ഐ.ടിക്കാര്‍ക്ക് എ.ഐ ചെക്, 12,000 പേരെ പിരിച്ചു വിടാന്‍ ടാറ്റ കമ്പനി, അര നൂറ്റാണ്ടിനിടയില്‍ കാണാത്ത തൊഴില്‍ ഭീഷണി, മറ്റ് കമ്പനികളിലും ആശങ്കയുടെ നിഴല്‍

രണ്ട് ശതമാനം ജീവനക്കാരെയാണ് ഈ വര്‍ഷം ഒഴിവാക്കുക
Image courtesy: canva/tcs
Image courtesy: canva/tcs
Published on

ഐ.ടി സേവനമേഖലയിലെ വമ്പനായ ടി.സി.എസ് ഈ വര്‍ഷം രണ്ട് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. നിര്‍മിത ബുദ്ധി വ്യാപകമാകുന്നത് ഐ.ടി സേവനങ്ങള്‍ക്ക് ആവശ്യം കുറയ്ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.സി.എസിന്റെ നീക്കം. ഇന്ത്യയിലും വിദേശത്തുമായി 12,000ത്തിലധികം പേരെയാണ് കമ്പനി ഒഴിവാക്കുന്നത്. കമ്പനിയുടെ 50 വര്‍ഷ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. മൊത്തം ആറ് ലക്ഷത്തിലധികം പേരാണ് ടി.സി.എസില്‍ തൊഴിലെടുക്കുന്നത്.

മിഡില്‍, സീനിയര്‍ തലത്തിലുള്ള 12,261 ജീവനക്കാരെ പുരിച്ചുവിടുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സേവന കയറ്റുമതിക്കാരായ ടി.സി.എസ് വ്യക്തമാക്കുന്നത്. ജൂണ്‍ 30 വരെയുള്ള വിവരങ്ങളനുസരിച്ച് മൊത്തം 6,13,069 ജീവനക്കാരാണ് ടി.സി.എസിനുള്ളത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5,000 ജീവനക്കാരെ കമ്പനി നിയമിച്ചിരുന്നു.

കമ്പനിയെ ഫ്യൂച്ചര്‍ റെഡി സ്ഥാപനമാക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളെ കുറക്കുന്നത്. എ.ഐയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും വിപണി വിപുലീകരണത്തിനുമാണ് ടി.സി.എസ് ശ്രമിക്കുന്നതെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, തൊഴില്‍ വെട്ടിക്കുറയ്ക്കലിന് പിന്നില്‍ നിര്‍മിത ബുദ്ധിയല്ല എന്നാണ് ടി.സി.എസ് സി.ഇ.ഒ കൃതിവാസന്‍ പറയുന്നത്.

കമ്പനിക്ക് ആവശ്യമായ പുതിയ കഴിവുകള്‍ നിലവിലുള്ള ചില ജീവനക്കാര്‍ക്ക് ഇല്ലാത്തതിനാലാണ് പിരിച്ചുവിടുന്നത്.. കമ്പനിയുടെ ബിസിനസ് മോഡല്‍ മാറുമ്പോള്‍ ആ ജീവനക്കാര്‍ക്ക് കമ്പനയില്‍ പുതിയ റോളുകളോ ജോലികളോ കണ്ടെത്താന്‍ കഴിയുന്നില്ല എന്നുമാണ് അദ്ദേഹം ലൈവ് മിന്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

ടി.സി.എസ് അടുത്തിടെ എംപ്ലോയി ബഞ്ച് പോളിസിയില്‍ മാറ്റം വരുത്തിയതിനെതിരെ ജീവനക്കാര്‍ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് പുതിയ തീരുമാനം പുറത്തു വന്നിരിക്കുന്നത്. പ്രത്യേക ക്ലയന്റ് പ്രോജക്ടിലല്ലാത്ത ജീവനക്കാര്‍ കുറഞ്ഞത് 225 ദിവസം ബില്ലബ്ള്‍ ഡേയ്‌സ് നിലനിര്‍ത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ടി.സി.എസിലെ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് താരതമ്യേന ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ 13.3 ശതമാനമായിരുന്നത് ജൂണില്‍ 13.8 ശതമാനമായി. ഉയര്‍ന്ന തലത്തിലുള്ള ജീവനക്കാരെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ന് ടി.സി.എസ് ഓഹരികള്‍ 1.69 ശതമാനം വരെ ഇടിവ്‌ രേഖപ്പെടുത്തി. മറ്റ് ഐ.ടി കമ്പനി ഓഹരികളും ഇടിവിലാണ്. ഇന്‍ഫോസിസ്, വിപ്രോ എന്നിവ ഒരു ശതമാനത്തിനു മേല്‍ ഇടിഞ്ഞു. ഇതോടെ നിഫ്റ്റി ഐ.ടി സൂചിക 1.6 ശതമാനത്തോളം താഴ്ന്നു.

കൂടുതല്‍ പിരിച്ചു വിടലുകള്‍ക്ക് സാധ്യത

മിക്ക ഐ.ടി കമ്പനികളും ജൂണ്‍ പാദത്തില്‍ മോശം പാദഫലങ്ങള്‍ പുറത്തുവിടുന്നത് ഈ രംഗത്ത് കൂടുതല്‍ പിരിച്ചുവിടലുകളുണ്ടായേക്കാമെന്ന വിലയിരുത്തലുകള്‍ക്ക് ഇടയാക്കുന്നുണ്ട്.

ഐ.ടി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) കടന്നു വരവ് വ്യാപകമായ തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നുണ്ട്.

വിപ്രോ, എച്ച്.സി.എല്‍ ടെക് എന്നിവയും ജീവനക്കാരെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കന്‍ ടെക് കമ്പനിയായ ഇന്റെല്‍ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com