'കറന്റ് ഉണ്ടോ?' കേരളത്തിലെവിടെ വൈദ്യുതി മുടങ്ങിയാലും അറിയാം, തൃശൂര്‍ സ്വദേശി വികസിപ്പിച്ച ഡിജിറ്റല്‍ ടെക് ശ്രദ്ധേയമാകുന്നു

കെഎസ്ഇബി ഹെൽപ്പ് ലൈനുകൾ എപ്പോഴും തിരക്കിലായതിനാൽ വിവരങ്ങൾ ലഭിക്കാന്‍ പ്രയാസം. പതിനാല് ജില്ലകൾക്കുമായി പ്ലാറ്റ്ഫോമില്‍ പ്രത്യേകം ചാറ്റ് റൂമുകൾ
Alkesh Das
Image courtesy: Canva
Published on

കേരളത്തിലെ വൈദ്യുതി വിതരണത്തിലുണ്ടാകുന്ന അപ്രതീക്ഷിത തടസങ്ങൾ തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ പങ്കുവെക്കാനുമായി തൃശൂർ സ്വദേശിയായ യുവാവ് വികസിപ്പിച്ച വെബ് പ്ലാറ്റ്‌ഫോം ശ്രദ്ധേയമാകുന്നു. തൃശൂർ ചാമക്കാല സ്വദേശിയായ അൽകേഷ് ദാസ് (27) എന്ന ഐടി പ്രൊഫഷണലാണ് currentundo.com (കറന്റ് ഉണ്ടോ?) എന്ന വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. കേരളത്തിലെ 14 ജില്ലകളിലെയും വൈദ്യുതി മുടക്കം തത്സമയം അറിയാൻ സഹായിക്കുന്ന ഈ പ്ലാറ്റ്‌ഫോം ചുരുങ്ങിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞു.

തുടക്കവും പ്രചോദനവും

വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം വർദ്ധിച്ചതിനെത്തുടർന്ന് ലോഡ് നിയന്ത്രണങ്ങളും മറ്റും വന്ന സാഹചര്യത്തിലാണ് അൽകേഷിന്റെ മനസിൽ ഇത്തരമൊരു ആശയം ഉദിക്കുന്നത്. തന്റെ വീട്ടിൽ കറന്റ് പോയപ്പോൾ അത് ആ ഏരിയയിൽ മുഴുവനുമുണ്ടോ അതോ തന്റെ വീട്ടിൽ മാത്രമാണോ എന്നറിയാൻ ബുദ്ധിമുട്ടിയതാണ് ഇതിലേക്ക് നയിച്ചതെന്ന് അൽകേഷ് ധനം ഓണ്‍ലൈനോട് പറഞ്ഞു. കെഎസ്ഇബി ഹെൽപ്പ് ലൈനുകൾ എപ്പോഴും തിരക്കിലായതിനാൽ വിവരങ്ങൾ ലഭിക്കാനും പ്രയാസമായിരുന്നു. കോഡെക്സ് (Codex), ക്ലോഡ് (Claude) തുടങ്ങിയ എഐ ടൂളുകളുടെ സഹായത്തോടെയാണ് അദ്ദേഹം ഈ സൈറ്റ് പ്രവർത്തനസജ്ജമാക്കിയത്.

പ്രവർത്തന രീതിയും സവിശേഷതകളും

ഇതൊരു ക്രൗഡ് സോഴ്സിംഗ് (Crowdsourcing) പ്ലാറ്റ്‌ഫോമാണ്; അതായത് ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. കറന്റ് പോയ സ്ഥലത്തുള്ളവർക്ക് വെബ്സൈറ്റിൽ കയറി തങ്ങളുടെ പിൻകോഡോ ജിപിഎസ് ലൊക്കേഷനോ നൽകി ഔട്ടേജ് റിപ്പോർട്ട് ചെയ്യാം. വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ ചില സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്:

  • ഒരേ സ്ഥലത്തുനിന്ന് മൂന്ന് വ്യത്യസ്ത ഐപി (IP) അഡ്രസുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ അത് ഔട്ടേജ് ആയി പരിഗണിക്കുകയുള്ളൂ.

  • ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ജിപിഎസ് ലൊക്കേഷൻ 2 കിലോമീറ്റർ റേഡിയസിനുള്ളിൽ മാത്രമാണ് കാണിക്കുന്നത്.

  • തത്സമയ മാപ്പിലൂടെ റെഡ് ബീക്കണുകൾ ഉപയോഗിച്ച് കറന്റ് ഇല്ലാത്ത സ്ഥലങ്ങൾ പെട്ടെന്ന് തിരിച്ചറിയാം.

  • പതിനാല് ജില്ലകൾക്കുമായി പ്രത്യേകം ചാറ്റ് റൂമുകൾ ഒരുക്കിയിട്ടുണ്ട്, അവിടെ ഉപയോക്താക്കൾക്ക് അനോണിമസ് ആയി വിവരങ്ങൾ കൈമാറാം.

പുതിയ മാറ്റങ്ങളും ഭാവി പദ്ധതികളും

കേവലം ഇലക്ട്രിക്കല്‍ ഡ്രോപ്പ് റിപ്പോർട്ടിംഗിന് പുറമെ, ഫ്രിഡ്ജ്, ടിവി തുടങ്ങിയ സ്മാർട്ട് ഉപകരണങ്ങളെ വെബ്സൈറ്റുമായി ബന്ധിപ്പിച്ച് 10 മിനിറ്റിലൊരിക്കൽ ഓട്ടോമാറ്റിക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനവും (API) അൽകേഷ് ഒരുക്കിയിട്ടുണ്ട്. കൂടാതെ, ചാർജ് മോഡ് (Charge MOD) എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച് കേരളത്തിലെ 2000 ത്തോളം ഇവി ചാർജിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ കൂടി ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്.

നിലവിൽ 70,000 ത്തിലധികം ഉപയോക്താക്കളുള്ള ഈ പ്ലാറ്റ്‌ഫോം പൂർണമായും സൗജന്യമാണ്. വരും ദിവസങ്ങളിൽ പുഷ് നോട്ടിഫിക്കേഷൻ സൗകര്യമുള്ള മൊബൈൽ ആപ്ലിക്കേഷൻ കൂടി പുറത്തിറക്കുമെന്ന് ദുബായിൽ ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുന്ന അൽകേഷ് വ്യക്തമാക്കുന്നു. പാലക്കാട് ഗവ. എൻജിനീയറിങ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പഠിച്ചിറങ്ങിയ അൽകേഷ് മുൻപ് വയനാട് ഉരുൾപൊട്ടൽ സമയത്ത് സിഎംഡിആർഎഫ് ഫണ്ട് ട്രാക്കറും (status.cmdrf.in) വികസിപ്പിച്ചിരുന്നു. സാങ്കേതികവിദ്യ എങ്ങനെ സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങൾക്ക് പരിഹാരമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കുകയാണ് ഈ സംരംഭം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com