ആഭ്യന്തര കലഹം നിയന്ത്രണാതീതമാകുന്നത് തടയാൻ കേന്ദ്ര സർക്കാരിന്റെയും റെഗുലേറ്ററി ഏജൻസികളുടെയും ഭാഗത്തുനിന്ന് കൂടുതൽ ഇടപെടലുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine