ടെക് മഹീന്ദ്ര; അറ്റാദായത്തില്‍ 16.3 ശതമാനത്തിന്റെ ഇടിവ്

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (FY23 Q1 ) ടെക് മഹീന്ദ്രയുടെ അറ്റാദായത്തില്‍ (Net Profit) 16.3 ശതമാനത്തിന്റെ ഇടിവ്. 1,131.6 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 24.8 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

അതേ സമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം 24.6 ശതമാനം ഉയര്‍ന്ന് 12,708 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭം 9.2 ശതമാനം ഇടിഞ്ഞ് 1,403.4 കോടി രൂപയായി. ടെക്ക് മഹീന്ദ്രയുടെ ആകെ വരുമാനത്തിന്റെ 49.6 ശതമാനവും യുഎസില്‍ നിന്നാണ്. യുറോപില്‍ നിന്നുള്ള വിഹിതം 27.2ല്‍ നിന്ന് 25.5 ശതമാനം ആയി കുറഞ്ഞു.

ജീവനക്കാരുടെയും സബ് കോണ്‍ട്രാക്‌റ്റേഴ്‌സിന്റെയും ചെലവ് ഉയര്‍ന്നതാണ് ലാഭം ഇടിയാന്‍ കാരണം. 6,862 ജീവനക്കാരെയാണ് ഇക്കാലയളവില്‍ കമ്പനി നിയമിച്ചത്. ആകെ 1.58 ലക്ഷം ജീവനക്കാരാണ് ടെക്ക് മഹീന്ദ്രയ്ക്ക് ഉള്ളത്. പുതിയ സാങ്കേതികവിദ്യകളിന്മേലുള്ള നിക്ഷേപം തുടരുമെന്നും നടപ്പ് സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച നേടുമെന്നും ടെക് മഹീന്ദ്രയുടെ എംഡിയും സിഇഒയുമായ സിപി ഗുര്‍നാനി പറഞ്ഞു. നിലവില്‍ 1.74 ശതമാനം ഇടിഞ്ഞ് ടെക് മഹീന്ദ്രയുടെ ഓഹരി വില 998.10 രൂപയിലെത്തി (11.൦൦ AM)

Related Articles
Next Story
Videos
Share it