ബേക്കറി ബിസിനസിന് എട്ടിന്റെ പണി; പലതരം പലഹാരങ്ങള്‍ക്കും 18 ശതമാനം ജിഎസ്ടി

പഴംപൊരി തിന്നാന്‍ കൊതിമൂത്ത് ബേക്കറിയില്‍ കയറിയാല്‍ വില കേട്ട് ഇറങ്ങി ഓടേണ്ടി വരുമോ? ബേക്കറി പലഹാരങ്ങള്‍ക്കും വറ ഉപ്പേരി തുടങ്ങിയ പലഹാരങ്ങള്‍ക്കും ജിഎസ്ടി നിരക്ക് വര്‍ധനവാക്കിയെന്നറിഞ്ഞ് ജനങ്ങളുടെ സോഷ്യല്‍മീഡിയ പ്രതികരണത്തിലൊന്ന് ഇങ്ങനെ. വഴിയോരക്കടക്കാര്‍ക്കും ലൈവ് ആയി വറുത്തുകോരി ലൂസ് ആയി പലഹാരം വില്‍പ്പന നടത്തുന്നവര്‍ക്കും 5 ശതമാനം മാത്രം ജിഎസ്ടി നല്‍കേണ്ടിവരുമ്പോള്‍ ചിപ്‌സ് ഐറ്റം പോലം ചക്ക, കപ്പ തുടങ്ങിയ എല്ലാ പലഹാരങ്ങള്‍ക്കും പായ്ക്കറ്റില്‍ വില്‍ക്കാന്‍ 12 ശതമാനം ജിഎസ്ടി നല്‍കണം.

ബ്രാന്‍ഡിന്റെ പേരില്ലാതെ തൂക്കിക്കൊടുക്കുന്നതിന് 5% മാത്രം. സാധാരണ കവറെങ്കിലും പേരെഴുതിയ സ്റ്റിക്കറുകളുള്ളതാണെങ്കില്‍ 12% ജിഎസ്ടി. ഈ നിരക്ക് മാറ്റം പലഇടങ്ങളിലും അറിഞ്ഞിട്ടില്ല. എന്നാല്‍ ഇതറിയാതെ 5% നിരക്കില്‍ ഉപ്പേരി വിറ്റവര്‍ക്കെല്ലാം കടയുടെ വിറ്റുവരവ് അനുസരിച്ച് അധിക നികുതി കണക്കാക്കി നോട്ടിസ് അയയ്ക്കുകയാണ്. അരി, ഗോതമ്പ് പൊടി തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്. 5% ആണ് ലൂസ് ആയി ഇവ വില്‍ക്കുമ്പോള്‍ എങ്കിലും പായ്ക്കറ്റാക്കി വിറ്റാല്‍ ജിഎസ്ടി പിടിമുറിക്കും.
പായ്ക്കറ്റുകളില്‍ വില്‍ക്കുന്നവയില്‍ ഇത് ബ്രാന്‍ഡ് ഉല്‍പന്നമല്ല എന്ന 'ഡിസ്‌ക്ലെയ്മര്‍' വച്ചാല്‍ ജിഎസ്ടി ഇളവുണ്ടാകും. ബേക്കറി പലഹാരങ്ങളായ പഫ്‌സും കട്‌ലെറ്റും മാത്രമല്ല, നാടന്‍ പലഹാരങ്ങള്‍ക്കെല്ലാം 18% നിരക്ക് ഉണ്ടെന്നതാണ് മറ്റൊന്ന്. എന്നാല്‍ ഉണ്ണിയപ്പത്തിന് 5% ആണ് ജിഎസ്ടി. വര്‍ഷം 1.5 കോടിയിലേറെ വിറ്റുവരവുള്ള ബേക്കറിക്കാര്‍ക്കാണ് 18% നികുതി ഈടാക്കുക.
അതായത് ഇത്തരക്കാര്‍ 10 രൂപയുടെ വട വിക്കാന്‍ 11 രൂപ 80 പൈസ- 12 രൂപ വാങ്ങണം. 1.80 രൂപ നികുതി. എന്നാല്‍ ഇത്തരത്തില്‍ നികുതി വര്‍ധിപ്പിച്ചാല്‍ ഉപഭോക്താക്കളെ നഷ്ടമാകുമെന്ന പേടിയില്‍ വില 8 രൂപയിലേക്ക് വാഴ്ത്തി ജിഎസ്ടി ചേര്‍ത്ത് 10 രൂപയ്ക്ക് വില്‍ക്കേണ്ടി വരും പലര്‍ക്കും.
ബ്രാന്‍ഡഡ് ഐസ്‌ക്രീമിനും 18% നികുതി ബാധകം, എന്നാല്‍ ബേക്കറിയില്‍ ഉണ്ടാക്കി കൊടുക്കുന്ന ഐസ്‌ക്രീമിന് 5%. പക്ഷേ ഐസ്‌ക്രീം പാര്‍ലറിലാണു വില്‍പനയെങ്കില്‍ 18%. റസ്റ്ററന്റില്‍ വില്‍ക്കുന്ന ഏതു ഭക്ഷണത്തിനും 5% നിരക്കാകയാല്‍ അവിടെ ഏത് ഐസ്‌ക്രീം വിറ്റാലും 5% മാത്രം. എന്നാല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ കഴിയില്ല.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it