Begin typing your search above and press return to search.
ഈ കേരള കമ്പനി തിരിച്ചു വരവിന്റെ പാതയില്‍, ഓഹരി വില ഒരു മാസത്തില്‍ 9.6% ഉയര്‍ന്നു
കെമിക്കല്‍ ബിസിനസിന്റെ തകര്‍ച്ചയെ തുടര്‍ന്ന് സൗരോര്‍ജ ബിസിനസുകളിലേക്കും കടന്ന ടി.സി.എം ലിമിറ്റഡ് ഇപ്പോള്‍ പുനര്‍ജീവനത്തിന്റെ പാതയിലാണ്. 2017 ലാണ് ടി.സി.എം സോളാര്‍ എന്ന ഉപകമ്പനിക്ക് രൂപം കൊടുക്കുന്നത്. ഇപ്പോള്‍ സൗരോര്‍ജ രംഗത്ത് മികച്ച മുന്നേറ്റമാണ് കമ്പനി നടത്തുന്നത്. 2023 ല്‍ ഇതുവരെ 7.27 കോടി രൂപയുടെ സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കാനുള്ള കരാറുകള്‍ ലഭിച്ചു കഴിഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യൂ ആന്‍ഡ് റിന്യൂവെബിള്‍ എനര്‍ജി റിസര്‍ച്ച് & ടെക്‌നോളജി)നടപ്പാക്കുന്ന പദ്ധതികള്‍ക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്. വൈദ്യുത ഗ്രിഡിനെ ബന്ധിപ്പിക്കുന്ന 6 സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കാനുള്ള കരാറുകള്‍ കടുത്ത മത്സരം ഉള്ള ടെന്‍ഡറില്‍ പങ്കെടുത്താണ് ടി സി എം കരസ്ഥമാക്കിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്
30 മുതല്‍ 200 കിലോ വാട്ട് വരെ ഉള്ള സൗരോര്‍ജ പദ്ധതികളാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ്, കണ്ണാശുപത്രി, സർക്കാർ ആയുര്‍വേദ കോളേജ്, ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ , ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക്ക് ഓഫീസ്, അക്കൗണ്ടന്റ് ജനറല്‍ (എ ജി) ഓഫീസ്, കൊച്ചി ജി.സി.ഡി.എ, ഷൊര്‍ണൂരില്‍ കൊഗ്‌നിറ്റീവ് സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലാണ് സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നത്.
സി.വി രാമന്‍ സ്ഥാപിച്ച കമ്പനി
നോബല്‍ പുരസ്‌കാര ജേതാവും പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ സി.വി രാമനും ഡോ. പി കൃഷ്ണമൂര്‍ത്തിയും ചേര്‍ന്ന് 1943 ല്‍ കൊച്ചിയില്‍ ആരംഭിച്ച ട്രാവന്‍കൂര്‍ കെമിക്കല്‍ മാനുഫാക്ച്ചറിംഗ് കമ്പനിയാണ് പിന്നീട് ടി സി എം ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്തത്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും രാസവസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.
ഒന്നര പതിറ്റാണ്ട് മുന്‍പ് രാസവസ്തുക്കളുടെ ക്ഷാമം, ഇറക്കുമതിയില്‍ നിന്നുള്ള മത്സരം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നി കാരണങ്ങള്‍ കൊണ്ട് കെമിക്കല്‍ ബിസിനസ് ഉപേക്ഷിക്കേണ്ടി വന്നു. 2006 ല്‍ ഇലഞ്ഞിക്കല്‍ ഗ്രൂപ് സാരഥികളായ ജോസഫ് വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ ടി.സി.എം കമ്പനി ഏറ്റെടുത്തു. കോടതി വ്യവഹാരങ്ങളും മറ്റു പ്രശ്‌നങ്ങളും നേരിടേണ്ടി വന്ന പുതിയ പ്രൊമോട്ടര്‍മാര്‍ക്ക് 2017 ലാണ് പുതിയ ബിസിനസുകളിലേക്ക് കടക്കാന്‍ സാധിച്ചത്. ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയാണ് ടി.സി.എം(BSE: TCMLMTD 524156).
വിവിധ സംസ്ഥാനങ്ങളില്‍ ആസ്തികള്‍
കേരളത്തില്‍ കുണ്ടറ, കളമശേരി, തമിഴ്‌നാട്ടില്‍ തൂത്തുക്കുടി, മേട്ടൂര്‍, കര്‍ണാടകത്തില്‍ ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ കമ്പനിക്ക് ഭൂമിയും കെട്ടിടങ്ങളും ഉണ്ട്. ഈ ആസ്ഥികളെ കൂടി കമ്പനിയുടെ ധന സമ്പാദനത്തിന് ഉപയോഗിക്കാന്‍ കമ്പനി ശ്രമിക്കുകയാണ്. കളമശേരിയിലെ സ്ഥലം ഗോദ്‌റെജ് പ്രോപ്പര്‍ട്ടിസ് കമ്പനിയുമായി പങ്കാളിത്ത വ്യവസ്ഥയില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതിക്ക് ഉപയോപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല.
കാലിത്തീറ്റ നിര്‍മാണം
2023 ഫെബ്രുവരിയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പി.ഡി.ഡി.പി സൊസൈറ്റിയുടെ കാലടിയില്‍ ഉള്ള കാലിത്തീറ്റ ഉത്പാദന കേന്ദ്രം 45 ദിവസത്തേക്ക് പാട്ടത്തിന് എടുത്ത് കാലിത്തീറ്റ ഉത്പാദനം ആരംഭിച്ചു. ജി.എം.എഫ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കാലിത്തീറ്റ നിര്‍മിക്കുന്ന ഏക സ്ഥാപനമാണ് പി.ഡി.ഡി.പി. ഏപ്രില്‍ മുതല്‍ 11 മാസത്തേക്ക് പാട്ട കരാര്‍ പുതുക്കിയിട്ടുണ്ട്. പി.ഡി.ഡി.പി ബ്രാന്‍ഡായ പീപ്പിള്‍സ് ഹാപ്പി ഫീഡ്‌സ് എന്ന ബ്രാന്‍ഡിലാണ് ഉത്പന്നം വില്‍ക്കുന്നത്. ശുദ്ധമായ അരി തവിട്, എണ്ണമയമുള്ള കേക്ക് (deoiled cake), ചോളം എന്നിവ ഉപയോഗിച്ചാണ് കാലിത്തീറ്റ നിര്‍മിക്കുന്നത്.
മെഡിക്കല്‍, വിദ്യാഭ്യാസം
കോവിഡ് നിര്‍ണയിക്കാനുള്ള ഉപകരണം, കൈ ഉറകള്‍, രക്ത സമ്മര്‍ദ്ദം അളക്കാനുള്ള മോണിറ്റര്‍ എന്നിവയുടെ നിര്‍മാണം 2020 ല്‍ ആരംഭിച്ചു. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയായ ഐ സ്പാര്‍ക് ലേണിംഗ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ ആറു വര്‍ഷമായി കമ്പനിയെ പുനര്‍ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയുടെ പുതിയ പ്രൊമോട്ടര്‍മാര്‍. അതിന്റെ ഭാഗമായി പുതിയ ബിസിനസുകള്‍ ആരംഭിച്ചത് കമ്പനിക്ക് ഗുണകരമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Next Story
Videos