കേന്ദ്ര സര്‍ക്കാരിനെ മറികടന്ന് ടാറ്റാ സണ്‍സ് ഏറ്റവും വലിയ പ്രൊമോട്ടര്‍

2020 അവസാനത്തോടെ ടാറ്റാ സണ്‍സിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂല്യത്തെ മറികടന്നു15.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഡിസംബര്‍ അവസാനം പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം 15.3 ലക്ഷം കോടി രൂപയായിരുന്നു.

രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് കേന്ദ്രത്തിന് ഏറ്റവും വലിയ പ്രൊമോട്ടര്‍ എന്ന പദവി നഷ്ടപ്പെടുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ വിപണി മൂലധനം കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ഈ കുതിപ്പ്.

ടാറ്റാ ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളിലെ ടാറ്റാ സണ്‍സിന്റെ ഓഹരി മൂല്യം വാര്‍ഷിക അടിസ്ഥാനത്തില്‍ 34.4 ശതമാനം ഉയര്‍ന്ന് 9.28 ലക്ഷം കോടി രൂപയായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ കേന്ദ്രത്തിന്റെ ഓഹരി 2020 ഡിസംബര്‍ അവസാനത്തോടെ 9.24 ലക്ഷം കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.7 ശതമാനം കുറവാണ് ഇത്.

2019ല്‍ ടാറ്റാ ഗ്രൂപ്പിന്റെ വിപണി മൂല്യം 11.6 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, ലിസ്റ്റുചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂല്യം 2019ല്‍ 18.6 ലക്ഷം കോടി രൂപയായിരുന്നു.

അതായത് 2019 അവസാനത്തോടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഗവണ്‍മെന്റിന്റെ ഓഹരി മൂല്യം ടാറ്റാ സണ്‍സിന്റെ ഗ്രൂപ്പ് കമ്പനികളിലെ ഓഹരി പങ്കാളിത്തത്തേക്കാള്‍ 67 ശതമാനം ഉയര്‍ന്നതായിരുന്നു. 2015 മാര്‍ച്ചില്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി മൂല്യം ടാറ്റാ സണ്‍സിന്റെ കമ്പനികളേക്കാള്‍ രണ്ടര ഇരട്ടിയായിരുന്നു.

കഴിഞ്ഞ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളുടെ വിലയില്‍ വര്‍ധനവ് ഉണ്ടായില്ല. പൊതുമേഖല സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ ഓഹരി വിഹിതം കുറച്ചതും കോവിഡ് 19 മൂലം എണ്ണ, ഗ്യാസ് കമ്പനികളുടെ വരുമാനത്തില്‍ ഉണ്ടായ കുറവും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുമേഖലാ ബാങ്കുകളില്‍ ഉയരുന്ന നിഷ്‌ക്രിയ ആസ്തിയാണ് മറ്റൊരു കാരണം. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പുതിയ ഉയരങ്ങളിലെത്തിയെങ്കിലും പൊതുമേഖലാ കമ്പനികളുടെ ഓഹരികളില്‍ 48 ശതമാനം വരെ വിലയിടിവ് കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടായി.

പൊതുമേഖലയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോള്‍ ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരികള്‍ 27 ശതമാനത്തിനും 48 ശതമാനത്തിനും ഇടയില്‍ വിലയിടിവ് രേഖപ്പെടുത്തി.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it