അംബാനിക്കൊപ്പം ചേര്‍ന്ന് ഇന്ത്യയിലെത്താന്‍ ടെസ്‌ല; ചര്‍ച്ച ടോപ് ഗിയറില്‍

ടെസ്‌ല പ്രതിനിധികള്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും, ജര്‍മനിയില്‍ റൈറ്റ് ഹാന്‍ഡ് വാഹനങ്ങള്‍ നിര്‍മിക്കുന്നു
Tesla Y Model
Published on

രാജ്യത്ത് നിര്‍മാണ കേന്ദ്രം തുടങ്ങാന്‍ പ്രാദേശിക പങ്കാളികളുമായി കൈകോര്‍ക്കാന്‍ ശ്രമവുമായി അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനമെന്നും വാഹന വ്യവസായ രംഗത്തേക്ക് കടക്കാനല്ല റിലയന്‍സ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മറിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുക മാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങള്‍

ഇതിനിടെ ടെസ്‌ല ജര്‍മനിയിലെ പ്ലാന്റില്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങള്‍ കാറുകളുടെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഇതെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ലോകത്തെ മൂന്നാമത്തെ കാര്‍ വിപണിയായ ഇന്ത്യയിലേക്ക് എത്താനുള്ള എല്ലാ നീക്കങ്ങളും ടെസ്‌ല തുടങ്ങിയതായി അനുമാനിക്കാം. അതേസമയം, ഏതു മോഡലാണ് ഇന്ത്യന്‍ വിണിയിലേക്ക് കയറ്റുമതി ചെയ്യുക എന്നത് വ്യക്തമല്ല. ബെര്‍ലിന്‍ ഫാക്ടറിയില്‍ നിലിവില്‍ നിര്‍മിക്കുന്ന 'മോഡല്‍ വൈ'യാകും ഇന്ത്യയിലേക്കെത്തിക്കുക എന്നും സൂചനകളുണ്ട്.

ഫാക്ടറി മഹാരാഷ്ട്രയില്‍?

ഇന്ത്യയിലേക്ക് വരുന്നതിനായി രണ്ട് ബില്യണ്‍ ഡോളറിന്റെ (ഏകദേശം 16,600 കോടി രൂപ) പദ്ധതിയാണ് ടെസ്‌ല വിഭാവനം ചെയ്യുന്നത്. ഫാക്ടറി സ്ഥാപിക്കാനായി തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ പല സ്ഥലങ്ങളും പരിഗണിക്കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്രയ്ക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് അറിയുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി നിര്‍മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിപണിയിലേക്കുള്ള വാഹനങ്ങള്‍ കൂടാതെ കയറ്റുമതിക്കായുള്ള വാഹനങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കാനായിരിക്കും നീക്കം.

ഈ മാസം ടെസ്‌ലയുടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അതിനു ശേഷമാകും പ്ലാന്റ് എവിടെ സ്ഥാപിക്കണമെന്നതില്‍ തീരുമാനമെടുക്കുക. റിലയന്‍സുമായുള്ള ചര്‍ച്ചകള്‍ ഫലവത്തായില്ലെങ്കില്‍ മറ്റ് ആഭ്യന്തര പങ്കാളികളെ പരിഗണിക്കാനും സാധ്യതയുണ്ട്.

മൂന്ന് വര്‍ഷത്തിലധികമായ ശ്രമങ്ങള്‍

ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേന്ദ്ര സര്‍ക്കാരുമായി ടെസ്‌ല ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും രാജ്യത്തെ ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം അത് നടന്നില്ല. എന്നാല്‍ അടുത്തിടെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയിരുന്നു.

അതായത് കുറഞ്ഞത് 500 മില്യണ്‍ ഡോളറെങ്കിലും രാജ്യത്ത് നിക്ഷേപിക്കുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്യുകയാണെങ്കില്‍ നിശ്ചിത എണ്ണം ഇലക്ട്രിക് വാനങ്ങളുടെ ഇറക്കുമതി നികുതി നിരക്ക് കുറയ്ക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഇ.വികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായേക്കും. ടെസ്‌ലയടക്കമുള്ള വിദേശ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഗുണകരമായ തീരുമാനമാണിത്. ഇതനുസരിച്ചാണ് നിര്‍മാണ കേന്ദ്രം തുറക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി ടെസ്‌ല മുന്നോട്ട് പോകുന്നത്. 

2021ലാണ് 100 ശതമാനത്തില്‍ നിന്ന് കുത്തനെ കുറയ്ക്കുകയാണെങ്കില്‍ ഇന്ത്യയിലേക്ക് വരാന്‍ താതപര്യമുണ്ടെന്ന് ടെസ്‌ല ആദ്യം താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ ആവശ്യം കേന്ദ്രം പരിഗണിച്ചിരുന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com