സബ്‌സിഡി ലഭിക്കുന്നില്ല, ഈ ഫാക്ടറി ടാറ്റ പൂട്ടിയേക്കും

ടാറ്റ സ്റ്റീലിന്റെ (Tata Steel) യുകെയിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. യുകെ സര്‍ക്കാരില്‍ നിന്ന് സബ്‌സിഡി ലഭിക്കാത്തതാണ് കാരണം. ഹരിത സ്റ്റീല്‍ പ്ലാന്റിനായി 1.5 ബില്യണ്‍ പൗണ്ടിന്റെ സബ്‌സിഡി കരാറിനായി രണ്ട് വര്‍ഷമായി ടാറ്റ ശ്രമിക്കുകയാണ്.

സൗത്ത് വെയില്‍സിലുള്ള ടാറ്റയുടെ യൂണീറ്റ് രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാണ കേന്ദ്രമാണ്. ഏകദേശം 8000 ജീവനക്കാരാണ് ടാറ്റ സ്റ്റീല്‍സിന് യുകെയില്‍ ഉള്ളത്. നിലവില്‍ സര്‍ക്കാരുമായി ഡീകാര്‍ബണൈസേഷന്‍ പ്ലാനുകളെക്കുറിച്ചുള്ള ചര്‍ച്ചയിലാണെന്നും അടുത്ത വര്‍ഷമെങ്കിലും ധാരണയിലെത്തണമെന്നും ദി ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ടാറ്റ ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായമില്ലാതെ ഹരിത സ്റ്റീല്‍ പ്ലാന്റിലേക്ക് മാറാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡീകാര്‍ബണൈസേഷന്‍ പദ്ധതികളുടെ ഭാഗമായി നിലവിലുള്ളവ മാറ്റി രണ്ട് ഇലക്ട്രിക് ആര്‍ക് ഫര്‍ണസുകള്‍ സ്ഥാപിക്കാനാണ് ടാറ്റയുടെ പദ്ധതി. ഇലക്ട്രിക് യൂണീറ്റ് ഇപ്പോഴുള്ള ബ്ലാസ്റ്റ് ഫര്‍ണസുകളെക്കാള്‍ കാര്‍ബണ്‍ നിര്‍ഗമനം കുറഞ്ഞവയാണ്. പഴയവ ഡീകമ്മീഷന്‍ ചെയ്ത് പുതിയവ തുടങ്ങുന്നതിന് ഏകദേശം 3 ബില്യണ്‍ പൗണ്ടാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യുകെയിലേത് കൂടാതെ നെതര്‍ലാന്‍ഡ്‌സിലും ടാറ്റ സ്റ്റീല്‍ നിര്‍മിക്കുന്നുണ്ട്. 2050 ഓടെ നെറ്റ് -സീറോ കാര്‍ബണ്‍ നിര്‍ഗമനം ആണ് കമ്പനി ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it