ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വില്‍ക്കുന്നില്ലെന്ന് ടാറ്റ

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വില്‍ക്കുന്നില്ലെന്ന് ടാറ്റ
Published on

വാഹന വിപണിയിലെ പ്രതിസന്ധി മാറാതെ നില്‍ക്കുന്നതിനിടെ, നഷ്ടം നികത്താന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡിനെ ടാറ്റ വില്‍ക്കുമെന്ന പ്രചാരണങ്ങള്‍ തള്ളി ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍. അതേസമയം, ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരെ പങ്കാളികളാക്കുമെന്ന് അദ്ദേഹം വെളിപ്പടുത്തി. നിലവില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിലെ പ്രതിസന്ധി ടാറ്റ മോട്ടോര്‍സിന്റെ പ്രതിച്ഛായയെയും ബാധിക്കുന്നുണ്ട്.

ടാറ്റ മോട്ടോര്‍സില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ജര്‍മ്മന്‍ കമ്പനിയായ ബിഎംഡബ്ല്യു വാങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ കമ്പനിയെ വില്‍ക്കാന്‍ ടാറ്റ ഒരുക്കമല്ലെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി വരവില്‍ക്കവിഞ്ഞ ചെലവിലാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മുന്നോട്ടു പോകുന്നത്. എന്തായാലും 2021 ഓടെ ചിത്രം മാറുമെന്ന പ്രതീക്ഷ ടാറ്റ സണ്‍സ് ചെയര്‍മാന്‍ പങ്കുവെച്ചു.

അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡില്‍ നിന്നും 2008 -ലാണ്  ടാറ്റ മോട്ടോര്‍സ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സ്വന്തമാക്കുന്നത്. അന്ന് നഷ്ടത്തിലായിരുന്നു ഈ ബ്രിട്ടീഷ് കാര്‍ കമ്പനി. എന്നാല്‍ ടാറ്റയുടെ തന്ത്രങ്ങള്‍ ഫലമുളവാക്കി. റഷ്യയിലും ചൈനയിലുമുള്‍പ്പെടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ വന്‍തോതില്‍ വിറ്റുപോയി. പക്ഷേ ചൈനീസ് വിപണിയിലെ മാന്ദ്യവും ബ്രെക്സിറ്റിലെ അനിശ്ചിതത്വവും പിന്നീട് അപ്രതീക്ഷിത തിരിച്ചടിയായി.

പോയവര്‍ഷം ചൈനീസ് വിപണിയില്‍ മാത്രം അന്‍പതു ശതമാനം ഇടിവാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നേരിട്ടത്. സാമ്പത്തിക മാന്ദ്യത്തിന് പുറമെ ഡീലര്‍ തലത്തില്‍ ഉയര്‍ന്ന പ്രശ്നങ്ങളും വാഹനങ്ങളുടെ നിലവാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും വിനയായി.ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മ്മിക്കുന്ന ബ്രിട്ടനിലെ ഫാക്ടറികള്‍  നവംബറില്‍ ഒരാഴ്ച പൂര്‍ണമായി അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. 3.2 ബില്യണ്‍ ഡോളറിന്റെ നഷ്ടം നികത്താനായി വലിയ തോതില്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുകയാണ് ഇപ്പോള്‍ ജ്വാഗര്‍ ലാന്‍ഡ് റോവര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com