സ്വന്തം തൊഴിലിനോട് കൂറ് ടെക്കികള്‍ക്കെന്ന് സര്‍വേ

സാങ്കേതിക മേഖലയില്‍ നിന്നുള്ള ജീവനക്കാരാണ് (ടെക്കികള്‍) തൊഴിലിനോട് ഏറ്റവും വിശ്വസ്ഥതയും കൂറും പുലര്‍ത്തുന്നതെന്ന് തൊഴില്‍ പോര്‍ട്ടലായ ഇന്‍ഡീഡിന്റെ (Indeed) സര്‍വേ റിപ്പോര്‍ട്ട്. അവര്‍ സാങ്കേതിക മേഖലയിലെ ജോലി വിട്ട് മറ്റൊരു ജോലിയിലേക്ക് മാറാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

തൊഴില്‍ മാറുന്നവരില്‍ വെറും 38 ശതമാനം ടെക്കികളെ മാത്രമാണ് കാണാനാകുന്നത്. സാങ്കേതിക മേഖലയിലെ ഐ.ഒ.എസ് ഡെവലപ്പര്‍ (12.08%), റിലീസ് എഞ്ചിനീയര്‍ (12.19%), ജാവസ്‌ക്രിപ്റ്റ് ഡെവലപ്പര്‍ (12.23%) എന്നീ തസ്തികകളിലുള്ളവര്‍ മറ്റ് തൊഴില്‍ തേടുന്നത് വളരെ കുറവാണെന്നും ഇന്‍ഡീഡിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ഭക്ഷ്യ മേഖലയും

സാങ്കേതിക മേഖലയ്ക്ക് പുറമേ, ഭക്ഷ്യ വ്യവസായത്തിലും തൊഴിലില്‍ വിശ്വസ്തരായ ആളുകള്‍ ഏറെയുണ്ട്. ഷെഫുകളും പുതിയ തൊഴിലിലേക്ക് മാറുന്നത് കുറവാണ്. പ്രധാനമായും സൂ ഷെഫ്, എക്‌സിക്യൂട്ടീവ് ഷെഫ്, ഹെഡ് ഷെഫ് എന്നിവര്‍ ഈ തസ്തികകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

മറ്റ് മേഖലകള്‍

മാധ്യമങ്ങള്‍, ആരോഗ്യ സംരക്ഷണം, മാനവ വിഭവശേഷി, വാസ്തുവിദ്യ എന്നിവയാണ് ജീവനക്കാര്‍ തൊഴിലിനോട് വിശ്വസ്തത പുലര്‍ത്തുന്ന മറ്റ് മേഖലകള്‍. ആരോഗ്യമേഖലയില്‍ നഴ്സിംഗ് തിരഞ്ഞെടുത്തവരില്‍ 40.58 ശതമാനം പേരും ഈ തൊഴിലില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു. മീഡിയയില്‍ 49.27% പേരും വാസ്തുവിദ്യയില്‍ 49.07% പേരും, മാനവ വിഭവശേഷിയില്‍ 45.93% പേരും ഇതേ തൊഴിലുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്.

ചില തൊഴിലുകളില്‍ പ്രത്യേക അറിവും വൈദഗ്ധ്യവും വികസിപ്പിക്കുന്നതിന് ജീവനക്കാര്‍ ധാരാളം സമയവും പണവും നിക്ഷേപിച്ചിട്ടുള്ളതിനാലാണ് പലരും ഇതേ തൊഴിലില്‍ തുടരുന്നതെന്ന് ഇന്‍ഡീഡ് ഇന്ത്യയിലെ കരിയര്‍ വിദഗ്ധയായ സൗമിത്ര ചന്ദ് പറഞ്ഞു. അതേസമയം കോള്‍ സെന്റര്‍ ടീം ലീഡര്‍മാര്‍, എയര്‍പോര്‍ട്ട് എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ തൊഴില്‍ മാറ്റുന്നതില്‍ മുന്‍പന്തിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it