ടി.സി.എസിന്റെ ലാഭം 16.83% ഉയര്‍ന്നു, വരുമാനം 59,380 കോടി

നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ലാഭം 16.83% ഉയര്‍ത്തി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്). 11,074 കോടി രൂപയാണ് ടി.സി.എസിന്റെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 9,478 കോടി രൂപയായിരുന്നു. അതേ സമയം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ് അറ്റാദായത്തിലെ വളര്‍ച്ച.

കമ്പനിയുടെ ഏകീകൃത പ്രവര്‍ത്ത വരുമാനം 12.55% വര്‍ധിച്ച് 59,381 കോടി രൂപയായി. മുന്‍പാദത്തിലെ 59,162 കോടി രൂപയില്‍ നിന്ന് നേരിയ വര്‍ധന മാത്രമാണ് ഉണ്ടായത്.
മികച്ച ഓര്‍ഡറുകൾ
10.2 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറുകളാണ് കമ്പനി മൂന്നാം പാദത്തില്‍ നേടിയത്. ടി.സി.എസിന്റെ യു.കെ വിപണി 16.1% വളര്‍ച്ച നേടി. നോര്‍ത്ത് അമേരിക്ക(4.6%), കോണ്ടിനെന്റല്‍ യൂറോപ്പ് (3.4%), മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക (15.2%), ഇന്ത്യ (14%), ലാറ്റിന്‍ അമേരിക്ക (13.5%), ഏഷ്യ പസഫിക് (4.7%) എന്നിവയാണ് മറ്റ് മുഖ്യ വിപണികള്‍.
ലൈഫ് സയന്‍സ് & ഹെല്‍ത്ത് കെയര്‍ (10.1%), മാനുഫാക്ടറിംഗ് (9.4%), ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (3%) എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ നേടിയ വളര്‍ച്ച. ആഗോള സാമ്പത്തിക അനിശ്ചിതത്വത്തെ തുടര്‍ന്ന് ഉപയോക്താക്കള്‍ ചെലവുകുറയ്ക്കല്‍ തുടരുന്നതായി കമ്പനി സൂചിപ്പിച്ചു.
ലാഭ വിഹിതം
2023 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം 6.15 ലക്ഷമായി ഉയര്‍ന്നു. 523 ജീവനക്കാരെയാണ് പുതുതായി നിയമിച്ചത്. ജീവനക്കാരുടെ ശമ്പളത്തിലും ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധന വരുത്തിയിട്ടുണ്ട്.
ഒരു രൂപ വിലയുള്ള ഓഹരിക്ക് 9 രൂപ വീതം ഡിവിഡന്റിനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഓഗസ്റ്റ് 7 നു മുന്‍പായി ലാഭവിഹിതം വിതതരണം പൂര്‍ത്തിയാക്കും. ജൂലൈ 20 ആണ് റെക്കോഡ് തീയതി.

പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ന് ടി.സി.എസ് ഓഹരിയില്‍ മുന്നേറ്റമുണ്ടായി. 3.12% ഉയര്‍ന്ന് 3,361 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്.

Related Articles
Next Story
Videos
Share it