ഇന്ത്യയിലേക്ക് വരാമെന്ന് ടെസ്‌ല; പക്ഷേ, ചില കണ്ടീഷന്‍സുണ്ട്‌

ഇന്ത്യന്‍ വിപണി പ്രവേശത്തിന് ചില നിബന്ധനകള്‍ മുന്നോട്ട് വച്ച് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല. ഇന്ത്യയില്‍ ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതു വരെ രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള തീരുവ 15 ശതമാനമാക്കണമെന്നാണ് പ്രധാന നിബന്ധനയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ( CBU) 40,000 ഡോളറില്‍ താഴെയുള്ള കാറുകള്‍ക്ക് 70 ശതമാനവും 40,000 ഡോളറിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 100 ശതമാനവുമാണ് ഇന്ത്യയിൽ ഇറക്കുമതി തീരുവ.

12,000 വാഹനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഇറക്കുമതി നടത്താന്‍ അനുവദിച്ചാല്‍ 50 കോടി ഡോളര്‍ (4,000 കോടി രൂപ ) നിക്ഷേപിക്കാനാണ് ടെസ്‌ല ഉദ്ദേശിക്കുന്നത്. ഇത് 30,000 വാഹനങ്ങള്‍ക്കാക്കിയാല്‍ ഘട്ടം ഘട്ടമായി നിക്ഷേപം 200 കോടി ഡോളറാക്കി (17,000 കോടി രൂപ) ഉയര്‍ത്താനും പദ്ധതിയുണ്ട്. ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ, വ്യാപാര പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശങ്ങള്‍ വിലയിരുത്തി വരുന്നു.

എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ വില്‍ക്കാനുദ്ദേശിക്കുന്ന മൊത്തം വൈദ്യുത വാഹനങ്ങളുടെ 10 ശതമാനത്തിന് (അതായത് 10,000) ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രണ്ടാം വര്‍ഷം ഇത് 20 ശതമാനം ആക്കി ഉയര്‍ത്തുകയും ചെയ്യും. ചർച്ചകൾക്ക് ശേഷമാകും തീരുമാനം.
2021 മുതൽ ചർച്ചകൾ
തുടക്കത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും ഘട്ടംഘട്ടമായി ഇവിടെ ഉത്പാദനം തുടങ്ങി കയറ്റുമതി ചെയ്യാനുമാണ് ടെസ്‌ല ഉദ്ദേശിക്കുന്നത്. ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലോ അല്ലെങ്കില്‍ മഹാരാഷ്ട്രയിലോ തമിഴ്‌നാട്ടിലോ ആയിരിക്കും ടെസ്‌ല ഫാക്ടറി തുറക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ഇറക്കുമതിത്തീരുവയില്‍ ഇളവു നല്‍കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാലിപ്പോള്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാമെങ്കില്‍ വിദേശ വൈദ്യുത വാഹന നിര്‍മാതാക്കള്‍ക്ക് ഇറക്കുമതിത്തീരുവയില്‍ ഇളവാകാമെന്ന നിലപാടിലേക്ക് സർക്കാർ എത്തിയിട്ടുണ്ട്. 2021 മുതല്‍ ഇന്ത്യന്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ടെസ്‌ലയുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.

വരുന്നത് Y ക്രോസോവര്‍?
ഇന്ത്യയിലേക്ക് ടെസ്‌ല വരവറിയിക്കുക മോഡല്‍ Y ക്രോസ്ഓവറുമായിട്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.
മോഡല്‍ 3 സെഡാന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന ഇത് ടെസ്‌ലയുടെ ഇടത്തരം ക്രോസ് ഓവര്‍ എസ്.യു.വിയാണ്. നിലവില്‍ യു.എസില്‍ 37 ലക്ഷം രൂപയാണ് മോഡല്‍ വൈയുടെ വില. ഇറക്കുമതി തീരുവ 100 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാല്‍ 31 ലക്ഷത്തോളം രൂപ ഇറക്കുമതി ചുങ്കത്തിൽ കുറയ്ക്കാനാകും. മോഡല്‍ Yക്ക് ഇന്ത്യയില്‍ 50 ലക്ഷം രൂപയില്‍ താഴെ വില വരാനാണ് സാധ്യത.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it